ക്യാൻവാസിൽ വിസ്മയം തീർത്ത് ജോയ്സ്; മനോഹരം ഈ ചിത്രങ്ങൾ

joys
ജോയ്സ് സിബി. ചിത്രങ്ങൾ∙ ഗഫൂർ മൂടാടി
SHARE

റിയാദിലെ ഇന്ത്യൻ എംബസി കെട്ടിടത്തിന്റെ ജനാലയിലൂടെ നോക്കിയാൽ കുറേ തുറസായ സ്ഥലങ്ങൾ കാണാം. നിതാഖാതിന്റെ കാലത്ത് ഇന്ത്യയിലേക്ക് തിരികെപ്പോകാനുള്ള ഔട്ട് പാസിനുവേണ്ടി എത്തുന്നവർ രണ്ടിൽ നിന്ന് ‌രണ്ടായിരമായി പിന്നെ ഇരുപതിനായിരമൊക്കെയായി വർധിച്ചുകൊണ്ടേയിരുന്ന ദിവസങ്ങൾ. നയതന്ത്ര ഉദ്യോഗസ്ഥനായ ഭർത്താവ് സിബി ജോർജ് ‌അഭയം  തേടിയെത്തുന്ന പതിനായിരങ്ങൾക്ക് ആശ്വാസം ന‌ൽകുന്ന ‌തിരക്കുകളിലേക്ക്. ജോയ്സ് സിബിയുടെ മനസ്സിലപ്പോൾ ഒരു ചിത്രത്തിനുള്ള ആശയം തെളിഞ്ഞു. അന്നംതേടിയെത്തിയ നാട്ടിൽനിന്ന് ആശയറ്റ് ‌തിരിച്ചുപോകേണ്ടിവരുന്ന പതിനായിരങ്ങളുടെ നൊമ്പരം. അവരിൽ ‌പലരുമുണ്ട്. പോകാനുള്ള ദിശയിലേക്ക് പച്ചവെളിച്ചം കാത്തിരിക്കുന്ന വാഹനങ്ങളെപ്പോലെ.

painting5

ഇ‌ന്ത്യാ ഗേറ്റും കിങ്ഡം ടവറും പശ്ചാത്തലമാക്കി ‌ക്യാൻവാസിൽ അതൊരു വർണച്ചിത്രമായി. ഇന്ത്യയെയും സൗദിയെയും ബന്ധിപ്പിക്കുന്ന ആശയം നിറഞ്ഞൊരു ക്യാൻവാസ്. ഇപ്പോൾ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി ‌പ്രവർത്തിക്കുന്ന സിബി ജോർജിന്റെ പത്നിയാണ് ജോയ്സ് സിബി. ഭർത്താവിനൊപ്പം കഴിയേണ്ടിവന്ന രാജ്യങ്ങളിൽ നിന്ന് ആ രാജ്യത്തെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന എന്തെങ്കിലുമൊരു ആശയത്തിലൂന്നി ചിത്രരചന പതിവാക്കിയ മലയാളി വനിത.

painting3

ഒന്നര വർഷത്തോളമായി കുവൈത്തിലുള്ള അവർ ഇവിടെ വരച്ച ചിത്രങ്ങളിലൊന്ന് നീലക്കടലിലൂടെ ആടിയുലഞ്ഞ് പോകുന്ന പായക്കപ്പലാണ്. കുവൈത്തും ഇന്ത്യയും തമ്മിൽ നൂറ്റാണ്ടുകളായി കപ്പൽയാത്രയുടെ വിളംബരം പോലെ ഒന്ന്. 

ഈജിപ്തിൽ നിന്ന് തുടക്കം

1994ൽ ‌വിവാഹത്തെ തുടർന്നാണ് ഭർത്താവുമൊത്ത് വിദേശവാസം തുടങ്ങുന്നത്. ഈജിപ്തിൽ എത്തിയ അവർ പിരമിഡുമകളുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ ആകൃഷ്ടയായി. സിബി ജോർജിനൊപ്പമുള്ള യുഎസ് വാസത്തിനിടെ രണ്ടരവർഷം അവിടെ ചിത്രകലാ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടിയാണ് ചിത്രരചനയുടെ വിശദാംശങ്ങൾ സ്വായത്തമാക്കിയത്. ഇറാനിലായിരിക്കെ മോഡേൺ ആർട്ട് ഗ്രൂപ്പുമായി ചേർന്ന് ചിത്രരചനാ ശിൽപശാലയിലൊക്കെ പങ്കാളിയായി. റോമിന്റെ കൂടി ചുമതലയണ്ടായിരുന്നു സ്വിറ്റ്‌സർലാൻഡിൽ  സിബി ജോർജിന്. അവിടെയായിരുന്നപ്പോൾ ജോയ്സ് സിബിയുടെ ബ്രഷിൽ ‌വിരിഞ്ഞത് ‌വെനീസ് ആണ്. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയുമായി ബന്ധപ്പെടുത്തിയുള്ള രചന. സ്വിറ്റ്സർലാൻഡിൽ തന്നെ ആൽപ്സ് പർവതത്തിൽ ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ ഇന്ത്യൻ പതാക ഒരുക്കിയ നാളുകളിൽ ഹിമാലയ വിത്ത് ആൽപ്സ് എന്ന ആശയത്തിലും ചിത്രം വരച്ചു. 

painting1

ചെല്ലുന്നിടങ്ങളിലെ വൈവിധ്യങ്ങൾ ഇന്ത്യയിലെ ഏതെങ്കിലും സംഗതികളുമായി താരതമ്യം ചെയ്ത് അതിനനുസരിച്ച് രചനയെന്നതാണ് രീതി. എണ്ണച്ചിത്രങ്ങളിലായിരുന്നു തുടക്കം. പിന്നെ അക്രിലിക്കിലേക്കും മിക്സഡിലേക്കും മാറി. സമയ ലാഭം കണക്കിലെടുത്ത് അക്രിലിക്കിനാണിപ്പോൾ മുന്തിയ പരിഗണന നൽകുന്നത്. 

joys-sibi
സിബി ജോർജും, ജോയ്സ് സിബിയും

യാത്രകളിലൂടെ ആശയങ്ങൾ 

യാത്രകൾ ചിത്രരചനയ്ക്ക് ഒട്ടേറെ പ്രയോജനം ചെയ്തതായി ജോയ്സ് പറയുന്നു. കാണുന്നതിന്റെ എല്ലാം വൈവിധ്യം ഭംഗിയും മനസിൽ കോറിയിടും. ഓരോന്നും വ്യത്യസ്ത വീക്ഷണങ്ങളിലൂടെ കാണുക. അതിനൊപ്പം ടാലന്റും കൂടിയായാൽ രചനകൾ മെച്ചപ്പെട്ടതാകുമെന്നതാണ് അവരുടെ പക്ഷം. ന്യൂയോർക്കിലെയും വത്തിക്കാനിലെയുമൊക്കെ ആർട്ട് മ്യൂസിയങ്ങൾ ചിത്രരചനയ്ക്ക് ‌പ്രചോദനമായിട്ടുണ്ട്. ലോകോത്തര കലാകാരന്മാരുടെ രചനകൾ ആസ്വദിക്കാൻ അവസരം ‌ലഭിച്ചിട്ടുണ്ട്. ക്ലോഡ് മോണെറ്റും വിൻസൻറ് വാൻഗോഗുമാണ് ഇഷ്ടപ്പെട്ട ചിത്രകാരന്മാർ. 

painting

സ്കൂളിൽ ‌പഠിക്കുന്ന കാലത്ത് ആശംസാ കാർഡുകൾ സ്വന്തമായി നിർമിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ചിത്രരചനയ്ക്ക് വിഷയം ‌രൂപപ്പെടുത്താതെയും രചനയ്ക്കൊരുങ്ങാറുണ്ട്. ‘പ്ലേ വിത്ത് കളർ’ എന്ന രീതിയിൽ ‌നിറങ്ങൾ ചാലിക്കും. അപ്പോൾ തെളിഞ്ഞുവരുന്നതെന്താണോ അതിനനുസരിച്ച് ചിത്രം ‌രൂപപ്പെടുത്തും. ഒരർഥത്തിൽ ‘അറ്റാക്ക് ഓൺ ക്യാൻവാസ്’. അവസാനം അതൊരു ചിത്രമായി ‌മാറും.

painting4

2014 തൊട്ടു 2018 വരെ സിബി ജോർജ് ഡൽഹിയിലായിരിക്കെ എക്സ്റ്റേണൽ ഓഫീസേഴ്സ് സ്പൗസസ് ‌സെക്രട്ടറി എന്ന നിലയിൽ എല്ലാ വർഷവും ചിത്ര പ്രദർശനം ഒരുക്കിയിട്ടുണ്ട്. 

നയതന്ത്ര വഴിയിൽ ചിത്രപ്രദർശനവും

കുവൈത്തിൽ നടത്തിയ ചിത്രപ്രദർശനം ഇന്ത്യ-കുവൈത്ത് സാംസ്കാരിക ബന്ധത്തിന് വലിയ മുതൽക്കൂട്ടായി. രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള സ്വദേശി ‌പ്രമുഖരാണ് ചിത്രപ്രദർശനം കാണാനെത്തിയത്. വിദേശികൾക്കിടയിൽ ഇന്ത്യയെ പ്രൊജക്ട് ചെയ്യാൻ അവസരം ‌ലഭിച്ചുവെന്നതിൽ അഭിമാനമുണ്ട്.

കുവൈത്തിൽ എത്തിയ ശേഷം 12 ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ചിത്രരചനയ്ക്ക് പുറമെ ‌ലൈവ് ഫൊട്ടോഗ്രഫി, ജ്വല്ലറി മേക്കിങ്, ഇൻറീരിയർ ഡക്കറേഷൻ എന്നിവയിലും തത്പരയാണ് ജോയ്സ് സിബി. താമസിക്കാൻ ലഭിക്കുന്ന ഔദ്യോഗിക വസതികളുടെ അകത്തളത്തിന് ഇന്ത്യൻ ടച്ച് എന്നതാകും എപ്പോഴും പ്രധാനം. മരുഭൂമിയുടെ മനോഹാരിത ക്യാൻവാസിൽ പകർത്താനുള്ള ആലോചനയിലാണിപ്പോൾ. ചിത്രരചനയ്ക്ക് ഉതകുംവിധം കടൽ പോലെ വൈവിധ്യമാണ് മരുഭൂമിയുടെയും ഭാവങ്ങൾ. കുടുംബാംഗങ്ങളിൽനിന്ന് ‌ലഭിക്കുന്ന പ്രോത്സാഹനവും വളരെ അനുകൂല ഘടകമായി ‌കരുതുന്നുവെന്ന് അവർ പറഞ്ഞു.

painting2

പന്തളം ‌പമ്പൂരേത്ത് ‌ടി.എ.ജോണിൻറെയും സെലീനാമ്മ ജോണിറെയും ‌മകളാണ് ജോയ്സ് സിബി. മൂത്തമകൾ എൽഹിത ഡൽഹിയിൽ അഭിഭാഷകയാണ്. കാനഡയിലെ ബ്രിട്ടീസ് കൊളംബിയ സർവകലാശാലയിൽ ജേർണലിസം മാസ്റ്റേഴ്സ് ഡിഗ്രിക്ക് ‌പഠിക്കുന്ന ‌മകൾ ആയില്യ നന്നായി ‌പോർട്രെയ്റ്റ് വരക്കും. മകൻ ‌ജെഫ് കുവൈത്ത് അമേരിക്കൻ സ്കൂളിൽ 11ൽ ‌പഠിക്കുന്നു. ഇതിനകം ജോയ്സ് സിബി നൂറിലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA