ഓർമയിലെ ആ മയിൽപ്പീലിത്തുണ്ട്; കൃഷ്ണകുമാരിയെ കാത്ത് കൂട്ടുകാരി വിജയലക്ഷ്മി

vijayalakshmi
പി.ആർ. വിജയലക്ഷ്മി
SHARE

ജീവിതയാത്രയിൽ കണ്ടു മറക്കുന്ന മുഖങ്ങൾ ഏറെയാണ്. ചിലരെ എക്കാലവും നമ്മളോർക്കും. ചിലരെ പെട്ടന്നു മറക്കും. സ്നേഹത്തിന്റെ മയിൽപ്പീലിത്തണ്ടു സമ്മാനിച്ചവരെ എവിടെ വ‍ച്ചെങ്കിലും ചിലപ്പോൾ കണ്ടു മുട്ടിയേക്കാം.  ജീവിതത്തിലെ ആദ്യ സൗഹൃദത്തെ തിരയുകയാണ് തിരുവനന്തപുരം പിടിപി നഗർ പ്ലോട്ട് 86ൽ പി.ആർ.വിജയലക്ഷ്മി.  66 വർഷം മുൻപ്, ഏഴു വയസ്സുള്ളപ്പോൾ വേറിട്ടു പോയ  പ്രിയപ്പെട്ട കൂട്ടുകാരി എവിടെയുണ്ടെന്ന് വിജയലക്ഷ്മിക്ക് അറിയില്ല. 2 വർഷം മാത്രം ഒരു ബെഞ്ചിൽ തൊട്ടടുത്തിരുന്നു പഠിച്ച കൂട്ടുകാരിയുടെ മുഖം ഇപ്പോഴും വിജയലക്ഷ്മിയുടെ മനസ്സിലെ ചിത്രക്കണ്ണാടിയിലുണ്ട്. കൃഷ്ണകുമാരിയെ കണ്ടെത്താൻ വിജയലക്ഷ്മി തിരയാത്ത സ്ഥലങ്ങളില്ല, നാടുകളില്ല. പക്ഷേ എന്നെങ്കിലുമൊരിക്കൽ തന്റെ കൂട്ടുകാരിയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഈ ഉറ്റകൂട്ടുകാരി. 2003 സെപ്റ്റംബറിൽ പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫിസറായി വിരമിച്ച ആലപ്പുഴ മുതുകുളം സ്വദേശി വിജയലക്ഷ്മി(73)യുടെ ഓർമത്തുണ്ടുകളിലേക്ക്...

പേര്: കൃഷ്ണകുമാരി.

അച്ഛന്റെ പേര് ഗോപാലൻ നായർ(പൊലീസുദ്യോഗസ്ഥൻ)

സ്ഥലപ്പേര് അല്ലെങ്കിൽ വീട്ടുപേര്: കോട്ടയ്ക്കകത്ത്...

കൃഷ്ണകുമാരിയെക്കുറിച്ച് ഈ വിവരങ്ങൾ മാത്രമേ എനിക്കറിയൂ. മറ്റൊന്നും എനിക്കറിയില്ല. എപ്പോഴും ചിരിക്കുന്ന മുഖമാണ് കൃഷ്ണകുമാരിക്ക്.  വരയ്ക്കാറിയാമായിരുന്നെങ്കിൽ ഞാൻ കൃഷ്ണകുമാരിയുടെ മുഖം വരയ്ക്കുമായിരുന്നു.  ആ ചിത്രത്തിലൂടെ അവളെ കണ്ടെത്തുമായിരുന്നു.  എന്റെ കൂട്ടുകാരിയുടെ പേര് കൃഷ്ണകുമാരി എന്നു മാത്രമറിയാം. ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതം.

കൃഷ്ണകുമാരിയെക്കുറിച്ച് പരിമിതമായ വിവരങ്ങളാണ് എന്റെ ഓർമച്ചെപ്പിലുള്ളത്. കൃഷ്ണകുമാരിയുടെ അച്ഛൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഗോപാലൻ നായർ എന്നാണെന്നും അറിയാം. 1953–55 കാലഘട്ടത്തിൽ ഗോപാലൻ നായർ പുനലൂരിൽ ജോലി ചെയ്തിരുന്നു. 

സ്ഥലപ്പേരോ വീട്ടുപേരോ ‘കോട്ടയ്ക്കത്ത്’ എന്നാണ്. 7 വയസ്സുള്ളപ്പോൾ വേറിട്ടു പോയ കൂട്ടുകാരിയെ കണ്ടെത്താനുള്ള അലച്ചിലിലാണ് ഞാനിപ്പോഴും. ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കുക, ഇക്കാലമത്രയും ഞാൻ ചെയ്തത് അതാണ്. കൃഷ്ണകുമാരി എന്ന എന്റെ ബാല്യകാല സഖിയെ ഞാൻ 66 വർഷങ്ങളായി തിരയുകയാണ്.. പലരും എന്നെ നിരുത്സാഹപ്പെടുത്തി. പക്ഷേ, ജീവിതത്തിലെ ആദ്യ സൗഹൃദം അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ എനിക്കു കഴിയില്ല.

∙ ഒന്നാം ക്ലാസിലെ കൂട്ടുകാരി

1953 ഒക്ടോബറിലാണ് ഞാൻ പുനലൂർ ഗവ.എൽപിഎസിൽ ഒന്നാം ക്ലാസിൽ ചേർന്നത്. അഞ്ചു വയസ്സാകാൻ കാത്തിരിക്കുകയായിരുന്നു ഞാൻ, സ്കൂളിൽ ചേരാൻ... അച്ഛന് റെയിൽവേയിലായിരുന്നു ജോലി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലായിരുന്നു എന്റെ കുടുംബം. അവിടെ നിന്നാണ് പുനലൂരിലെത്തിയത്. 

അന്നു പൂജവയ്പ്പിനു ശേഷവും സ്കൂളിലേക്ക് പ്രവേശനം നടന്നിരുന്നു. വൈകി ചേർന്ന എന്നെ മറ്റു കുട്ടികൾ കൗതുകക്കണ്ണുകളോടെ നോക്കി. തെല്ലു പരിഭ്രമത്തോടെ നിന്ന എന്നെ ക്ലാസ് ടീച്ചർ ഒരു കുട്ടിയുടെ അടുത്തു കൊണ്ടിരുത്തി. എല്ലാം പറഞ്ഞു കൊടുക്കണമെന്നു ആ കുട്ടിയോടു ടീച്ചർ ചട്ടം കെട്ടി. ബാഗ് മടിയിൽ തന്നെ വച്ച് കുനിഞ്ഞിരുന്ന എന്നോട് ആ കുട്ടി മെല്ലെ പറഞ്ഞു: ‘സഞ്ചിയിൽ നിന്നു സ്ലേറ്റും പെൻസിലും എടുക്കാം.’– ഞാൻ അനുസരിച്ചു. അതിഗാഢമായ ഒരു സ്നേഹബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ആരെയും ആകർഷിക്കുന്ന പെരുമാറ്റമായിരുന്നു കൃഷ്ണകുമാരിക്ക്.  വ്യത്യസ്തമായ വ്യക്തിത്വം. ആരും അവളെ അനുകരിച്ചു പോകും. 

കൃഷ്ണകുമാരി എന്റെ ജീവിതത്തിലെ ആദ്യ കൂട്ടുകാരിയും വഴികാട്ടിയുമായി. ഇന്റർവെൽ സമയത്ത് ഞങ്ങൾ പുറത്തു പോയി അൽപനേരം കളിക്കും. ചിലപ്പോൾ താന്നിക്ക പെറുക്കി മരത്തിന്റെ തടിയൻ വേരുകളിൽ വച്ച് കല്ലുകൊണ്ടിടിച്ച് പൊട്ടിച്ചു പങ്കിട്ടു തിന്നും.  അന്ന് പൊന്നപ്പൻ പിള്ള സാറായിരുന്നു ഹെഡ്മാസ്റ്റർ. പിന്നീട് ഹെഡ്മിസ്ട്ര‍സ്സായി പാറുക്കുട്ടിയമ്മ സാറും വന്നു. 

∙ സ്കൂളിലെ പൂത്തുമ്പികൾ

പുനലൂർ പൊലീസ് സ്റ്റേഷനു തൊട്ടടുത്താണ് സ്കൂൾ. അച്ഛൻ പൊലീസാണെന്നു കൃഷ്ണകുമാരി എന്നോടു എപ്പോഴും പറയുമായിരുനനു. അതു കൊണ്ടാകാം എനിക്കില്ലാത്ത ധൈര്യവും മിടുക്കും കൃഷ്ണകുമാരിക്കുണ്ടായതെന്നു ഞാൻ കരുതി. നമുക്ക് താഴേപ്പെൺപള്ളിക്കൂടത്തിൽ പോകാമെന്നു പറഞ്ഞ് എന്റെ കൈ പിടിച്ച് തൊട്ടടുത്തുള്ള സ്കൂളിലേക്കു പോകും. അവിടെ പൂത്തുമ്പികളെ പോലെ പറന്നു നടക്കുന്ന ചിലരിൽ കൃഷ്ണകുമാരിയുടെ പരിചയക്കാരുമുണ്ട്. സ്കൂളിലേക്കു വരും വഴിക്കുള്ള സൗഹൃദം. ആ കുട്ടികളോടു കൈ വീശിക്കാണിക്കുകയോ രണ്ടു വാക്കു മിണ്ടുകയോ ചെയ്തിട്ട് ഞങ്ങൾ ഓടിപ്പോകും. ഒരിക്കൽ പോലും ഞാൻ കൃഷ്ണകുമാരിയുമായി വഴക്കിട്ടിട്ടില്ല. 

∙ ആ മയിൽപ്പീലിത്തുണ്ട്...

ഒരു ദിവസം സ്കൂൾ വിട്ടപ്പോൾ എന്റെ വീട്ടിലേക്കു വരുന്നുവെന്നു കൃഷ്ണകുമാരി എന്നോടു പറഞ്ഞു. എന്റെ സഹോദരി ഇന്ദിരയെ കാണണമെന്നും പറഞ്ഞു. ഞങ്ങൾ വീട്ടുമുറ്റത്തെത്തി. അവിടെ നിന്നു കൊണ്ട് ഞാൻ അമ്മയെ വിളിച്ചു. അമ്മ വന്നു അകത്തേക്കു ക്ഷണിച്ചെങ്കിലും കൃഷ്ണകുമാരി ഉള്ളിലേക്കു കയറിയില്ല. ഇന്ദിരയെ കണ്ടിട്ട് വേഗം പോകണം. ഇല്ലെങ്കിൽ അമ്മ വിഷമിക്കുമെന്നും പറഞ്ഞു. ഈ സമയം ഇന്ദിര വന്ന് തിണ്ണയിൽ നിന്നു. വിടർന്ന ചിരിയോടെ കൃഷ്ണകുമാരി, ഇന്ദിരയുടെ കൈകളിൽ പിടിച്ചു. എന്നിട്ട് പെട്ടന്ന് പുസ്തകസഞ്ചി തുറന്ന്, പുസ്തകത്താളിനുള്ളിൽ, ആകാശം കാട്ടാതെ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു മയിൽപ്പീലിയെടുത്ത് ഇന്ദിരയ്ക്കു സമ്മാനിച്ചു. മയിൽപ്പീലിത്തുണ്ടല്ല, ഒരു വലിയ മയിൽപ്പീലിയായിരുന്നു അത്. തിരിച്ച് വീടു വരെ കൊണ്ടാക്കാൻ അമ്മ ജോലിക്കാരി ചെല്ലമ്മയെ അയച്ചെങ്കിലും, ഇനി വഴിയറിയാമെന്നു പറഞ്ഞ് ചെല്ലമ്മയെ കൃഷ്ണകുമാരി തിരിച്ചയച്ചു. 

∙ സുന്ദരിയാണ് കൃഷ്ണകുമാരി...

നല്ല സുന്ദരിയാണ് കൃഷ്ണകുമാരിയെന്നു എന്റെ അമ്മ പറഞ്ഞു. സുന്ദരി എന്നു വച്ചാൽ എന്താണമ്മേ എന്നായിരുന്നു എന്റെ മറു ചോദ്യം. ഇതു കേട്ട് വീട്ടിലെല്ലാവരും ചിരിച്ചു. അമ്മ പറഞ്ഞു:‘സ്വർണ നിറം, ചുരുണ്ട മുടി, നീണ്ട മൂക്ക്, നല്ല ചിരി.’ കൃഷ്ണകുമാരി‍ ഒറ്റ മകളാണെന്നും അമ്മ ചോദിച്ചറിഞ്ഞിരുന്നു. 

∙ അവളോടു മാത്രം എനിക്ക് കൂട്ട്

ക്ലാസിൽ കൃഷ്ണകുമാരിയോടല്ലാതെ മറ്റാരോടും എനിക്ക് കൂട്ടില്ലായിരുന്നു. 2 വർഷം പെട്ടന്നു കടന്നു പോയി. ഞാൻ മൂന്നാം ക്ലാസിലേക്കു കടന്ന ദിവസം. ക്ലാസ് തുടങ്ങിയിട്ടും കൂട്ടുകാരിയെ കാണാനില്ല. ഞാൻ അങ്കലാപ്പിലായി. ഹാജർ വിളിച്ചപ്പോൾ സാർ എന്നെ നോക്കിപ്പറഞ്ഞു:‘കൃഷ്ണകുമാരി സ്കൂൾ മാറിപ്പോയി,  അച്ഛന് സ്ഥലം മാറ്റമാണ്’...ഇതു കേട്ടപ്പോൾ എനിക്കുണ്ടായ ഷോക്ക് പറഞ്ഞറിയിക്കാനാകില്ല. വീട്ടിൽ ചെന്ന് അമ്മയോട് വിവരം പറഞ്ഞപ്പോൾ ഞാൻ ഏങ്ങലടിച്ചു കരഞ്ഞു. അമ്മ എന്നെ സമാധാനിപ്പിച്ചു. ‘സാരമില്ല കോട്ടയ്ക്കകമെന്നു പറഞ്ഞത് മാവേലിക്കരയായിരിക്കും. നമ്മുടെ മുതുകുളത്തിനടുത്തല്ലേ? കണ്ടു പിടിക്കാം’– അമ്മയുടെ ആശ്വാസവാക്കുകൾ കേട്ടിട്ടും എനിക്ക് സങ്കടം അടക്കാനായില്ല.  പക്ഷേ നാളിതു വരെയും എന്റെ കൃഷ്ണകുമാരിയെ കണ്ടെത്താനായില്ല. ഐജി ഓഫിസിലെ ഒരു സുഹൃത്തു വഴി ഒരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു കാര്യം ഉറപ്പാണ്. കൃഷ്ണകുമാരിയുടെ വീട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൊന്നായിരിക്കാമെന്നു തോന്നുന്നു. കൃഷ്ണകുമാരിയുടെ സംസാര‍ത്തിൽൽ നിന്നാണ് ഇക്കാര്യം എനിക്കു മനസ്സിലായത്.  30 പേരായിരുന്നു അന്ന് ഒന്നാം ക്ലാസിലുണ്ടായിരുന്നത്. അവരിൽ പലരുമായും ഇപ്പോഴും ഞാൻ സംസാരിക്കാറുണ്ട്. പക്ഷേ കൃഷ്ണകുമാരി എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതം. 

∙ ഒരിക്കലെങ്കിലും കണ്ടെങ്കിൽ...

ഒരിക്കൽ മാത്രം ഒന്നു കണ്ടെങ്കിൽ, എന്തെങ്കിലും വിവരം കിട്ടിയിരുന്നെങ്കിൽ, ജീവിത സായാഹ്നത്തിലും ഞാൻ കൃഷ്ണകുമാരിക്കായി കാത്തിരിക്കുകയാണ്. എന്റെ അക്ഷരങ്ങളിലൂടെ എന്റെ പ്രിയ കൂട്ടുകാരിയെ കണ്ടെത്താൻ കഴിയുമെന്നു മനസ്സു പറയുന്നു. ഒരു നാൾ എന്റെ കൃഷ്ണകുമാരിയെ ഞാൻ കണ്ടെത്തും. ഈ കുറിപ്പ് കൃഷ്ണകുമാരി വായിക്കുന്നുണ്ടാകുമോ? കൃഷ്ണകുമാരിയുടെ ഫോൺ കോൾ ഒരിക്കൽ എന്നെ തേടിയെത്തുമെന്നാണ് എന്റെ പ്രതീക്ഷ.....എന്റെ മൊബൈൽ നമ്പർ: 9383452586.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA