ADVERTISEMENT

പ്രണയിച്ചവരുടെയും പ്രണയിക്കുന്നവരുടെയും മാത്രമല്ല. പ്രണയം മനസ്സിൽ കൊണ്ടു നടക്കുന്നവരുടെയും ദിനമാണ് ഇന്ന്. ആധുനികകാലത്തെ പ്രണയങ്ങൾ പലപ്പോഴും പ്രതികാരങ്ങളായി മാറുന്ന കാഴ്ച ദിനംപ്രതി നമ്മൾ കാണുന്നുണ്ട്. ഇതിനിടെയാണ് ഈ പ്രണയദിനവും കടന്നു പോകുന്നത്. പ്രമുഖരടക്കം നിരവധി പേർ തങ്ങളുടെ പ്രണയാനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റു പങ്കുവച്ചു. ഈ പ്രണയദിനത്തിൽ കാലിക പ്രസക്തിയുള്ള സന്ദേശം പങ്കുവയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രണയത്തിലും ജീവിതത്തിലും സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണുള്ളതെന്ന് സതീശൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. പ്രണയം സ്വീകരിക്കുന്നതും തിരസ്കരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ‘മകൾക്കൊപ്പം’ എന്ന ഹാഷ്ടാഗോടെയാണ് സതീശൻ അദ്ദേഹം പ്രണയദിനത്തിലെ കുറിപ്പ് പങ്കുവയ്ക്കുന്നത്. 

സതീശന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നത്. പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്ര്യമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ, അതിനുള്ള അവകാശവും സ്വതന്ത്ര്യവും മറ്റേയാൾക്കും ഉണ്ടെന്ന് തിരിച്ചറിയുക. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്?

ഒരാൺകുട്ടിക്ക്, പുരുഷന് അങ്ങനെ തോന്നുന്നുവെങ്കിൽ അത് ആൺമേൽക്കോയ്മയിൽ നിന്നുണ്ടാകുന്നതാണ്. അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. പ്രിയപ്പെട്ട ആൺകുട്ടിളെ നിങ്ങളത് തിരിച്ചറിയണം. ഞാൻ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം  പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല. പ്രണയങ്ങൾ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളിൽ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്കരണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തർ. #makalkkoppam #മകൾക്കൊപ്പം.

English Summary: VD Satheeshan's Viral Post About Valentines Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com