ADVERTISEMENT

തൃശൂർ∙ സാരിനൂലിൽ തുന്നിയെടുത്ത വി‍ജയഗാഥയാണ് ഒളരി സ്വദേശി ഷീബ അമീറിന്റെ ജീവിതം. ഷീബ രൂപീകരിച്ച സോലസ് ചാരിറ്റീസ് ട്രസ്റ്റ് ഗുരുതര രോഗ ബാധിതരായ മൂവായിരത്തിലധികം കുട്ടികൾക്ക് ‘ആശ്വാസത്തിന്റെ മറുപേരാണ്’. അവരുടെ ചികിത്സയ്ക്കായി പ്രതിമാസം 30 ലക്ഷത്തോളം രൂപ കണ്ടെത്താൻ സംഘടന കൂടെയുണ്ട്.

ആദ്യ നാളുകളിൽ ചെറിയ വരുമാനവും വലിയ സഹായവുമായി മാറിയ സാരികളെ ഇപ്പോഴും ഷീബ കൈവിട്ടിട്ടില്ല. എംബ്രോയ്ഡറിപ്പൂക്കൾ നെയ്ത സാരിത്തലപ്പിൽ രോഗബാധിതരായ കുറെ കുട്ടികളുടെ കുടുംബങ്ങൾ തണലറിയുന്നു. സാരിയിൽ കല്ലുകളും മുത്തുകളും തുന്നിച്ചേർക്കുന്ന അമ്മമാരാണ് ഷീബയുടെ പോരാളികൾ. സാരിയിൽ അലങ്കാരപ്പണികൾ ഒരുക്കി വിറ്റ് കിട്ടുന്ന തുക ഇവരുടെ ജീവിതമാവുകയാണ്.

വർണങ്ങൾക്കൊപ്പം നന്മയും നിറച്ച് ഓരോ ഡിസൈനും വരച്ചെടുക്കുന്നതു മുതൽ വിപണിയിലെത്തിക്കുന്നതു വരെ എല്ലാത്തിനും ഷീബ നേതൃത്വം നൽകുന്നു. രക്താർബുദം ബാധിച്ച് മകൾ നിലൂഫ 2013 ൽ  ഷീബയെ വിട്ടുപോയിരുന്നു. മകൾക്കൊപ്പമുളള ആശുപത്രി ജീവിതത്തിൽ കണ്ട ദുരിതമനുഭവിക്കുന്നവരുടെ മുഖമാണ് ഇന്ന് ഈ അമ്മയെ കുറെ കുഞ്ഞുങ്ങളുടെ തണൽമരമാക്കി മാറ്റിയത്. വയ്യാത്ത കുഞ്ഞുങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഷീബയുടെ നെഞ്ചുപിടഞ്ഞുകൊണ്ടേയിരുന്നു. ഒരു സ്ത്രീ സാമ്പത്തികമായി സ്വതന്ത്രയല്ലെങ്കിൽ സ്വപ്നം കാണാൻ പോലും അവൾക്ക് അവകാശം നിഷേധിക്കപ്പെടും എന്ന് ജീവിതം പഠിപ്പിച്ചു. കുടുംബത്തിൽ നിന്ന് എല്ലാവരും എതിർക്കുമ്പോഴും ‘ഉമ്മ സുഖമില്ലാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി സോലാസ് തുടങ്ങുക തന്നെ വേണമെന്ന്’ പറഞ്ഞ് മക്കൾ നിഖിലും നിലൂഫയും കൂടെതന്നെ നിന്നു എന്ന് ഷീബ പറയുന്നു.തനിക്ക് അഭിരുചിയുള്ള മേഖല തിരഞ്ഞെടുത്ത് കാലുറപ്പിച്ചതോടെയാണു കാൻസർ രോഗികളായ കുട്ടികൾക്ക് കൈത്താങ്ങാവാൻ ഷീബയ്ക്കായത്. അതിന്റെ തുടക്കം സാരി ഡിസൈനിങ്ങിലൂടെ ആയിരുന്നു.  

പ്രീഡിഗ്രി വരെ മാത്രം പഠിച്ച, പ്രവാസി വീട്ടമ്മയായി അടുക്കളയിൽ ഒതുങ്ങിയിരുന്ന ഷീബ ഈ സാരിയുടെ ചിറകിലേറി പറന്നുയർന്നു. ബ്ലൂമിങ് പേൾസ് എന്ന പേരിൽ വെൺമുത്തു പോലെ വിരിഞ്ഞ ആശയമായിരുന്നു തുടക്കം. ക്രിസ്ത്യൻ, മുസ്‍ലിം വധുക്കൾക്ക് വിവാഹവേളയിൽ ധരിക്കാനുള്ള നെറ്റ് ഉണ്ടാക്കുകയായിരുന്നു ആദ്യ പടി. അതിനു ശേഷം വിജയം സാരിയുടുത്തെത്തി. രോഗബാധിതരായ കുഞ്ഞുങ്ങളുടെ അമ്മമാരെ എംബ്രോയ്ഡറി പരിശീലിപ്പിച്ചു. അവർ പൂക്കൾ തുന്നി മനോഹരമാക്കുന്ന വ്യത്യസ്ത സാരികൾ വരുമാന മാർഗമായി വളർന്നു. ഇന്ന് ഒട്ടേറെ വീട്ടുകാർക്ക് തൊഴിൽ മാർഗമാണിത്. ഷീബയുടെ സാരികൾക്കും സംരംഭങ്ങൾക്കും അടിസ്ഥാനശില കനിവാണ് – മകളെ നഷ്ടപ്പെട്ട അമ്മയുടെ നോവിൽ നിന്നൂറുന്ന കരുതൽക്കനിവ്!

സോലസ് –9895021802

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com