ADVERTISEMENT

മകളെ വളർത്തുന്നതിനായി 36 വർഷം പുരുഷനായി ജീവിച്ച് 57കാരിയായ അമ്മ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. എസ്. പേച്ചിയമ്മാൾ എന്ന സ്ത്രീയാണ് മകളെ വളർത്തുന്നതിനായി പുരുഷ വേഷത്തിൽ ജീവിച്ചത്. ഇരുപതാം വയസ്സിൽ ഭർത്താവു മരിച്ച ശേഷം പേച്ചിയമ്മാളിന് ഈ വഴി തിരഞ്ഞെടുക്കേണ്ടി വന്നു

വിവാഹം കഴിഞ്ഞ് 15–ാം ദിവസം ഇവരുടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കടുനായക്കന്‍പ്പെട്ടി ഗ്രാമത്തിലായിരുന്നു പേച്ചിയമ്മാൾ ജീവിച്ചിരുന്നത്. ഗ്രാമത്തിലേത് പരമ്പരാഗത പുരുഷാധിപത്യ സമൂഹമായിരുന്നു. അതുകൊണ്ടു തന്നെ മകളെ വളർത്തുന്നതിനായി ഇങ്ങനെയൊരു സാഹസികത ചെയ്യേണ്ടി വന്നു. 

പേച്ചിയമ്മാൾ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. പക്ഷേ, എങ്ങനെ ജീവിക്കും എന്നത് അവർക്കു മുന്നിൽ വലിയ പ്രശ്നമായിരുന്നു. പുരുഷാധിപത്യ  സ്വഭാവമുള്ള ഗ്രാമത്തിൽ ജോലിക്കു പോകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. പേച്ചിയമ്മാൾക്കു പലതരത്തിലുള്ള മാനസിക ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നു. 

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പേച്ചിയമ്മാൾ തന്റെ ജീവിതകഥ പറഞ്ഞത്. ഭർത്താവിന്റെ മരണ ശേഷം മുത്തു എന്ന പേരിലുള്ള പുരുഷനായാണ് ജീവിച്ചതെന്നും പേച്ചിയമ്മാള്‍ വെളിപ്പെടുത്തുന്നു. മകളെ വളർത്തുന്നതിനായി കെട്ടിട നിർമാണ തൊഴിലാളിയായും ഹോട്ടലുകളിലും ചായക്കടകളിലും പുരുഷനായി ജോലി ചെയ്തിട്ടുണ്ടെന്നും പേച്ചിയമ്മാൾ വെളിപ്പെടുത്തി. ലൈംഗികാതിക്രമത്തിനും മറ്റു പലരീതിയിലുള്ള മാനസിക പീഡനങ്ങൾക്കും പേച്ചിയമ്മാൾ ഇരയായി. 

പിന്നീട് തിരുച്ചണ്ടൂർ മുരുകന്‍ ക്ഷേത്രത്തിൽ പോയി പേച്ചിയമ്മാൾ തല മുണ്ഡനം ചെയ്തു. ഷർട്ടും ലുങ്കിയുമായി വേഷം. മുത്തു എന്ന് പേരു മാറ്റുകയും ചെയ്തു. ‘ഇരുപതു വർഷം മുൻപാണ്് കാട്ടുനായക്കൻപെട്ടി എന്ന പ്രദേശത്ത് ഞങ്ങൾ താമസം ആരംഭിച്ചത്. എന്റെ അടുത്ത ബന്ധുക്കള്‍ക്കും മകൾക്കും മാത്രമേ ഞാൻ സ്ത്രീയാണെന്ന് അറിയൂ. ജോലി സ്ഥലത്തെല്ലാം എല്ലാവരും അണ്ണാച്ചി എന്നാണ് വിളിച്ചിരുന്നത്. എല്ലാ ജോലികളും ഞാൻ ചെയ്തു. പെയിന്ററായിരുന്നു. ചായക്കട നടത്തി. പൊറോട്ട അടിക്കുന്ന ജോലി ചെയ്തു. മകളെ എങ്ങനെ സുരക്ഷിതയായി വളർത്താമെന്നായിരുന്നു ഓരോദിവസവും എന്റെ ചിന്ത. കാലം കഴിഞ്ഞപ്പോൾ മുത്തു എന്ന രീതിയിൽ തന്നെ എല്ലാവരും എന്നെ അറിഞ്ഞു. തിരിച്ചറിയൽ രേഖകളിലും ബാങ്ക് അക്കൗണ്ട് രേഖകളിലുമെല്ലാം ഞാൻ മുത്തുവായി. ’– പേച്ചിയമ്മൾ വ്യക്തമാക്കുന്നു. 

ഇവരുടെ മകൾ ഷൺമുഖ സുന്ദരിയുടെ വിവാഹം കഴിഞ്ഞു. എന്നാൽ സ്ത്രീ വ്യക്തിത്വത്തിലേക്കു മാറാൻ തയാറല്ലെന്ന് 57കാരിയായ പേച്ചിയമ്മാള്‍ പറഞ്ഞു. സ്വന്തം മകളുടെ സുരക്ഷിതമായ ഭാവിക്കു വേണ്ടിയാണ് മുത്തു ആയതെന്ന് പേച്ചിയമ്മാൾ വ്യക്തമാക്കി. മരണം വരെ മുത്തുവായി അറിയപ്പെടാനാണ് താത്പര്യമെന്നും അവർ വ്യക്തമാക്കി. 

English Summary: Tamil Nadu woman disguised herself as a man for 36 years to raise daughter alone 'in patriarchal society'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com