‘ആ ചാറ്റുകളിലൂടെ ഞങ്ങളുടെ അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലാണെന്ന് അറിഞ്ഞ നിമിഷം’– വൈറലായി കുറിപ്പ്

rani
SHARE

അമ്മയെ ഓർത്ത് ഒരു മകൻ പങ്കുവച്ച കണ്ണീർ ഹൃദയം തൊടുന്ന വാക്കുകളിലൂടെ വിവരിക്കുകയാണ് സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിമായ റാണി നൗഷാദ്. ഒരു ഇരുപതുകാരൻ അവന്റെ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളും അവന്റെ കുടുംബം അനുഭവിക്കുന്ന വേദനയും ഹൃദയത്തിൽ നെരിപ്പോടായി മാറിയതിനെ കുറിച്ചാണ് റാണി കുറിക്കുന്നത്. ഒരാളുടെ പിഴവും തെറ്റായ സഞ്ചാരവും ഒരു കുടുംബത്തിനെ എത്രമാത്രം വേദനിപ്പിക്കുമെന്നാണ് അവന്റെ വാക്കുകളിൽ നിന്നും വ്യക്തമായതെന്ന് റാണി കൂട്ടിച്ചേർക്കുന്നു.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ:  ‘രണ്ടു ദിവസം മുന്നേ വന്ന ഒരു ഫോൺ കാൾ. ചില്ലയുടെ റാണി മാം അല്ലേ എന്നായിരുന്നു തുടക്കം. വിളിക്കുന്നത് ആറ്റിങ്ങൽ ഉള്ള ജീവൻ എന്ന ഇരുപതുകാരൻ. അവന്റെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു അവൻ എന്നെ വിളിച്ചത്. കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ അവൻ എന്നോട് ഞാൻ മാമിനെ ഒന്നു വന്നു കണ്ടോട്ടെ എന്നു പൊടുന്നനെ ഒരു ചോദ്യം. എനിക്ക് പേഴ്സണലി കുറച്ചു തിരക്കുകൾ ഉണ്ടെങ്കിൽ പോലും നീയിപ്പോൾ എവിടെ നിൽക്കുന്നു എന്നു ചോദിച്ചപ്പോൾ,

അവൻ കൊല്ലം അശ്രാമം എന്ന സ്ഥലത്തുണ്ടെന്നും അരമണിക്കൂർ കൊണ്ട് വന്നു കണ്ടു പൊയ്ക്കൊള്ളാമെന്നും പറഞ്ഞു.കുറച്ചു സമയത്തിനുള്ളിൽ അവനും അവന്റെ മൂന്നു കൂട്ടുകാരുമായി ഒരു കാറിൽ എന്റെ അടുക്കൽ എത്തി. കൂട്ടുകാർ കുറച്ചകലെ മാറി നിന്നു. ഒരു ചെറിയ പയ്യൻ.അവന് ഇരുപതു വയസ്സിന്റെ ഭാവം ഒട്ടും തോന്നിയില്ല. കണ്ടാൽ ഒരു പ്ലസ് ടുക്കാരൻ.

എന്റെ മുന്നിൽ ഇരിക്കുമ്പോൾ അവൻ ആദ്യം ചോദിച്ചത് മാം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമേ ചില്ല പ്രവർത്തിർക്കുകയുള്ളുവോ എന്നായിരുന്നു. അങ്ങനെയാണെങ്കിൽ എന്നെപ്പോലെയുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഞാൻ ആരെയാണ് കാണേണ്ടത് എന്നൊന്ന് പറഞ്ഞു തരോ...???കുറച്ചു നേരം അവനെ നോക്കി ഇരുന്ന ശേഷം എന്താണ് കുട്ടിയുടെ പ്രശ്നം എന്നു ഞാൻ ചോദിച്ചു. കഴിയുന്നതാണെങ്കിൽ പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കാം എന്നു വാക്കും കൊടുത്തു.

അവന്റെ പ്രശ്നങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അവന്റെ കണ്ണുകൾ കൂമ്പി നിറഞ്ഞു. പലപ്പോഴും മറ്റുള്ളവരുടെ സങ്കടങ്ങൾ എന്നെയും അതിൽപ്പെടുത്താറുണ്ട്. ലോകത്ത് അവനേറ്റം പ്രിയപ്പെട്ട അവന്റെ അമ്മയെക്കുറിച്ചാണ് അവൻ പറഞ്ഞു തുടങ്ങിയത്. അമ്മ ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റുകളിൽ ചിലതൊക്കെ കുടുംബത്തിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു എന്നതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. പിന്നീട് അമ്മ അവനെയും അച്ഛനെയും ബന്ധുക്കളെയുമൊക്കെ fbയിൽ ബ്ലോക്കി.

പക്ഷേ അവന് സ്വന്തം അക്കൗണ്ട് കൂടാതെ ഒരു ഫേക്ക് അക്കൗണ്ട് കൂടി ഉണ്ടായിരുന്നതിനാൽ അമ്മ ഇടുന്ന പോസ്റ്റുകൾ എല്ലാം കാണുന്നുണ്ടായിരുന്നു. എഫ് ബിയിൽ അമ്മ തീർത്തും ദുഖിതയും വിരഹിണിയുമായിരുന്നു. അമ്മ ഇടുന്ന പോസ്റ്റുകളിൽ ആരോ അമ്മയെ അതി കഠിനമായി മുറിപ്പെടുത്തിയിരുന്നു എന്നു തോന്നിച്ചു. കുറച്ചു നാളുകൾ മുൻപ് വരെ അച്ഛനും അമ്മയും അനിയത്തിയും ഞാനും ചേർന്നൊരു മനോഹരമായ ലോകമുണ്ടായിരുന്നു.

അവിടെ നിന്നും എവിടേക്കും പോകാൻ ഞങ്ങളെ ആ ഒരു സുന്ദരപരിസരം അനുവദിച്ചിരുന്നില്ല. അമ്മക്ക് വന്ന മാറ്റങ്ങൾ ഇന്നും എനിയ്ക്കും അനിയത്തിക്കും ഓർമ്മയുണ്ട്. മഞ്ജു വാരിയർ ആ സ്കർട്ട് ഇട്ടു വന്നു വൈറൽ ആയ കാലം. അമ്മ ചുരിദാർ അല്ലെങ്കിൽ സാരി ഇതിൽ ഏതെങ്കിലുമൊന്നായിരുന്നു ധരിച്ചിരുന്നത്. ആ അമ്മ പെട്ടെന്ന് തന്നെ അമ്മയ്ക്ക് ധരിച്ചാൽ അഭംഗി തോന്നുന്ന വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി.

കുറച്ചു വണ്ണം ഉള്ള പ്രകൃതമാണ് ഞങ്ങടമ്മയ്ക്ക്. പക്ഷേ അത് അമ്മയ്ക്ക് നല്ല ഭംഗിയുമാണ്. അതുകൊണ്ടാവാം അമ്മ സാരിയിലോ ചുരിദാറിലോ കൂടുതൽ സുന്ദരിയാകുന്നത്. ആ അമ്മ ഞങ്ങൾക്ക് അഭിമാനമാണ്. പക്ഷേ അമ്മയിലെ മാറ്റങ്ങൾ വസ്ത്രധാരണത്തിൽ മാത്രമല്ല, മാറ്റാരെയോ പ്രീതിപ്പെടുത്താൻ പാടുപെടുന്നതുപോലെ ഞങ്ങളുടെ അച്ഛനിൽ നിന്ന് ഏറെ അകന്നതുപോലെ.

എപ്പോഴും അച്ഛനോട് ദേഷ്യവും വഴക്കുമാണ്. അമ്മ വേറേതോ ലോകത്ത് മാറ്റാർക്കോ വേണ്ടി ജീവിക്കുന്നതുപോലെ. ഒരിക്കൽ അമ്മയുടെ ഫോണിൽ അനിയത്തിയാണത് കണ്ടത്, ചില ചാറ്റുകൾ കാണാനോ നോക്കാനോ പാടില്ല എന്നറിയാം. എന്നാലും ഞങ്ങടെ അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്നറിഞ്ഞപ്പോൾ പാവം ഞങ്ങടച്ഛനെ ഓർത്തു ഞങ്ങൾ രണ്ടാളും ഏറെ കരഞ്ഞു. അച്ഛൻ ഒരിക്കലും ഞങ്ങടെ കുടുംബത്തിന് വേണ്ടിയല്ലാതെ ജീവിച്ചു കണ്ടിട്ടില്ല.

എന്നിട്ടും അമ്മ കാണിച്ചത്, എഴുതുന്നത്. ആരാണെന്നറിയാത്ത ആരുടെയൊക്കെയോ സ്വന്തമായ ഒരാൾക്കു വേണ്ടി എന്തു സന്തോഷത്തിന്റെ പേരിലായാലും നാം ജീവിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ നൊന്തൊടുങ്ങാൻ പോകുന്ന കുറച്ചധികം മനുഷ്യർ ഉണ്ടെന്നോർക്കുക. തന്നോളം വളർന്നവരുടെ തല അച്ഛനമ്മമാരാൽ കുനിയേണ്ടി വരിക എന്നത് ആത്മഹത്യാപരമാണ്.

ഒടുവിൽ അവൻ മറ്റൊരു ചോദ്യം കൂടി ചോദിച്ചു. എന്റെ അച്ഛന് ഇത്തരം ഒരവിഹിതം ഉണ്ടെന്ന് അമ്മ അറിഞ്ഞാൽ അമ്മ അച്ഛനെതിരെ എന്തു നടപടിയാവും എടുക്കുക. അതിൽ മാഡത്തിന്റെ സംഘടനയായ ചില്ലയടക്കം എന്താണ് ചെയ്യുക.? അവന്റെ വാക്കുകളിൽ പലതും എന്തു പറയണം എന്നറിയാത്തവിധം എന്നെ കുഴക്കികളഞ്ഞു. അവൻ തൊണ്ടയിടറിപറഞ്ഞ പല വാക്കുകളും നമ്മളിൽ പലരും ഒരുപാട് ചിന്തിക്കേണ്ടതാണ്.

കാരണം നമുക്ക് നമ്മുടെ നല്ല മക്കളെ നഷ്ടമാകാതിരിക്കാൻ. അവർക്കു നമ്മൾ നല്ല അച്ഛനുമമ്മയും ആയിരിക്കാൻ. ഒരുവിധം ആരോഗ്യപരമായ കുടുംബജീവിതം നയിക്കുന്നവർ ത്രികോണ ബന്ധങ്ങൾക്ക് വെള്ളം കോരാതിരിക്കുന്നത് നന്നാവും എന്നു പറയുന്ന തരത്തിൽ ഒരു ഇരുപതുകാരന്റെ വാക്കുകൾ നനഞ്ഞു പിടഞ്ഞു.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA