ADVERTISEMENT

തൊടുപുഴ∙ സ്വയംതൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്കു വിവിധ വായ്പകൾ ലഭ്യമാണ്. സ്വയം സഹായ സംഘങ്ങളിലും കുടുംബശ്രീകളിലും അംഗങ്ങളായ സ്ത്രീകൾ എടുക്കുന്ന വായ്പകൾക്കു സംസ്ഥാന സർക്കാരും നബാർഡും അനുവദിക്കുന്ന പലിശയിളവും ലഭിക്കും. സ്ത്രീകൾക്കു സ്വയംതൊഴിൽ കണ്ടെത്തുന്നതിനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും കൈത്താങ്ങായി നിൽക്കുന്ന ചില വായ്പ പദ്ധതികളെ പരിചയപ്പെടാം.

മുദ്ര യോജന പദ്ധതി: ട്യൂഷൻ സെന്റർ, ടൈലറിങ് സെന്റർ, ബ്യൂട്ടിപാർലർ തുടങ്ങിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ സഹായിക്കുന്നതിനാണു മുദ്ര യോജന സ്കീം തുടങ്ങിയത്. 50,000 രൂപ മുതൽ 10 ലക്ഷം വരെയാണ് പരമാവധി ലഭിക്കുക. സ്റ്റാർട്ടപ്പുകൾക്കുള്ള ശിശു പദ്ധതി (50,000 രൂപ വരെ വായ്പ) നന്നായി പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കുള്ള കിഷോർ പ്ലാൻ (50,000 രൂപയ്ക്കും 5 ലക്ഷം രൂപയ്ക്കും ഇടയിലുള്ള വായ്പ), ബിസിനസ് വിപുലീകരണത്തിനുള്ള തരുൺ പ്ലാൻ (5 ലക്ഷം രൂപയ്ക്കും 10 ലക്ഷം രൂപയ്ക്കും ഇടയിൽ) എന്നീ 3 പ്ലാനുകളുണ്ട്.

മഹിളാ ഉദ്യം നിധി പദ്ധതി: ചെറുകിട സംരംഭകർക്ക് ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (എസ്ഐഡിബിഐ) വഴി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി. സ്റ്റാർട്ടപ്പിനും സഹായം ലഭിക്കും. നിലവിലുള്ള പദ്ധതികളുടെ നവീകരണത്തിനായും വായ്പ നൽകും. തിരിച്ചടവിനുള്ള സമയപരിധി 10 വർഷമാണ്, കൂടാതെ അഞ്ച് വർഷത്തെ മൊറട്ടോറിയം കാലയളവും ലഭിക്കും.

∙ ശരണ്യ സെൽഫ് എംപ്ലോയ്മെന്റ് സ്കീം: വിധവകൾ, നിരക്ഷരരായ സ്ത്രീകൾ, പിന്നാക്ക വിഭാഗത്തിൽപെട്ട സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ എന്നിവർക്കു സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള 50,000 വരെയുള്ള പലിശരഹിത വായ്പകൾ ലഭ്യമാക്കുന്ന പദ്ധതി. ഇതിൽ 25,000 രൂപ തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ സബ്സിഡിയായാണു നൽകുന്നത്. വ്യക്തികൾക്കോ സംഘടനകൾക്കോ നാഷനൽ എംപ്ലോയ്മെന്റ് സർവീസ് എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

കേരള ബാങ്കിന്റെ വായ്പ പദ്ധതികൾ

∙ അന്നപൂർണ വായ്പ: ഒരു ലക്ഷം രൂപ 

( കേറ്ററിങ് ബിസിനസ് നടത്താൻ )

∙ കെബി മിത്ര, കെബി സഹജ്: 

( ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ)

∙ ബിസിനസ് വനിതാ വായ്പ: ( 5 ലക്ഷം രൂപ വരെ)

∙ ഉദ്യോഗിനി വായ്പ: ഒരു ലക്ഷം രൂപ 

( സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിന് )

∙ മുറ്റത്തെ മുല്ല വായ്പ: (അത്യാവശ്യ ഘട്ടങ്ങളിൽ കുടുംബശ്രീ വഴി 1000 രൂപ മുതൽ 25000 രൂപ വരെ)

പഠിക്കാം മുന്നേറാം

പെൺകുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും പഠനത്തിനു പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ തലം വരെ വിവിധ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ് പോർട്ടലായ www.dcescholarship.kerala.gov.in ലും കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ് പോർട്ടലായ www.scholarships.gov.in ലും ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.

പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യം വയ്ക്കുന്ന ചില സ്കോളർഷിപ്പുകൾ പരിചയപ്പെടാം.

സി.എച്ച്‌‍.മുഹമ്മദ്‌‍കോയ സ്കോളർഷിപ്: സർക്കാർ / എയ്ഡഡ്‌ സ്ഥാപനങ്ങളിലോ ഗവ. ക്വാട്ടയിൽ അൺ എയ്ഡഡ്‌ കോളജുകളിലോ പഠിക്കുന്ന മുസ്‌ലിം പെൺകുട്ടികൾക്കാണ് ഈ സ്കോളർഷിപ്പിന്‌ അർഹത. വരുമാനപരിധി 4.5 ലക്ഷം രൂപ. 20% ശതമാനം ലത്തീൻ / പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ട വിദ്യാർഥിനികൾക്കായി മാറ്റിവച്ചിരിക്കുന്നു. (ന്യൂനപക്ഷ ഡയറക്ടറേറ്റിൽ നിന്നു കൂടുതൽ വിവരം ലഭിക്കും).

ഇന്ദിരാഗാന്ധി പിജി ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്: നോൺ പ്രഫഷനൽ കോഴ്സുകളിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കാൻ യുജിസി നൽകുന്ന സ്കോളർഷിപ്പാണ് ഇത്. അപേക്ഷക രക്ഷിതാക്കളുടെ ഒറ്റപ്പെൺകുട്ടി (ഇരട്ടകളിലെ പെൺകുട്ടി ഉൾപ്പെടെ) ആയിരിക്കണം. രണ്ട് വർഷങ്ങളിലായി 3200 രൂപയാണ് ഈ സ്കോളർഷിപ് വഴി ലഭിക്കുക. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പ്ലസ് ടു പഠനത്തിന് ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്: സിബിഎസ്ഇ സ്കൂളിൽ 11ാം ക്ലാസിൽ പഠിക്കുന്ന, കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്കു (ഇരട്ടകളിലെ പെൺകുട്ടി ഉൾപ്പെടെ) മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്കൂളിലെ പ്രതിമാസ ട്യൂഷൻ ഫീസ് 1500 രൂപ കവിയരുത്. രണ്ടുവർഷത്തെ ട്യൂഷൻ ഫീസ് വർധന 10%ൽ കൂടരുത്. എൻആർഐക്കാർക്കും അപേക്ഷിക്കാം. അവർക്കു ബാധകമാകാവുന്ന പരമാവധി പ്രതിമാസ ട്യൂഷൻ ഫീസ് 6000 രൂപ വരെയാകാം. രണ്ടുവർഷത്തേക്കു മാസം 500 രൂപ നിരക്കിൽ സ്കോളർഷിപ് ലഭിക്കും. http://cbse.nic.in/newsite/scholar.html

ചാർട്ടേഡ്‌ അക്കൗണ്ടൻസി / കോസ്റ്റ്‌ അക്കൗണ്ടൻസി / കമ്പനി സെക്രട്ടറിഷിപ്  സ്കോളർഷിപ്: സിഎ, ഐസിഡബ്ല്യുയുഎ, സിഎംഎ, സിഎസ്‌ കോഴ്സുകൾക്ക്‌ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുന്ന പദ്ധതി. ബിപിഎൽ വിഭാഗത്തിൽ പെട്ടവരാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ അഭാവത്തിൽ, 6 ലക്ഷം വരെ വരുമാന പരിധിയിൽ ഉൾപ്പെടുന്നവരെയും പരിഗണിക്കും. 20% സ്കോളർഷിപ്പുകൾ ക്രിസ്ത്യൻ സമുദായത്തിൽപെട്ടവർക്കും 30% പെൺകുട്ടികൾക്കുമായി സംവരണം ചെയ്തിരിക്കുന്നു.

പെൺകുട്ടികൾക്ക് ഡിആർഡിഒ സ്കോളർഷിപ്: പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) നൽകുന്ന സ്കോളർഷിപ്പാണിത്. എയ്റോസ്‌പേസ് എൻജിനീയറിങ്, എയ്റോനോട്ടിക്കൽ എൻജിനീയറിങ്, സ്‌പേസ് എൻജിനീയറിങ്, ഏവിയോണിക്സ്, എയർക്രാഫ്റ്റ് എൻജിനീയറിങ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ബിരുദപഠനത്തിന് വർഷം 1,20,000 രൂപ അല്ലെങ്കിൽ യഥാർഥ ഫീസ്, ഏതാണോ കുറവ് അതു നൽകും. പരമാവധി നാലു വർഷത്തേക്ക്. പിജി പഠനത്തിന് മാസം 15,500 രൂപ. https://rac.gov.in

ബീഗം ഹസ്റത്ത് സ്കോളർഷിപ്: 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കു ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള മൗലാനാ ആസാദ് എജ്യുക്കേഷനൽ ഫൗണ്ടേഷൻ (എംഎഇഎഫ്) നൽകുന്ന ബീഗം ഹസ്റത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാം. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജെയിൻ സമുദായങ്ങളിലൊന്നിൽ ഉൾപ്പെട്ടവരാകണം അപേക്ഷകർ. തൊട്ടുമുൻപത്തെ പരീക്ഷയിൽ 50% മാർക്ക് / തത്തുല്യ ഗ്രേഡ് ലഭിച്ചിരിക്കണം. രക്ഷിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷം രൂപ കവിയരുത്. www.maef.nic.in

ഉഡാൻ സ്കോളർഷിപ്: സിബിഎസ്ഇ പെൺകുട്ടികൾക്കായി നൽകുന്ന സ്കോളർഷിപ്പാണിത്. കേന്ദ്രീയ വിദ്യാലയം / നവോദയ / സർക്കാർ സ്കൂളുകൾ / സർക്കാർ അംഗീകൃത സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ പഠിക്കുന്നവരാവണം അപേക്ഷകർ. പത്താം ക്ലാസിൽ 70% മാർക്ക് നേടിയിരിക്കണം. സയൻസിലും മാത്‍സിലും 80% മാർക്ക് വേണം. വാർഷികവരുമാനം 6 ലക്ഷം കവിയരുത്. http://cbseacademic.nic.in/online/UdaanHome/udaan.html

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്കോളർഷിപ്: കേരളത്തിലെ സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിലെയും ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കാണ് അർഹത. എസ്ടി വിഭാഗത്തിൽ നിന്ന് പാസായ എല്ലാവർക്കും മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അതതു സമയത്ത് കൗൺസിൽ നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലുമാണ് സ്കോളർഷിപ് നൽകുന്നത്. http://dcescholarship.kerala.gov.in/hescholarship/he_ma/he_maindx.php

പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്: ന്യൂനപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്. (പ്ലസ്ടു തലം മുതൽ പിഎച്ച്ഡി വരെയുള്ളവർ). അവസാന പരീക്ഷയിൽ 50%ൽ കൂടുതൽ മാർക്ക് നേടണം. വാർഷിക കുടുംബവരുമാനം 2.50 ലക്ഷം കവിയരുത്. 30% സ്കോളർഷിപ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

മെറിറ്റ് കം മീൻസ് സ്കോളർഷിപ്: ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്. ന്യൂനപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും, പഠിക്കാൻ മിടുക്കരുമായ വിദ്യാർഥികൾക്കു പ്രഫഷനൽ / സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്നതിനു സഹായം നൽകുന്നതിനുള്ള സ്കോളർഷിപ്പാണിത്‌. അപേക്ഷകർ മുൻവർഷത്തെ പരീക്ഷയിൽ 50% മാർക്ക് നേടിയവരും വാർഷിക വരുമാനം 2.50 ലക്ഷത്തിൽ കൂടാത്തവരും ആയിരിക്കണം. http://www.minorityaffairs.gov.in/ സന്ദർശിക്കുക.

സഹായപദ്ധതികൾ പലത്

സ്ത്രീകൾക്കായുള്ള വിവിധ സഹായ പദ്ധതികൾ പരിചയപ്പെടാം:

 

കാതോർത്ത്

കൗൺസലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ ആവശ്യമുള്ള സ്ത്രീകൾക്ക് ഓൺലൈൻ കൺസൽറ്റേഷൻ വഴി അടിയന്തര പരിഹാരം ലഭ്യമാക്കുന്ന പദ്ധതിയാണിത്. www.kathorthu.wcd.kerala.gov.in എന്ന സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ വനിതാ സെല്ലിന്റെ സേവനവും ലഭിക്കും.

അമ്മയ്ക്കും കുഞ്ഞിനും കരുതൽ

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിനുള്ള സൗജന്യ ചികിത്സാ പദ്ധതിയാണ് അമ്മയും കുഞ്ഞും പദ്ധതി. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്ന എല്ലാ ഗർഭിണികളും 30 ദിവസം വരെയുള്ള നവജാത ശിശുക്കളുമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതോടൊപ്പം സർക്കാർ ആശുപത്രികളിലെ പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വാഹനത്തിൽ സൗജന്യ നിരക്കിൽ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം. 

ഈ നമ്പർ സേവ് ചെയ്യാം...

112 കൺട്രോൾ റൂം നമ്പർ. 24 മണിക്കൂറും സഹായത്തിനായി വിളിക്കാം. അതിക്രമങ്ങൾ മാത്രമല്ല, ആംബുലൻസ് പോലുള്ള സേവനങ്ങളും അറിയിക്കാം.

1091 അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള വനിതാ ഹെൽപ് ലൈൻ181 വീട്ടിനുള്ളിൽ അക്രമം നടന്നാൽ മിത്രയിൽ വിളിക്കാം

1515 പിങ്ക് പൊലീസ് നമ്പർ

9400080292  എസ്എംഎസ് വഴിയും 

വാട്സാപ് വഴിയും 24 മണിക്കൂറും പരാതി നൽകാം.

1098  18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ചൈൽഡ് ലൈൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com