വ്യഭിചാരക്കുറ്റം ചുമത്തിയ 20 വയസുള്ള യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ കോടതി വിധി

shadow-woman
Representative Image
SHARE

എത്രമാത്രം പരിഷ്‌കാരം പറഞ്ഞാലും ലോകത്തിന്റെ പലഭാഗത്തും പ്രാകൃതമായ നിയമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിന് മിക്കപ്പോഴും ഇരയാവുന്നത് സ്ത്രീകളാണെന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം. അത്തരമൊരു പ്രാകൃത ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് സുഡാനിലെ 20 വയസുളള യുവതി. വ്യഭിചാരകുറ്റത്തിന് ഇവരെ കല്ലെറിഞ്ഞു കൊല്ലാനാണ് സുഡാനിലെ കോടതി വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് സുഡാനിലെ വൈറ്റ് നൈല്‍ പൊലീസ് മരിയം അല്‍സെയ്ദ് ടെയ്‌റാബ് എന്ന ഇരുപതുകാരിയെ വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടന്ന വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി. അതേസമയം യുവതിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അവര്‍ നല്‍കിയ വിവരങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

രാഷ്ട്രീയമായി അസ്ഥിരമായ രാജ്യമാണ് സുഡാന്‍. ഇപ്പോള്‍ പട്ടാളത്തിനാണ് രാജ്യത്തിന്റെ നിയന്ത്രണം. ജനാധിപത്യ സര്‍ക്കാര്‍ സ്ത്രീകള്‍ക്കനുകൂലമായി നിയമനിര്‍മാണങ്ങള്‍ നടത്തിയിരുന്നു. ഇത് അട്ടിമറിക്കാനുളള ശ്രമമാണ് പട്ടാളം നടത്തുന്നതെന്ന ആരോപണം ശക്തമാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കോടതിവിധിയെന്നാണ് കരുതപ്പെടുന്നത്.

അപരിഷ്‌കൃത ശിക്ഷാ രീതികള്‍ക്ക് ഉദാഹരണമാണ് ഇപ്പോഴത്തെ കല്ലെറിഞ്ഞ് കൊല്ലാനുള്ള കോടതിവിധിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. 2020ല്‍ നിയമവിരുദ്ധമാക്കിയ ചാട്ടവാറടി ഇപ്പോഴും കോടതികള്‍ ശിക്ഷയായി നല്‍കുന്നുമുണ്ട്.

സുഡാനിലെ കോടതിവിധി ആഭ്യന്തര അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും ഉടന്‍ തന്നെ ടെയ്‌റാബിനെ നിരുപാധികമായി മോചിപ്പിക്കണമെന്നും ഉഗാണ്ടയിലെ ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് സ്റ്റഡീസ് ആവശ്യപ്പെട്ടു. വ്യഭിചാര കുറ്റത്തിന് കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര നിയമത്തിന്റെ ഗുരുതര ലംഘനമാണ്. ഇത്തരം രീതികള്‍, ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയണമെന്നും എ.സി.ജെ.പി.എസ് പറഞ്ഞു.

തന്നെ കല്ലെറിഞ്ഞ് കൊല്ലാനുള്ള കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് ടെയ്‌റാബ് പ്രതികരിച്ചത്. 2013ല്‍ സുഡാനിലെ സൗത്ത് കോര്‍ഡോഫാനിലാണ് അവസാനമായി സ്ത്രീയെ വ്യഭിചാരത്തിന് കല്ലെറിഞ്ഞ് കൊല്ലാന്‍ ശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീട് ഈ ശിക്ഷ റദ്ദാക്കുകയായിരുന്നു. സമാനമായ രീതിയില്‍ തന്റെ ശിക്ഷയും റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് ടെയ്‌റാബ്.

English Summary: Sudan woman faces death by stoning for adultery in first case for a decade

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS