ഉൾവസ്ത്ര വിവാദം; ഒരു റാഡിക്കൽ മറുവായന

neet-exam
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾ. ചിത്രം∙ മനോരമ
SHARE

മെഡിക്കൽ പ്രവേശനപ്പരീക്ഷയായ നീറ്റിന്റെ ഭാഗമായി നടന്ന ദേഹപരിശോധനയോടനുബന്ധിച്ച് ഉൾവസ്ത്രം അഴിപ്പിച്ചത് തീർച്ചയായും അന്യായമായിപ്പോയി. പ്രത്യേകിച്ചും ദേശീയ പരീക്ഷാ ഏജൻസി അങ്ങനെയൊരു നിബന്ധന വിജ്ഞാപനത്തിൽ പറയാത്ത സാഹചര്യത്തിൽ.  അതു ചെയ്തവർക്കെതിരെ നിയമനടപടി എടുക്കേണ്ടത് അത്യാവശ്യം തന്നെ. പക്ഷേ അതിന്റെ പേരിൽ ഉൾവസ്ത്രത്തെ ഇത്ര ‘ഇമോഷനലി ഗ്ലോറിഫൈ’ ചെയ്യേണ്ട കാര്യമുണ്ടോ? ചില വിദ്യാർഥിനികളുടെ പ്രതികരണങ്ങളിൽ ഉൾവസ്ത്രം അഴിക്കേണ്ടിവന്നപ്പോൾ മനസ്സു തകർന്നുപോയെന്നും ഇത്രനാളത്തെ പ്രതീക്ഷയും പരീക്ഷയ്ക്കുവേണ്ടിയുള്ള അധ്വാനവും വെറുതെയായെന്നും വായിച്ചു. പലർക്കും പരീക്ഷ നേരാംവണ്ണം എഴുതാൻ സാധിച്ചില്ലെന്നും ഉൾവസ്ത്രമില്ലാതെ പരീക്ഷ എഴുതിയതു കാരണം പ്രകടനം മോശമായെന്നും പറയുന്നു. സത്യത്തിൽ ഉൾവസ്ത്രം അഴിച്ചതിന്റെ പേരിൽ അത്രയ്ക്കൊക്കെ മനസ്സു തകരണോ? ഉൾവസ്ത്രത്തിന്റെ ഹുക്ക് അഴിയുമ്പോഴേക്കും തകരാനുള്ള മനക്കരുത്തോ ഉള്ളോ നമ്മുടെ കുട്ടികൾക്ക്? 

വസ്ത്രമാണോ വ്യക്തിത്വം?

വഴിയേ പോകുന്ന ഒരുത്തൻ കയറിപ്പിടിക്കുകയോ ബലാൽക്കാരം ചെയ്യുകയോ ചെയ്താൽ അവർക്കെതിരെ നിയമനടപടി എടുക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും പെൺകുട്ടിയുടെ മനസ്സു തകരേണ്ട കാര്യമില്ലെന്നും ‘നിനക്കൊന്നും സംഭവിച്ചിട്ടില്ലെന്നും’ ചിന്തിക്കാനല്ലേ നമ്മൾ പഠിപ്പിക്കുന്നത്? ഓരോ തവണ ‘റേപ്’ വാർത്തകൾ വായിക്കുമ്പോഴും കേൾക്കുമ്പോഴും ‘ഇര’ എന്ന അബദ്ധസങ്കൽപം ഉപേക്ഷിക്കാനല്ലേ നാം പെൺകുട്ടികളോട് പറയാറുള്ളത്? കന്യകാത്വം, ചാരിത്ര്യം തുടങ്ങിയ ആൺസമൂഹം പെണ്ണിനു കെട്ടിയേൽപിച്ച പട്ടങ്ങളുടെ അസംബന്ധം പറഞ്ഞുകൊടുക്കുകയല്ലേ നാം ചെയ്യുന്നത്? ആരെങ്കിലും അനുവാദം കൂടാതെ ബലാ‍ൽക്കാരം ചെയ്താൽ തകരുന്നതല്ല പെണ്ണിന്റെ ചാരിത്ര്യം എന്നല്ലേ നാം അവരെ പഠിപ്പിക്കുന്നത്? അപ്പോൾ പിന്നെ ഉൾവസ്ത്രം അഴിക്കുന്നതിന്റെ പേരിൽ എങ്ങനെയാണ് സ്ത്രീത്വം അപമാനിക്കപ്പെടുന്നത്? 

ഉൾവസ്ത്രം അഴിപ്പിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നത് അംഗീകരിക്കാം. അടിവസ്ത്രമായാലും ഉൾവസ്ത്രമായാലും അതു നിർബന്ധപൂർവം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാൽ ഒരാളുടെ സ്വകാര്യത ഏറ്റവും സങ്കടകരമായി മുറിവേൽക്കപ്പെടുകതന്നെ ചെയ്യും. പക്ഷേ ആണിന്റെ അടിവസ്ത്രം അഴിക്കാൻ പറയുമ്പോൾ അവൻ അനുഭവിക്കുന്ന സ്വകാര്യസംഘർഷത്തേക്കാൾ കൂടുതലായൊന്നും പെണ്ണിന്റെ ഉൾവസ്ത്രമഴിക്കേണ്ടിവരുമ്പോൾ അവൾക്കു തോന്നേണ്ട കാര്യമില്ല. തോന്നാനും പാടില്ല. കാരണം ആ ഇത്തിരിത്തുണിക്കഷ്ണത്തിലല്ല അവളുടെ സ്ത്രീത്വം ഇരിക്കുന്നത്. അല്ല, ഇനി അങ്ങനെയെങ്ങാനുമാണോ നമ്മുടെ പുതുതലമുറ ധരിച്ചുവച്ചിരിക്കുന്നത്? 

ബ്രാ എങ്ങനെ അശ്ലീലമാകും?

ഉൾവസ്ത്രം എന്ന ഡെക്കറേഷനൊന്നും കൂടാതെ ബ്രാ എന്നു വ്യക്തമായി പറയാൻ നമ്മളെന്തിനാണ് മടിക്കുന്നത്? സാരിക്കും കുർത്തയ്ക്കും സ്കേർട്ടിനുമൊക്കെ അവയുടെ പേര് പുറത്തു പറയാമെങ്കിൽ ബ്രായ്ക്ക് എന്തിനാണ് ഇത്ര അയിത്തം കൽപിക്കുന്നത്? ലൈംഗികവിദ്യാഭ്യാസത്തിന്റെ ആദ്യപാഠംതന്നെ കുട്ടികൾക്ക് അവരുടെ ലൈംഗിക അവയവങ്ങൾ പേരു സഹിതം മനസ്സിലാക്കിക്കൊടുക്കുകയെന്നതാണ്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും സ്വന്തം ലൈംഗിക അവയവങ്ങളെ പേരെടുത്തു പറഞ്ഞു തന്നെ അറിഞ്ഞിരിക്കണം എന്നതാണ്. നാട്ടിൻപുറങ്ങളിൽ പണ്ടു നമ്മുടെ അച്ഛനമ്മമാർ എന്തൊക്കെ വട്ടപ്പേരുകളിലാണ് അവയെയൊക്കെ വിളിച്ചിരുന്നതെന്നോർത്താൽ ഇപ്പോൾ ചിരിവരും. ലൈംഗികത തീർച്ചയായും സ്വകാര്യവും വ്യക്തിപരവുമാണ്, പക്ഷേ ലൈംഗിക വിദ്യാഭ്യാസമോ ലൈംഗികതയെക്കുറിച്ചുള്ള അറിവോ രഹസ്യസ്വഭാവം ആവശ്യപ്പെടുന്നില്ല. പ്രായപൂർത്തിയായ ആൺ–പെൺ കുട്ടികളോട് ലൈംഗികതയെക്കുറിച്ചു തുറന്നു സംസാരിക്കണമെന്നാണ് ഡോക്ടർമാരും സാമൂഹ്യ വിദഗ്ദരും അഭിപ്രായപ്പെടുന്നത്. ആർത്തവം ഉൾപ്പെടെയുള്ള വിഷയങ്ങൾ പൊതു ഇടങ്ങളിൽ ഉച്ചത്തിൽ സംസാരിക്കപ്പെടുന്ന/ സംസാരിക്കപ്പെടേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പിന്നെന്തിനാണ് ബ്രാ എന്ന വാക്ക് ഉച്ചരിക്കാൻ നമുക്ക് മടി? 

സാനിറ്ററി നാപ്കിൻ വാങ്ങാൻ കടയിൽ ചെല്ലുമ്പോൾ പെൺകുട്ടികളിൽ ചിലർക്കുള്ളൊരു ജാള്യതയുണ്ട്. ‘ചേച്ചീ ഇതൊന്നു പൊതി‍ഞ്ഞു തരണേ’ എന്നും പറഞ്ഞ് സാനിറ്ററി നാപ്കിൻ പൊതിഞ്ഞുവാങ്ങി തിടുക്കത്തിൽ സഞ്ചിയിലേക്കിട്ടു കടയിൽനിന്നിറങ്ങുന്ന പെൺകുട്ടികളായിരുന്നു പലരും. ഇപ്പോൾ അത്തരം പെൺസങ്കോചങ്ങൾക്കു മാറ്റം വന്നിട്ടുണ്ട്. തുണിക്കടയിൽ ചെന്ന് ഇന്നർവെയർ സെക്ഷനിലേക്ക് ധൈര്യത്തോടെയും ആത്മവിശ്വാസത്തോടയും കടന്നു ചെല്ലാൻ കഴിയുന്നുണ്ട് പുതിയ കാലത്തെ പെൺകുട്ടികൾക്ക്. അവർക്കു മുന്നിൽ എന്തിന് ബ്രാ എന്ന വാക്ക് നാം മനപ്പൂർവം ഉച്ചരിക്കാതിരിക്കണം. മറ്റേതൊരു വസ്ത്രത്തെയും പോലെതന്നെയാണ് ബ്രായെന്നും അത് അവളുടെ അശ്ലീലമല്ലെന്നും പെൺകുട്ടികൾ തിരിച്ചറിയട്ടെ.

ബ്രാ ഊരിയെറിഞ്ഞ് ‘കത്തിച്ച്’ ചരിത്രം

ചരിത്രം പരിശോധിച്ചാൽ അറിയാം ബ്രാ പണ്ടും സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു. 1969ലെ മിസ്സ് അമേരിക്ക മൽസരം പിൽക്കാലത്ത് മിസ് അമേരിക്ക സമരമായി മാറിയതിനു പിന്നിലും ബ്രാ തന്നെയായിരുന്നു കാരണം. 1968 സെപ്റ്റംബർ 7നു നടന്ന മിസ് അമേരിക്ക മൽസരം ലോകശ്രദ്ധയാകർഷിച്ചത് അതിൽ പങ്കെടുത്ത ഇരുന്നൂറോളം റാഡിക്കൽ ഫെമിനിസ്റ്റകളുടെ വേറിട്ട സമരമാർഗംകൊണ്ടായിരുന്നു. സ്ത്രൈണമെന്നു സമൂഹം മുദ്രകുത്തുന്ന എല്ലാത്തിനെയും ബഹിഷ്കരിക്കുക എന്നതായിരുന്നു സമരത്തിന്റെ അജൻഡ. അറ്റ്‌ലാന്റിക് സിറ്റിയിൽ അന്നു തയാറാക്കിയ ഫ്രീഡം ട്രാഷ് കാനിലേക്ക് അവർ വലിച്ചെറിഞ്ഞ സ്ത്രൈണ ഉൽപന്നങ്ങളിൽ ലിപ്സ്റ്റിക്കിനും കൺമഷിക്കും ഹെയർ സ്പ്രേയ്ക്കുമൊപ്പം അവർ ധരിച്ചിരുന്ന ബ്രാ കൂടി ഉണ്ടായിരുന്നു എന്നത് ബ്രായുടെ സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുടെ ചരിത്രപ്രസക്തികൂടി സൂചിപ്പിക്കുന്നു. ഊരിയെറിഞ്ഞ ബ്രാകൾ കൂട്ടിയിട്ടു കത്തിച്ച് അന്ന് അവർ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനം കേവലം പ്രതീകാത്മകം മാത്രമായിരുന്നെങ്കിലും സാമ്പ്രദായികമായ സ്ത്രീസങ്കൽപങ്ങളെ പൊളിച്ചെഴുതുന്നതിനുള്ള ആഖ്യാനമുണ്ടായിരുന്നു അതിൽ. കേരളചരിത്രത്തിലും സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു നടന്ന ചാന്നാർ കലാപം (മാറു മറയ്ക്കൽ സമരം1813–1859) മറ്റൊരു സമാന്തര സമരമയിരുന്നു. ഉയർന്ന ജാതിയിലുള്ള സ്ത്രീകൾക്കു മാത്രം മാറു മറയ്ക്കാൻ അനുവാദമുണ്ടായിരുന്ന അക്കാലത്ത് താഴ്ന്ന ജാതിയിലുള്ള സ്ത്രീകളുടെ മുലകൾ കാഴ്ചയ്ക്കുള്ള പൊതുസ്വത്തായി മാറിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. 

ലോഹക്കൊളുത്ത് ഉണ്ടെന്ന കാരണത്താലാണ് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളോട് ബ്രാ അഴിക്കാൻ ആവശ്യപ്പെട്ടത്. ദേശീയ പരീക്ഷാ ഏജൻസി അത്തരത്തിലൊരു നിർദേശം വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ലെങ്കിൽ അത് ചെയ്തതു തെറ്റായിപ്പോയി. മാത്രമല്ല ഇത്തരം കാര്യങ്ങളുടെ നടത്തിപ്പിനും ദേഹപരിശോധനയ്ക്കും മറ്റുമായി നിയോഗിച്ച സ്ത്രീകളുടെ തിരഞ്ഞെടുപ്പിലും പാളിച്ച പറ്റി. പെട്ടെന്ന് ഉൾവസ്ത്രം നിർബന്ധപൂർവം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാർഥിനികൾ അനുഭവിച്ച മാനസിക സംഘർഷം മനസ്സിലാക്കാം. പക്ഷേ ഉൾവസ്ത്രം അഴിച്ചതിന്റെ പേരിൽ വൃണപ്പെടാൻ മാത്രം ദുർബലമല്ല അവളുടെ സ്ത്രീത്വമെന്നും ബ്രായുടെ ഹുക്കഴിച്ചാൽ ഇടിഞ്ഞുതൂങ്ങുന്നതല്ല അവളുടെ വ്യക്തിത്വമെന്നും തീർച്ചായും പെൺകുട്ടികൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. തന്റെ നേർക്കു നീളുന്നൊരു വൃത്തികെട്ട സ്പർശത്തിനു ഡെറ്റോളിട്ടുകഴുകിയാൽ മതിയെന്ന് പെൺമക്കളെ ഉപദേശിക്കേണ്ടിവരുന്ന ഇക്കാലത്ത് അവരോട് പറഞ്ഞുകൊടുത്തേ മതിയാകൂ, നിന്റെ ഉൾവസ്ത്രത്തിന്റെ പേരിൽ ഉടവു തട്ടാനുള്ളതല്ല നിന്റെ സ്ത്രീത്വമെന്ന്... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}