ADVERTISEMENT

നാടും വീടും വീട്ടുകാരെയും സുഹൃത്തുക്കളേയുമൊക്കെ ഉപേക്ഷിച്ചാണ് ഫര്‍സാന ഫറാസോയെ പോലുള്ള ആയിരങ്ങള്‍ കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. താലിബാന്റെ കയ്യില്‍ നിന്നും ജീവന്‍ രക്ഷിക്കുകയെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം എത്തിപ്പെട്ട രാജ്യങ്ങളുടെ ഭാഷയും ജീവിതവുമായി പൊരുത്തപ്പെടാന്‍ പാടുപെടുകയാണ് ഈ അഭയാര്‍ഥികള്‍. 

 

താലിബാന്‍ ഭരണത്തിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും സ്ത്രീകള്‍ക്ക് ഏതു മേഖലയിലും ജോലിയെടുക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അപ്പോഴും ഈ സ്ത്രീ സ്വാതന്ത്ര്യം നഗര പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരുന്നു. യുദ്ധപ്രഭുക്കള്‍ നിയന്ത്രിച്ചിരുന്ന ഉള്‍ഗ്രാമങ്ങളില്‍ താലിബാന്‍ രീതികളില്‍ വലിയ മാറ്റമുണ്ടായിരുന്നില്ല.  പൊലീസുകാരിയായിരുന്ന ഫര്‍സാന ഫറാസോ താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ തുടരുന്നത് അവരുടെ ജീവന് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞാണ് ഫ്രാന്‍സ് അഭയം നല്‍കിയത്. താലിബാന്‍ നേതാക്കളെ അടക്കം പിടികൂടുന്ന പ്രവര്‍ത്തനങ്ങളില്‍ ഫര്‍സാന ഭാഗമായിരുന്നു. പോരാത്തതിന് അഫ്ഗാനിലെ ഹസാരയെന്ന ന്യൂനപക്ഷാംഗമാണ് ഫര്‍സാന. സുന്നി ഭൂരിപക്ഷമുള്ള അഫ്ഗാനിസ്ഥാനില്‍ ഹസാരയെ പോലുള്ള ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്കും ഭീഷണിയുണ്ട്. 

 

പാരിസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായാണ് ഫര്‍സാന ഇപ്പോള്‍ ജീവിതം മുന്നോട്ടു നയിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷവും പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു. 'ഞാന്‍ ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമല്ലെന്നതാണ് സത്യം. എനിക്ക് ഫ്രഞ്ച് അറിയില്ലെന്നതാണ് ആദ്യത്തെ പ്രശ്‌നം. ഇവിടെയുള്ളവര്‍ പ്രശ്‌നങ്ങളെ കാണുന്നത് വ്യത്യസ്ത രീതിയിലാണ്. പ്രവൃത്തിയേക്കാള്‍ സംസാരമാണ് ഇവിടെ കൂടുതല്‍' വാര്‍ത്താ ഏജന്‍സി എഎഫ്പിയോട് ഫര്‍സാന തുറന്നു പറയുന്നു. 

 

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് മാത്രമല്ല അഭയാര്‍ഥികളായി പുറത്തെത്തിയ സ്ത്രീകള്‍ക്കും നിരവധി വെല്ലുവിളികളുണ്ടെന്നാണ് ഇവരുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. എല്ലാം ഒന്നില്‍ നിന്നു തുടങ്ങണമെന്നതാണ് അഭയാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഫര്‍സാനയുടെ കാര്യം തന്നെയെടുത്താല്‍, അവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ജോലിയും വരുമാനവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വതന്ത്രയായിരുന്നു അവര്‍. അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസത്തിനു പോലും ഫ്രാന്‍സിലെത്തിയപ്പോള്‍ ഉപയോഗമില്ലാതായെന്നും 29കാരി ഫര്‍സാന ആശങ്ക പങ്കുവെക്കുന്നു. 

 

പുതിയ നാടും ജീവിതവും പ്രത്യേകിച്ച് അഭയാര്‍ഥികള്‍ക്ക് വലിയ വെല്ലുവിളിയാവാറുണ്ട്. ഇക്കാര്യം ഫ്രാന്‍സിലെ ഇമിഗ്രേഷന്‍ ഇന്റഗ്രേഷന്‍ അതോറിറ്റിയുടെ തലപ്പത്തുള്ള ദിദിയര്‍ ലെഷി തന്നെ സമ്മതിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഫ്രാന്‍സില്‍ അഭയാര്‍ഥിയായെത്തിയ മാധ്യമപ്രവര്‍ത്തകയായ മുര്‍സല്‍ സയാസ് പറയുന്നത് തന്റെ കാര്യത്തില്‍ കൂടുതല്‍ ഭാഗ്യമുണ്ടെന്നാണ്. കാരണം, ഒരു പുസ്തക പ്രസാധകര്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് പുസ്തകം എഴുതാന്‍ അവരെ സമീപിച്ചിരിക്കുകയാണ്.  

'രാജ്യം, സ്വാതന്ത്ര്യം, സമ്പാദ്യം... ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. പുതിയ രാജ്യത്ത് എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ട സ്ഥിതിയാണുള്ളത്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം എല്ലാ അഭയാര്‍ഥികള്‍ക്കുമുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കില്ല' മുര്‍സല്‍ സയാസ് അനുഭവം വിശദീകരിക്കുന്നു. 

താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിരുന്നു. എന്നാല്‍ പ്രക്ഷോഭകര്‍ വ്യാപകമായി അറസ്റ്റിലാവുകയും ക്രൂര മര്‍ദനത്തിനിരയാവുകയും ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ അംനസ്റ്റി ഇന്റര്‍നാഷണല്‍ തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സാക്ഷികളെ ഉദ്ധരിച്ച് പുറത്തുവിട്ടിട്ടുണ്ട്. 

 

2021 ഓഗസ്റ്റിനു ശേഷം ഫ്രഞ്ച് സര്‍ക്കാര്‍ ഔദ്യോഗികമായി 4,340 അഫ്ഗാനികളെ വിമാനമാര്‍ഗം ഫ്രാന്‍സിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴും ജീവനു ഭീഷണിയുള്ളവര്‍ക്ക് അഭയം നല്‍കുന്നുമുണ്ട്. ഇതുവരെ 13,000 അഫ്ഗാനികള്‍ ഫ്രാന്‍സില്‍ അഭയാര്‍ഥികളായെത്തിയിട്ടുണ്ട്. ഇതില്‍ പലരും സ്വന്തം നിലക്ക് ഫ്രാന്‍സിലെത്തി അഭയാര്‍ഥിയാവാന്‍ അപേക്ഷ നല്‍കിയവരാണ്. ഫ്രാന്‍സിലെ അഭയാര്‍ഥികള്‍ക്കായുള്ള ഏജന്‍സിയായ ഒഎഫ്പിആര്‍എയും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവുമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

English Summary: Women rights crumbling under Taliban regime "depressing": Afghan feminists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com