ADVERTISEMENT

ലോകമെമ്പാടും ഇപ്പോൾ‌ ഉദ്വേഗത്തോടെ തിരയുന്ന പേരാണ് നതാലിയ വോവ്ക്. റഷ്യയെ ഞെട്ടിച്ച ഡാര്യ ഡുജിനയുടെ കൊലപാതകത്തിന് പിന്നിലെ അദൃശ്യ കരമോ? പരിചയ സമ്പന്നയായ ചാരവനിതയോ ആരാണിവർ? ആരോപണങ്ങളും അഭ്യൂഹങ്ങളും എതിർപക്ഷം നിഷേധിക്കുമ്പോൾ നതാലിയയ്ക്കുവേണ്ടിയുള്ള അന്വേഷണങ്ങളും കഥകളും നീളുകയാണ്.

യുക്രെയ്നു നേരെ റഷ്യ തൊടുത്ത യുദ്ധം ആറ് മാസം പിന്നിടുമ്പോൾ ലോകത്തെ ഞെട്ടിച്ച പ്രധാന സംഭവങ്ങളിലൊന്നാണ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തനായ‘പുട്ടിന്റെ റാസ്പുട്ടിൻ’ എന്നറിയപ്പെടുന്ന അലക്സാണ്ടർ ഡുജിന്റെ മകൾ ഡാര്യയുടെ കൊലപാതകം. കാർ ബോംബ് സ്ഫോടനത്തിലൂടെ ഡാര്യയെ ഇല്ലാതെയാക്കിയത് ക്രെംലിനിലെ മണൽത്തരികളെപ്പോലും വിറപ്പിച്ചിരിക്കുകയാണ്. പുട്ടിന് മേൽ നിർണായകമായ സ്വാധീനം പുലർത്തുന്ന അലക്സാണ്ടറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിലയിരുത്തുന്നത്. കാർ സീറ്റിന്റെ അടിയിൽ 800 ഗ്രാം ഭാരം വരുന്ന സ്ഫോടകവസ്തു സ്ഥാപിച്ചായിരുന്നു സ്ഫോടനം.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം യുക്രെയ്നിലേക്കാണു നീളുന്നത്. പക്ഷേ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് യുക്രെയ്ന്റെ പക്ഷം.  ഉർന്നുവരുന്ന പല ചോദ്യങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ പേരാണ് നതാലിയയുടേത്. ഡാര്യയുടെ കൊലപാതകത്തിനു പിന്നിൽ  പ്രവർത്തിച്ചത് നതാലിയ വോവ്കാണെന്ന അഭ്യൂഹം റഷ്യയിൽ പലയിടങ്ങളിൽ നിന്നായി ഉയരുന്നുണ്ട്. ഇപ്പോൾ യുക്രൈനൊപ്പമുള്ള ആസോവ് ബറ്റാലിയൻ സേനയിൽ ഉൾപ്പെട്ടതാണ് നതാലിയ എന്നാണു റഷ്യൻ ഭാഷ്യം. യുക്രെയ്നിലെ ഡോനെറ്റ്സ്ക് മേഖലയിലുള്ള മരിയുപ്പോൾ നഗരത്തിൽ 1976ലാണു നടാലിയ ജനിച്ചതെന്നാണ് റഷ്യൻ ചാരസംഘടനായ എഫ്എസ്ബി പറയുന്നത്. 

യുക്രെയ്ൻ സോവിയറ്റ് യൂണിയന്റെ ഭാഗമായി നിന്ന കാലയളവായിരുന്നു അത്. മരിയുപ്പോൾ നഗരം ഇന്ന് ആസോവ് ബറ്റാലിയന്റെ ആസ്ഥാനമാണ്. നതാലിയ ഒരു ചാരവനിതയായി ജൂലൈയിൽ എത്തി എന്നാണ് റഷ്യൻ അഭ്യൂഹങ്ങൾ. ഒരു കാറിലായിരുന്നത്രേ യുക്രെയ്നിൽ നിന്നുള്ള വരവ്. ഡോനെറ്റ്സ്ക് മേഖല റഷ്യൻ അനുകൂല മേഖലയാണ്. ഇവിടത്തെ ആളുകൾക്ക് റഷ്യ വീസയില്ലാതെ പ്രവേശനവും നൽകാറുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയായിരുന്നു നതാലിയ വന്നതെന്ന് റഷ്യൻ വൃത്തങ്ങൾ പറയുന്നു.പിന്നീട് മോസ്കോയിൽ വന്ന നതാലിയ അലക്സാണ്ടർ ഡുജിനും കുടുംബവും താമസിച്ച അപ്പാർട്മെന്റിനു സമീപം താമസമുറപ്പിച്ചു. രണ്ടുമാസത്തോളം ഇവരെ നിരീക്ഷിച്ചു. നതാലിയ തന്റെ കുട്ടികളെയും റഷ്യയിൽ കൊണ്ടുവന്നിരുന്നു. ഡുജിനയുടെ മരണത്തിനിടയാക്കിയ സ്ഫോടനം പദ്ധതിയിട്ടു നടത്തിയ ശേഷം നതാലിയ എസ്റ്റോണിയയിലേക്കു രക്ഷപ്പെട്ടെന്നും റഷ്യ പറയുന്നു.

എന്നാൽ നതാലിയ തങ്ങൾക്കൊപ്പം സേവനമനുഷ്ഠിച്ചതിന് ഒരു രേഖയും ഇല്ലെന്നാണ് അസോവ് ബറ്റാലിയൻ പറയുന്നത്. റഷ്യ കെട്ടിച്ചമച്ച കഥകളുമായി വ്യാജപ്രചരണം നടത്തുകയാണെന്നും അവർ ആരോപിക്കുന്നു. ഏതായാലും നതാലിയയുടെ യഥാർഥ വ്യക്തിത്വത്തെ സംബന്ധിച്ചുള്ള പരസ്പര വിരുദ്ധമായ കഥകൾ ദുരൂഹമായ കൊലപാതക കേസ് കൂടുതൽ സങ്കീർണമാക്കുകയാണ്. എന്നാല്‍ ഡാര്യയ്ക്ക് നേരെ വന്ന ബോംബ്  പുടിന്റെ ആന്തരിക വൃത്തത്തെ ലക്ഷ്യമിട്ടുള്ള അസംതൃപ്തരായ റഷ്യൻ ഉന്നതരുടെ തന്നെ സൃഷ്ടിയാണെന്നും അഭ്യൂഹമുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ റഷ്യക്കുള്ളിലെ ഒരു അജ്ഞാത വിമത സംഘവും രംഗത്തെത്തിയതോടെ അന്വേഷണം കൂടുതൽ നിർണായകമാകുകയാണ്.

English Summary: Who Is Natalia Vovk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com