ADVERTISEMENT

ഹാലോവീൻ ആഘോഷങ്ങൾ പൊടിപൊടിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളിലുള്ളവർ. ഇത്തരത്തിൽ ഹാലോവിൻ അലങ്കാരങ്ങൾക്കായി ഓൺലൈനിൽ ഒരു ശവപ്പെട്ടി ഓർഡർ ചെയ്തതാണ് അമേരിക്കയിലെ മേരിലാൻഡ് സ്വദേശിനിയായ ബ്രൂക് വോസ്നിയാക് എന്ന യുവതി. എന്നാൽ മരണപ്പെട്ട ഒരു വ്യക്തിയുടെ ചിതാഭസ്മം അടക്കമാണ് പെട്ടി ബ്രൂക്കിന്റെ വീട്ടിലെത്തിയത്.

 

ഫേസ്ബുക്കിലെ മാർക്കറ്റ് പ്ലേസിൽ നിന്നുമാണ് തനിക്കു വേണ്ട പെട്ടി ബ്രൂക്ക് കണ്ടെത്തിയത്. വെളുത്ത നിറത്തിൽ പെയിന്റ് ചെയ്ത സ്റ്റീലിൽ നിർമ്മിച്ച പെട്ടി വീട്ടിലെത്തിയപ്പോൾ ബ്രൂക്ക് ഏറെ സന്തോഷിക്കുകയും ചെയ്തു. എന്നാൽ പെട്ടി തുറന്നു നോക്കിയപ്പോൾ അതിന്റെ ഒരു ഭാഗത്തായി ചില സാധനങ്ങൾ ഒട്ടിച്ചു വച്ച നിലയിൽ കണ്ടെത്തി. മരണപ്പെട്ട വ്യക്തിയുടെ ഫോട്ടോഗ്രാഫ്, അവരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പർ, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കിടന്നിരുന്ന സമയത്ത് അവരുടെ കയ്യിൽ ധരിച്ചിരുന്ന ആശുപത്രിയുടെ പേര് പതിച്ച ബാൻഡ്  എന്നിവയ്ക്കൊപ്പം വെള്ള നിറത്തിലുള്ള ഒരു കവറിനുള്ളിൽ ചിതാഭസ്മവും സൂക്ഷിച്ച നിലയിലാണ് പെട്ടി ബ്രൂക്കിനു ലഭിച്ചത്.

 

ഇതുകണ്ട് ബ്രൂക്കും ഒപ്പം ഉണ്ടായിരുന്നവരും അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി. എന്നാൽ ചിതാഭസ്മം അടക്കമുള്ള അവശേഷിപ്പുകൾ മരിച്ച വ്യക്തിയുടെ ബന്ധുക്കൾക്ക് കൈമാറണമെന്ന തീരുമാനത്തിൽ ഒടുവിൽ ബ്രൂക്ക് എത്തുകയായിരുന്നു. അങ്ങനെ ഈ സാധനങ്ങളുടെയും പെട്ടിയുടെയും വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. മരിച്ച വ്യക്തിയുടെ ബന്ധുക്കൾ ആരെങ്കിലും വിഡിയോ കണ്ട് സമീപിക്കും എന്ന ബ്രൂക്കിന്റെ ധാരണ തെറ്റിയില്ല. മരണപ്പെട്ട എഡിത്ത് ക്രൂസ് എന്ന സ്ത്രീയുടെ ചെറുമകൾ വീഡിയോ കാണുകയും ഈ വിവരം അമ്മയെ അറിയിക്കുകയും ചെയ്തു. എഡിത്തിന്റെ മകളായ സബ്രീനയാണ് ഈ വസ്തുക്കളെല്ലാം തന്റെ അമ്മയുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.

 

കമ്യൂണിറ്റി പാസ്റ്ററായിരുന്ന എഡിത്ത് കഴിഞ്ഞ ജനുവരിയിൽ കോവിഡ് മൂലമാണ് മരണപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചശേഷം എഡിത്തിനെ കാണാനോ പരിചരിക്കാനോ ബന്ധുക്കൾക്ക് അവസരം ലഭിച്ചിരുന്നില്ല. മരണാനന്തര ചടങ്ങുകൾ ഏറ്റെടുത്തു നടത്തുന്ന ഫ്രീമാൻ ഫ്യൂണറൽ സർവീസസ് എന്ന കമ്പനിയാണ് സബ്രീനയുടെ നിർദ്ദേശപ്രകാരം എഡിത്തിന്റെ ശവസംസ്കാരം നടത്തിയത്. 

 

ചിതാഭസ്മവും മറ്റു സാധനങ്ങളും ബ്രൂക്കിൽ നിന്നും സബ്രീന നേരിട്ട് എത്തി കൈപ്പറ്റി. അതിനോടകം മരണപ്പെട്ട മറ്റൊരു വ്യക്തിയുടെ വിവരങ്ങളും ഓർഡർ ചെയ്ത പെട്ടിക്കുള്ളിൽ നിന്നും ബ്രൂക്ക് കണ്ടെത്തിയിരുന്നു. ഇത്രയും ഉത്തരവാദിത്വമില്ലാത്ത രീതിയിൽ ശവസംസ്കാരം നടത്തിയത് സബ്രീന ചോദ്യം ചെയ്തതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾക്ക് വ്യക്തത വരുത്താം എന്ന് ഉറപ്പുനൽകിയിരിക്കുകയാണ് ഫ്രീമാൻ ഫ്യൂണറൽ സർവീസസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com