സ്ഥിരം യാത്ര ചെയ്യുന്ന ബസിന്റെ ചിത്രം ടാറ്റൂ ചെയ്ത് യുവതി; പിന്നിലെ കാരണം?

tatoo-woman
Image Credit∙ elliottcolvinn/Instagram
SHARE

ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ നൂറായിരം വഴികളുണ്ട്. അവയിൽ ഒന്നാണ് ഇഷ്ടപ്പെട്ട മനുഷ്യരുടെയോ മൃഗങ്ങളുടെയോ സംഗീത ഉപകരണത്തിന്റെയോ ഒക്കെ ചിത്രങ്ങൾ ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത്. മാഞ്ചസ്റ്റർ സ്വദേശിനിയായ ഏലിയറ്റ് കോൾവിൻ എന്ന യുവതി ഇവരിൽ നിന്നെല്ലാം അല്പം വ്യത്യസ്തയാണ്. ബസുകളോടുള്ള അഗാധമായ ഇഷ്ടം കാരണം സ്ഥിരമായി യാത്ര ചെയ്യുന്ന ബസിന്റെ ചിത്രമാണ് 25 കാരിയായ ഏലിയറ്റ് തന്റെ കൈകളിൽ പച്ച കുത്തിയത്. 

ബസുകളോട് തനിക്ക് എത്രത്തോളം ഇഷ്ടമുണ്ട് എന്നത് ലോകത്തെ വിളിച്ചറിയിക്കാനുള്ള ഒരു മാർഗമാണ് ഈ ടാറ്റൂ എന്ന് ഏലിയേറ്റ് പറയുന്നു. ജോലിക്കായി പതിവായി സ്റ്റോക്ക്പോർട്ടിലേക്ക്  പോകുന്ന ബസിന്റെ ചിത്രമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. ഈ ബസിനോട് അല്പം ഇഷ്ടക്കൂടുതൽ തോന്നാൻ ഏലിയറ്റിന് മറ്റൊരു കാരണം കൂടിയുണ്ട്. ജീവിതപങ്കാളിയായ വില്‍ സാന്റേഴ്‌സിനെ ഏലിയറ്റ് കണ്ടുമുട്ടിയത് ഈ ബസിൽ വച്ചാണ്. പതിവായി ബസിൽ വച്ചുകണ്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

ബസിന്റെ റൂട്ടും നമ്പറും എല്ലാം ടാറ്റുവിൽ വ്യക്തമായി കാണാം. ജീവിതത്തിൽ കൂടുതൽ സമയവും ഈ ബസിലാണ് ചിലവിടുന്നത് എന്നും അതുകൊണ്ടുതന്നെ ഇത് ഏറെ പ്രിയപ്പെട്ടതാണെന്നും ഏലിയറ്റ് പറയുന്നു. വില്ലുമായി പരിചയപ്പെട്ടിട്ട് അഞ്ചുവർഷങ്ങൾ പിന്നിട്ടു. എന്നാൽ ഇതിനിടയ്ക്ക് ഒരിക്കലും തനിക്ക് ബസുകളോടും യാത്രയോടുമുള്ള ഇഷ്ടം പൊയ്പ്പോയിട്ടില്ല. ഇരുവരും ചേർന്ന് മാഞ്ചസ്റ്ററിൽ ആദ്യമായി ഒരു ഫ്ലാറ്റ് വാങ്ങിയപ്പോഴും അവിടെ ഏലിയറ്റിനെ ആകർഷിച്ച ഘടകം ബസ് തന്നെയാണ്. രണ്ടുമിനിറ്റ് ഇടവിട്ട് ബസ് എത്തുമെന്ന ഒറ്റ കാരണംകൊണ്ട് അവിടുത്തെ ജീവിതം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്നും ഏലിയറ്റ് പറയുന്നു.

മൈസി എന്ന ടാറ്റൂ ആർട്ടിസ്റ്റാണ് ഏലിയറ്റിന്  ചിത്രം വരച്ചു നൽകിയത്. യുവതിയുടെ മനസ്സിലെ ആഗ്രഹം അതേപടി കൈകളിലേക്ക് പകർത്താൻ മൈസിക്ക് സാധിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് അല്പം വിചിത്രമായി തോന്നുമെങ്കിലും ഇന്നോളം തന്റെ ടാറ്റൂ കണ്ടവരാരും മോശം അഭിപ്രായം പറഞ്ഞിട്ടില്ല എന്നതാണ് ഏലിയറ്റിന്റെ ഏറ്റവും വലിയ സന്തോഷം.

English Summary: Woman Gets Bus Route Tattooed On Her Arm. The Reason is Very Special

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS