ADVERTISEMENT

ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഇന്ന് ചരിത്രം കുറിക്കാനിറങ്ങുകയാണ് മൂന്നു വനിതാ റഫറിമാർ. ഒൻപത് പതിറ്റാണ്ടിലെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഈ പുരുഷ കളിയെ മൂന്ന് സ്ത്രീകൾ നിയന്ത്രിക്കാൻ പോകുന്ന അവിസ്മരണീയ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. തുല്യനീതി ലോകത്താകെ നടപ്പാക്കപ്പെടുമ്പോഴും കേരളത്തിന്റെ അവസ്ഥ ആശങ്കാ ജനകമാണെന്ന് ഓർമിപ്പിക്കുകയാണ് ശ്യാംകൃഷ്ണന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്. കഴിഞ്ഞ ദിവസം കോട്ടയത്ത് വിദ്യാർഥിനിക്കു നേരെയുണ്ടായ സദാചാര ഗുണ്ട ആക്രമണവും പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ ഏർപ്പെടുത്തുന്ന വിലക്കുകളും ഏറെ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ശ്യാംകൃഷ്ണന്റെ വ്യത്യസ്തമായ കുറിപ്പ്. 

ശ്യാംകൃഷ്ണന്റെ കുറിപ്പ് വായിക്കാം

 

ഇന്ന് ദോഹയിലെ അൽ ബൈത്ത് സ്‌റ്റേഡിയത്തിൽ ജർമനിയും കോസ്റ്റാറിക്കയും നേർക്കുനേർ നിൽക്കുമ്പോൾ ചരിത്രം തിരുത്തുന്ന ആദ്യ വിസിൽ മുഴങ്ങും.ഒൻപത് പതിറ്റാണ്ടിലെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഈ പുരുഷ കളിയെ മൂന്ന് സ്ത്രീകൾ നിയന്ത്രിക്കും.‌ ഇനിയുള്ള കാലം തുല്യതയുടെതാണന്ന് പ്രഖ്യാപിക്കുവാൻ ഇതിൽപരം  മികച്ച അവസരമേതാണ്. ഫ്രാൻസിന്റെ സ്റ്റെഫാനിഫ്രാപ്പാർട്ടാണ് പ്രധാന റഫറി. സഹായികളായി മെക്സികോയുടെ കാരെൻ ഡയസും, ബ്രസീലിന്റെ ന്യൂസ ബാക്കും കളിക്കളത്തിലുണ്ടാകും. കളിയിൽമാത്രമല്ല ഗ്യാലറിയിൽ പോലും സ്ത്രീകളെ വിലക്കുന്ന യാഥാസ്ഥിതികരുടെ ചെവികളെ ഈ വിസിലടി ശബ്ദം അലോസരപ്പെടുത്താതിരിക്കില്ല.എന്നിട്ടും ലോകം കളിക്കളത്തിലെ നിർണ്ണായക തീരുമാനങ്ങൾക്കായി ഈ മൂന്ന് പെണ്ണുങ്ങളെ കാതോർക്കുന്ന നിമിഷമുണ്ടല്ലോ,അതായിരിക്കും ഖത്തർ ലോക കപ്പിന്റെ കാവ്യ നീതി.

പെൺവിസിൽ ലോകത്ത് മുഴങ്ങാനിരിക്കെകളിയാരവങ്ങളിൽ കട്ടൗട്ട് കെട്ടിയും ഉറക്കമൊഴിച്ചും  വലുതും ചെറുതുമായ സ്ക്രീനുകളിൽ കളി ആസ്വദിക്കുന്ന നമ്മുടെ കേരളത്തിൽപെൺകുട്ടികളെ രാത്രി എത്ര മണിക്ക് ഹോസ്റ്റലിൽ തിരിച്ചു കയറ്റാം എന്നാണ് ചർച്ച. സുരക്ഷയുടെ പേരിൽ ഹോസ്റ്റലുകളെ ജയിലാക്കണോ എന്ന് കോടതിക്ക് പോലും ചോദിക്കേണ്ടി വരുന്നു. കോട്ടയം നഗരത്തിൽ രാത്രി പുറത്തിറങ്ങിയ വിദ്യാർഥിനിയെ ചവിട്ടി വീഴ്ത്തിയ സദാചാര ആങ്ങളമാരും ഇതേ ഫുട്ബോൾ കളിയിൽ ആവേശം കൊള്ളുന്നവർ തന്നെയാണ് എന്നതാണ് വൈരുദ്ധ്യം. അവർ കളിയിലെ പുരുഷാരവങ്ങൾ മാത്രം കേൾക്കുകയും ഗ്യാലറിയിലെ പെൺ സാന്നിദ്ധ്യവും മാറുന്ന ലോകവും കാണാതിരിക്കുകയും ചെയ്യുന്നു.

അൽബൈത്ത് സ്റ്റേഡിയത്തിലെ പെൺ വിസിൽ ഇത്തരക്കാർക്കുള്ള താക്കീത് കൂടിയാകും.ടെലിവിഷനിലും സോഷ്യൽ മീഡിയയിലും മാത്രം ഫുട്ബോൾ ആസ്വദിക്കുന്ന അനേകം സ്ത്രീകളുണ്ട്. അവരുടെ വീട്ടുമുറ്റത്തുള്ള കളിക്കളങ്ങൾ പോലും അന്യമായവർ. നമ്മുടെ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിൽ എത്ര സ്ത്രീകൾ കാഴ്ചക്കാരായുണ്ട് എന്ന് മാത്രം നോക്കിയാൽ മതി. പിന്നെയല്ലെ കളിക്കളത്തിലെ സ്ത്രീ.ഇവിടെയാണ്. സ്വാതന്ത്ര്യത്തിലേക്ക് ഖത്തറിൽ നിന്ന് ആ പെൺ വിസിൽ കാഹളം മുഴങ്ങാനിരിക്കുന്നത്.

English Summary: Three Women Referees In FIFA Worldcup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com