ADVERTISEMENT

ജീവിതത്തെ നിശ്ചയദാർഢ്യത്തോടെ പൊരുതി തോല്‍പ്പിച്ച വ്യക്തിയാണ് സി.വി. സീന. സ്ത്രീകൾ ഫുട്ബോൾ കളിക്കുമോ? എന്നു ചോദിച്ചിരുന്ന സമൂഹത്തിൽ നിന്നാണ് സീന വരുന്നത്. ആ നിശ്ചയദാർഢ്യമാണ് ഇന്ത്യൻ വുമൻ ഫുട്ബോൾ ടീം വരെ സീനയെ എത്തിച്ചത്. 

 

ഫുട്ബോൾ ടീമിലെത്തിയ അനുഭവം സീന പറയുന്നത് ഇങ്ങനെ: ‘കൊൽക്കത്ത സായിയിൽ ഇന്ത്യൻ ടീമിന്റെ സെലക്ഷൻ നടക്കുകയാണ്. 90 അംഗങ്ങളുള്ളതിൽ നിന്നും ഇരുപതു പേരിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാത്രിയാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് എത്തിയത്. തേഡ് വായിച്ചപ്പോൾ ആദ്യം വായിച്ചത് എന്റെ പേരായിരുന്നു. അതു കേട്ടപ്പോൾ ഞാൻ കര‍ഞ്ഞു പോയി. ഞങ്ങൾ ഏഴു ഫുട്ബോൾ കളിക്കാരെ അന്ന് തിരഞ്ഞെടുത്തു. ഏഴുപേരിൽ ആരെയും അവർക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. കളയാൻ സാധ്യതയുണ്ടായിരുന്നത് എന്നെ മാത്രമായിരുന്നു. സൗത്ത് ഇന്ത്യ എന്നു പറയുമ്പോൾ അവർക്കു  വലിയ താത്പര്യം ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ അത്രയും കരഞ്ഞത് അമ്മ മരിച്ചപ്പോഴായിരുന്നു. പിന്നീട് കരഞ്ഞത് എനിക്ക് ഫുട്ബോൾ ടീമിൽ സെലക്ഷൻ കിട്ടിയപ്പോഴാണ്. 

 

കുട്ടിക്കാലത്തെ അനുഭവങ്ങളാണ് സീന എന്ന ഫുട്ബോളറെ രൂപപ്പെടുത്തി എടുത്തത്. ‘ജീവിതത്തിൽ ഒറ്റപ്പെടൽ എന്നത് ഏറെ ദുഃഖം നൽകുന്ന കാര്യമാണ്. അത് ഏറ്റവും കൂടുതൽ അനുഭവിച്ച ഒരാളാണ് ഞാൻ. അത് കുഞ്ഞുനാൾ മുതൽ തന്നെ അറിഞ്ഞു തുടങ്ങിയ കാര്യമാണ്. അമ്മയെന്ന് പറഞ്ഞാൽ ഞാൻ മരിച്ചു കളയും. എനിക്ക് അമ്മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഞാൻ നാലാംക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ്. വീട്ടിൽ വന്നു നോക്കിയപ്പോൾ അമ്മയെ കാണുന്നില്ല. അടുത്തുള്ള ഒരു കല്യാണവീട്ടിലേക്കു പോയിരിക്കുകയാണ് അമ്മ എന്ന് പറഞ്ഞു. ഞാൻ ഉള്ളതിൽ നല്ലഡ്രസിട്ട് അങ്ങോട്ടു പോയി. അവിടെ മുഴുവൻ നോക്കിയിട്ടും അമ്മയെ കാണുന്നില്ല. തിരഞ്ഞു നടന്നപ്പോൾ എച്ചിൽപാത്രങ്ങൾക്കിടയിൽ അമ്മയെ കണ്ടു. പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ അമ്മ എന്നെ കണ്ടു. എന്നെ കണ്ടപ്പോള്‍ അമ്മയുടെ കണ്ണുകൾ തിളങ്ങി. അമ്മ എന്നോട് ഓടിവരാൻ പറഞ്ഞു. അധികം ചോറൊന്നും പറ്റിയിട്ടില്ലാത്ത ഇറച്ചി എടുത്തു വച്ചിട്ടുണ്ട്. ഇത് കഴിച്ചോ. ചേട്ടൻമാർക്കും കൊടുക്കണമെന്ന് പറഞ്ഞു. അത്തരം വിഷമങ്ങളിലൂടെ കടന്നു വന്നതിനാൽ എനിക്ക് ഈ ദുഃഖങ്ങളെ തരണം ചെയ്യാൻ സാധിക്കും. ആ സമയത്ത് അമ്മ മരിച്ചു കിടക്കുന്നതു കാണുന്നത് ഒരാൾക്കും സഹിക്കാൻ സാധിക്കില്ല. ’– സീന പറയുന്നു. 

 

ഓരോ സ്ഥലത്തു നിന്നും ഓരോ ഇന്ത്യൻ കളിക്കാരുണ്ടാകട്ടെ എന്ന ആഗ്രഹത്തോടെ സീന കോച്ചിങ് രംഗത്ത് സജീവമായി. ‘ഫുട്ബോൾ പലരെയും പഠിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ന് പലരും കോച്ചുകളാണ്. ഇപ്പോൾ അക്കാഡമി തുടങ്ങി. 240 കുട്ടികളുണ്ട്. മൂന്നു നേരങ്ങളിലായി പരിശീലനം നൽകി വരുന്നുണ്ട്.  ആഴ്ചയില്‍ മൂന്നു ദിവസമാണ് പരിശീലനം. ഒരു ഫൂട്ബോൾ പ്ലേയറെങ്കിലും ഇന്ത്യക്കു വേണ്ടി കളിക്കട്ടെ  എന്നാണ് സ്വപ്നം. ’– സീന വ്യക്തമാക്കി. ലോകകപ്പ് കളിച്ച വനിതാ കളിക്കാർ നമുക്കുണ്ട്. ആരും തിരിച്ചറിയാതെ പോകുന്നതാണെന്നും സീന പറഞ്ഞു.

 

സീന എന്ന ഫുട്ബോൾ കളിക്കാരിയെ മലയാളികൾക്ക് അറിയില്ല. ബംഗാളിനും മണിപ്പൂരിനും സീന എന്ന ഫുട്ബോൾ പ്ലേയറെ അറിയാം. ‘ബംഗാളിനു വേണ്ടി കളിച്ചതൊക്കെയും മറക്കാനാകാത്ത അനുഭവമാണ്. ഫൂട്ബോൾ എന്താണെന്ന് ശരിക്കും പഠിച്ചത് ആ ക്ലബിൽ കളിച്ചാണ്.’– സീനയുടെ വാക്കുകൾ. ഫുട്ബോളിനെ സ്വപ്നം കണ്ടു, പഠിച്ചു, കളിച്ചു. ഇനി അത് പുതിയ തലമുറയിലേക്കു പകർന്നു നൽകാനാണ് ആഗ്രഹിക്കുന്നതെന്നും സീന വ്യക്തമാക്കി.  

English Summary: Woman Foot Baller CV Seena's Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com