ADVERTISEMENT

രാജ്യത്തെ പിടിച്ചുകുലുക്കിയ ഡൽഹി നിർഭയ കൂട്ടബലാത്സംഗക്കേസ് നടന്നിട്ട് പത്ത് വർഷമായി. 2012 ഡിസംബർ 16ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെയുള്ള ഉന്നത കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരിയിലെ സുരക്ഷിതമേഖലയിലായിരുന്നു ആ ക്രൂരകൃത്യം നടന്നത്. അതുകൊണ്ട് തന്നെ വൻപ്രതിഷേധമാണ് തുടർന്നുണ്ടായത്. പതിനായിരക്കണക്കിന് ജനങ്ങൾ തെരുവിലെത്തി പ്രതിഷേധിച്ചു. ഡൽഹിയിൽ നിന്ന് രാജ്യമെങ്ങും ആ പ്രതിഷേധജ്വാല പടർന്നു പിടിക്കുകയും ചെയ്തു.

ഇതേത്തുടർന്ന് 2013-14 ലെ കേന്ദ്ര ബജറ്റിൽ നിർഭയ ഫണ്ട് പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പണം അനുവദിക്കുകയും അത് സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാൻ നിർദേശിക്കുകയും ചെയ്തു. ദൗർഭാഗ്യകരമെന്നു പറയട്ടെ, നിർഭയ ഫണ്ട് ഇപ്പോൾ ഉപയോഗിക്കുന്നത് സ്ത്രീകളുടെ സുരക്ഷയ്ക്കല്ല മറിച്ച് മന്ത്രിമാരുടെ സുരക്ഷയ്ക്കാണെന്നാണ് പുതിയ വിവരം. മഹാരാഷ്ട്രയിൽ സർക്കാറിന്റെ ഫണ്ട് വകമാറ്റി ചെലവഴിക്കൽ വിവരങ്ങൾ ദേശീയ മാധ്യമമായ ഡിഎൻഎഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ഇപ്പോൾ എല്ലാ ദേശീയ മാധ്യമങ്ങളിലും വൻ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.

നിർഭയ ഫണ്ട് ദുരുപയോഗം

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഉപയോഗിക്കുന്ന വാഹനങ്ങളാണ് നിർഭയ ഫണ്ടിന് കീഴിൽ മുംബൈ പൊലീസ് വാങ്ങിയത്. അതേസമയം ഈ വാഹനങ്ങൾ നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പാർട്ടിയിലെ എംപിമാരുടെയും എംഎൽഎമാരുടെയും സംരക്ഷണത്തിനായാണ് ഉപയോഗിക്കുന്നതെന്നാണ് ആരോപണം. 220 ബൊലേറോ, 35 എർട്ടിഗ കാറുകൾ, 313 പൾസർ മോട്ടോർസൈക്കിളുകൾ, 200 ആക്ടിവ സ്കൂട്ടറുകൾ എന്നിവ ഈ വർഷം ജൂണിൽ മുംബൈ പോലീസ് വാങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതിനായി നിർഭയ ഫണ്ടിൽ നിന്ന് 30 കോടി രൂപ പിൻവലിച്ചു. പിന്നീട് ഈ വാഹനങ്ങളെല്ലാം ആവശ്യാനുസരണം വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്യുകയും ചെയ്തു. അതിനിടെ, ജൂലൈയിൽ മഹാരാഷ്ട്രയിൽ സർക്കാർ മാറി ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി.

INDIA-CRIME-WOMEN-RAPE-POLITICS

‘വൈ പ്ലസ്’ സുരക്ഷ

ഏകനാഥ് ഷിൻഡെ വിഭാഗത്തിലെ 40 എംഎൽഎമാർക്കും 12 എംപിമാർക്കും ‘വൈ പ്ലസ്’ സുരക്ഷ നൽകാൻ മോട്ടോർ ഗതാഗത വകുപ്പ് മുംബൈ പൊലീസിൽ നിന്ന് 47 ബൊലേറോകൾ ആവശ്യപ്പെട്ടു. ഇതിനുശേഷം ഈ വാഹനങ്ങൾ വിശിഷ്ടാതിഥികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. കുറച്ച് നാളുകൾക്ക് ശേഷം പൊലീസ് സ്റ്റേഷനുകളിൽ വാഹനപ്രശ്നങ്ങൾ ഉയരാൻ തുടങ്ങിയപ്പോൾ അവർ വാഹനങ്ങൾ തിരികെ ആവശ്യപ്പെട്ടു. 47 ബൊലേറോകളിൽ 17 എണ്ണം പോലീസ് സ്‌റ്റേഷനുകളിലേക്ക് തിരിച്ചയച്ചെങ്കിലും 30 ബൊലേറോകൾ ഇനിയും തിരികെ നൽകാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വാഹനങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിലെ നിർഭയ ടീമുകൾക്ക് ഉടൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എൻസിപി മഹാരാഷ്ട്ര ഡിജിപിക്ക് കത്തയച്ചു. ഒരാഴ്ചയ്ക്കകം വാഹനങ്ങൾ തിരികെ നൽകിയില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗവും ഭീഷണി മുഴക്കിയിട്ടുണ്ട്.

ഷിൻഡെ വിഭാഗത്തിലെ എല്ലാ എംഎൽഎമാർക്കും എംപിമാർക്കും മഹാരാഷ്ട്ര സർക്കാരിൽ ‘വൈ പ്ലസ്’ സുരക്ഷയാണ് നൽകിയിരിക്കുന്നത്. ഇവർക്ക് മുൻപ് എക്സ് കാറ്റഗറി സുരക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശിവസേനയിലെ വിമതപക്ഷം എന്ന നിലയിലാണ് ഇവരുടെ സുരക്ഷ കൂട്ടിയത്. വൈ+ ലെവൽ സെക്യൂരിറ്റിയിൽ രണ്ട് ഷിഫ്റ്റുകളിലായി 4 സെക്യൂരിറ്റി ജീവനക്കാരുള്ള ഒരു വാഹനം ഉൾപ്പെടുന്നു, ഇവർക്കായി ഒരു സുരക്ഷാ വാഹനവും ഉണ്ട്.

2013-ൽ രൂപീകരിക്കപ്പെട്ട നിർഭയ ഫണ്ടിന് 1000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. 2021-22 വർഷം വരെ ഈ ഫണ്ടിൽ ആകെ 6,213 കോടി രൂപ അനുവദിച്ചു. ഇതിൽ 4,138 കോടി രൂപ വിതരണം ചെയ്തപ്പോൾ 2,922 കോടി മാത്രമാണ് വിനിയോഗിക്കപ്പെട്ടത്. നിർഭയ ഫണ്ടിൽ അനുവദിച്ച തുകയുടെ പകുതിയിലധികം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് ചുരുക്കം. 66 കോടിയിലധികം സ്ത്രീകളുള്ള ഒരു രാജ്യത്ത് പ്രതിദിനം 1100 ലധികം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണിതെന്ന് ഓർക്കണം.

English Summary: Nirbhaya Fund: Vehicles bought for women's safety used for security of Maharashtra ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com