ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സർവകലാശാലാ വിദ്യാഭ്യാസം തടഞ്ഞുകൊണ്ടുള്ള താലിബാന്റെ ഉത്തരവ് ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുകയാണ്. രാജ്യത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം കൂടുതൽ ദുസ്സഹമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അഫ്ഗാനിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്തെത്തുകയാണ്. അത്തരത്തിൽ അഫ്ഗാനിലെ മാധ്യമപ്രവർത്തക പങ്കുവച്ച കുറിപ്പിന്റെ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 

 

അഫ്ഗാനിസ്ഥാനിലെ ഒരു സർവകലാശാലയിൽ 70 ആൺകുട്ടികൾക്കിടയിലെ ഒരേയൊരു ജേണലിസം വിദ്യാർഥിനി. കഴിഞ്ഞ ദിവസം സർവകലാശാലകളിൽ താലിബാൻ പെൺകുട്ടികൾക്കു വിലക്കേർപ്പെടുത്തിയതോടെ അവളുടെ എല്ലാ പ്രതീക്ഷകളും നഷ്ടമായി. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ് അവൾ. ഇത് അഫ്ഗാനിസ്ഥാനിലെ ഒരു പെൺകുട്ടിയുടെ മാത്രം അവസ്ഥയല്ല. എല്ലാവരുടെയും ജീവിതം ഇരുട്ടിലാകുകയാണ്. – എന്ന പെൺകുട്ടിയുടെ കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. 

 

സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള പെൺകുട്ടിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘ഞാൻ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പെൺകുട്ടിയാണ്. മുൻ മാധ്യമപ്രവർത്തകയാണ്. എഴുത്തുകാരിയും കവിയുമാണ്. ജേണലിസം വിദ്യാർഥിനിയായിരുന്നു. രണ്ടാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞപ്പോൾ 70 ആൺകുട്ടികളുള്ള ക്ലാസിൽ ഒന്നാംറാങ്കുകാരിയായിരുന്നു. സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ചു എന്ന വാർത്ത കേട്ടതോടെ ഇനി എന്തു ചെയ്യും എന്ന അവസ്ഥയിലാണ്. എന്റെ ധൈര്യവും പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ്. അതിൽ കൂടുതൽ ഇവിടെ സ്ത്രീകൾക്കൊന്നും ചെയ്യാനില്ല. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്നതിലും നല്ലത് ആത്മഹത്യയാണ്.’

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പെൺകുട്ടികളെ ക്യാംപസുകളിൽ പ്രവേശിപ്പിക്കരുതെന്നാണ് പൊതു–സ്വകാര്യ സർവകലാശാലകൾക്ക് അയച്ച കത്തിൽ അഫ്ഗാൻ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തിനെതിരെ ബ്രിട്ടനും യുഎസും അപലപിച്ചു. അഫ്ഗാനിൽ 20 വർഷത്തെ യുഎസ് അധിനിവേശത്തിനുശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബാൻ അധികാരം പിടിച്ചത്. പിന്നാലെ സ്കൂളുകളിൽ ഏഴാം ക്ലാസ് മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയിരുന്നു. പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മതി എന്ന നിലപാടാണു താലിബാനുള്ളത്.

English Summary: Student's Heartfelt Letter From Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com