ADVERTISEMENT

അഫ്ഗാൻ സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കിയതിൽ വിശദീകരണവുമായി താലിബാൻ. ശരിയായ രീതിയിൽ വസ്ത്രം ധരിച്ചല്ല പെൺകുട്ടികൾ സർവകലാശാലകളിൽ എത്തുന്നതെന്ന് താലിബാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഈ ആഴ്ച തുടക്കത്തിലാണ് സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലായ്മചെയ്യുന്ന താലിബാന്റെ പുതിയ പ്രഖ്യാപനം ഉണ്ടായത്. 

 

കഴിഞ്ഞ ഓഗസ്റ്റിൽ അധികാരത്തിൽ എത്തിയ ശേഷം താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടികളാണ് താലിബാന്റെ ഭാഗത്തു നിന്നും ഉണ്ടായത്. താലിബാന്റെ നടപടിയെ ലോകരാജ്യങ്ങൾ അപലപിച്ചു. ‘മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യം’ എന്ന് താലിബാൻ നടപടിയെ ലോകരാജ്യങ്ങൾ അപലപിച്ചു. 

 

ഇസ്‌ലാമിക നിയമങ്ങളെ സർവകലാശാലയിൽ എത്തുന്ന പെൺകുട്ടികൾ പാലിക്കുന്നില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീം പറയുന്നത്. ബന്ധുവായ പുരുഷനോടൊപ്പം അവർ സഞ്ചരിക്കുമ്പോഴും വസ്ത്രധാരണത്തിലെ നിയമങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നാണ് മന്ത്രിയുടെ വാദം. 

 

‘14മാസം പിന്നിടുമ്പോഴും മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ സ്ത്രീകൾ തയാറാകുന്നില്ല എന്നത് നിർഭാഗ്യകരമായ കാര്യമാണ്. സ്ത്രീകൾക്കു വിദ്യാഭ്യാസം നിർബന്ധമില്ല എന്നാണ് മതനിയമങ്ങൾ അനുശാസിക്കുന്നത്. വിവാഹത്തിനു പോകുന്നതു പോലെയാണ് അവർ സർവകലാശാലകളിലേക്കു വരുന്നത്. ഹിജാബ് അടക്കമുള്ള നിർദേശങ്ങൾ പെൺകുട്ടികൾ പാലിക്കുന്നില്ല.’– താലിബാൻ മന്ത്രി പറഞ്ഞു. 

 

ചില സയൻസ് വിഷയങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ലെന്നും നദീം പറഞ്ഞു. ‘അഫ്ഗാൻ സംസ്കാരം അനുസരിച്ച് എൻജിനീയറിങ്ങും കൃഷിയും സ്ത്രീകൾക്കു ചേരുന്ന ജോലിയല്ല.’– മന്ത്രി പറഞ്ഞു. താലിബാൻ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണത്തിലൂടെ പെൺകുട്ടികളുടെ ഭാവി ഇരുട്ടിലാകുകയാണ്. പരീക്ഷകൾ അടുത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. ഇതോടെ ആയിരക്കണക്കിനു പെൺകുട്ടികളുടെ സ്വപ്നങ്ങളാണ് തകർന്നത്. 

English Summary: Taliban Explains Why Afghan Women Have Been Banned From Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com