ADVERTISEMENT

വിപ്ലവകരമായൊരു തീരുമാനം പുറത്തു വരികയാണ്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിച്ചു കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൃദയംകൊണ്ടാണ് നാട് ഏറ്റെടുക്കുന്നത്. 18 കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് രണ്ടുമാസം പ്രസവ അവധിയും ഇതിടൊപ്പം ലഭിക്കും. വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയെഴുതാന്‍ എഴുപത്തിമൂന്ന് ശതമാനം ഹാജര്‍ മതിയാകും. ചരിത്രപരമായ ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടി സീമ ജി നായര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കോളജ് വിദ്യാർഥികളുടെ കാര്യത്തിലുണ്ടായ പരിഗണന നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിലും വേണമെന്ന് സീമ ജി നായർ കുറിക്കുന്നു. ആർത്തവം എന്താണെന്നു മനസ്സിലാകും മുൻപ് തന്നെ കുട്ടികൾക്ക് അത് സംഭവിച്ചു തുടങ്ങും. അവരുടെ പ്രായവും നേരിടുന്ന ബുദ്ധിമുട്ടുകളും മനസിലാക്കി സ്കൂൾ കുട്ടികളെ കൂടി ഈ തീരുമാനത്തിന്റെ പരിധിയിൽ കൊണ്ടു വരണമെന്ന് സീമ ജി നായര്‍ അഭ്യർഥിക്കുന്നു.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 

ശുഭദിനം. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി "ആർത്തവാവധി" അനുവദിച്ചു കൊണ്ടുള്ള പ്രസ്താവനകൾ കണ്ടു. വളരെ നല്ല ഒരു തീരുമാനം ആണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ആർത്തവ സമയത്ത്‌ ഭൂരിഭാഗം സ്ത്രീകൾക്കും ഉണ്ടാവുന്ന ശാരീരിക മാനസിക അവസ്ഥകൾ ഭീകരം ആയിരിക്കും. ആ വേദനകൾ താങ്ങാനാവാതെ പലരും കുഴഞ്ഞു വീഴുന്നതു കണ്ടിട്ടുണ്ട്. ഛർദിൽ, തലവേദന, നടുവേദന ഇങ്ങനെ ഒരു നീണ്ട വേദനകളുടെ അനുഭവം പലർക്കും ഉണ്ടാകും. ഹോസ്പിറ്റലിൽ അഡ്മിറ്റാവുന്ന കേസുകൾ വരെ കണ്ടിട്ടുണ്ട്.

പക്ഷേ, എന്റെ ഒരു ചെറിയ അഭിപ്രായത്തിൽ കോളജുകളിലെയും സർവകലാശാലകളിലെയും കുട്ടികൾ കുറച്ചും കൂടി മെച്വർഡ് ആണ്. വേദനകൾ സഹിക്കാൻ ഒരു പരിധി വരെ അവർ പ്രാപ്തരായിരിക്കും. അവരെ പരിഗണിക്കുമ്പോൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമോ ? ഇപ്പോൾ 10 വയസ് മുതൽ ആർത്തവം വന്നു തുടങ്ങുന്നുണ്ട്.. ആർത്തവം എന്താണെന്നു മനസ്സിലാകും മുന്നേ തന്നെ കുട്ടികൾക്കു അത് വന്നു തുടങ്ങും. പണ്ടൊക്കെ 14/15 വയസ്സിൽ ആവും ഇതൊക്കെ വരുക. 10 വയസ്സിലൊക്കെ വരുന്നത് ഇപ്പൊളത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കൊണ്ടാവാം.

ഞാൻ പറഞ്ഞു വന്നത് സ്കൂൾ കുഞ്ഞുങ്ങളെയും കൂടി ഒന്ന് പരിഗണിച്ചു കൂടെ. ആദ്യത്തെ രണ്ട്‌ മൂന്ന് ദിവസങ്ങളിൽ 10 വയസ്സുള്ള ഈ കുഞ്ഞുങ്ങൾക്കൊക്കെ എങ്ങനെ ഈ വേദനകൾ താങ്ങാൻ പറ്റും. സമൂഹത്തിൽ ഒരു ചലനം സൃഷ്ടിക്കുന്ന ഈ മാറ്റങ്ങൾ കൊണ്ടുവന്ന എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ. എന്റെ ഈ കുറിപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുമെന്ന് വിശ്വസിക്കുന്നു. ഇതിന്റെ സാങ്കേതിക വശങ്ങൾ എനിക്കറിയില്ല, എന്റെ എളിയ അഭിപ്രായം പറഞ്ഞുവെന്നു മാത്രം. എല്ലാവർക്കും നന്മകൾ നേരുന്നു.

English Summary: Seema G Nair About Period Leave

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com