ADVERTISEMENT

ആവശ്യത്തിനു തൂക്കമുളള ആരോഗ്യമുളള കുഞ്ഞുങ്ങളെയാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുക. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് നല്ല ഭക്ഷണങ്ങള്‍ കഴിച്ച് കുഞ്ഞിന്റെ തൂക്കം ഉറപ്പുവരുത്താന്‍ ഓരോ അമ്മമാരും പ്രത്യേകം ശ്രദ്ധിക്കും. എന്നാല്‍ വയറ്റിലുള്ള കുഞ്ഞിന് അസ്വാഭാവികമായി തൂക്കം കൂടിയാലോ? അതല്‍പം ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. ബ്രസീലില്‍ തൂക്കകൂടുതലുളള കുഞ്ഞിനെ പ്രസവിച്ചു വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഒരു യുവതി. 7.328 കിലോ തൂക്കം വരുന്ന കുഞ്ഞിനെ അദ്ഭുത കുഞ്ഞായാണ് സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 

ജനുവരി 23നാണ് ക്ലിഡിയാന്‍ സാന്റോസ് ഡോസ് സാന്റോസ് എന്ന പേരുളള യുവതി അസാധാരണ തൂക്കമുളള കുഞ്ഞിന് ജന്മം നല്‍കിയത്. 27 കാരിയായ ക്ലിഡിയാന്റെ ആറാമത്തെ കുഞ്ഞാണിത്. ഏതാണ്ട് നാലു കിലോ തൂക്കമായിരുന്നു കുഞ്ഞിന് പ്രതീക്ഷിച്ചിരുന്നത്. പ്രസവശേഷമാണ് ഏഴു കിലോയില്‍ കൂടുതല്‍ കുഞ്ഞിനു തൂക്കമുണ്ടെന്ന് അറിയുന്നത്. ശരിക്കും അദ്ഭുതം തോന്നിയെന്നാണ് കുഞ്ഞിന്റെ അമ്മ പ്രതികരിക്കുന്നത്. പഡ്രെ കൊളംബോ ആശുപത്രിയില്‍ വച്ച് ഓപ്പറേഷനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആങ്കേഴ്‌സണ്‍ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്.

അമേരിക്കന്‍ പ്രഗ്നന്‍സി അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ഒരു പൂര്‍ണ വളര്‍ച്ച പ്രാപിച്ച സാധാരണ കുഞ്ഞിന്റെ ഭാരം 2.7 കിലോയ്ക്കും 4 കിലോയ്ക്കും ഉള്ളിലായിരിക്കും. ഇതില്‍ കൂടുതല്‍ തൂക്കം വന്നാല്‍ അത് കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പ്രസവം ബുദ്ധിമേട്ടേറിയതാക്കുമന്നാണു വിലയിരുത്തല്‍. എന്നാല്‍ നിലവില്‍ ബേബി ആങ്കേഴ്‌സണ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അമ്മയുടെ പാല്‍ കുടിച്ചു തുടങ്ങിയെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

ആശുപത്രി അധികൃതരാണ് സമൂഹമാധ്യമങ്ങളില്‍ കുഞ്ഞിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ ഏറ്റവും തൂക്കം കൂടിയ കുഞ്ഞാണിതെന്നാണ് വിലയിരുത്തല്‍. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ തൂക്കത്തില്‍ ഒരു കുഞ്ഞ് ജനിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് 1955 സെപ്റ്റംബറിലാണ്. അന്ന് 10 കിലോയോളമായിരുന്നു ആ കുഞ്ഞിന്റെ തൂക്കം. നിലവില്‍ ബേബി ആങ്കേഴ്‌സണ്‍ ആരോഗ്യവാനാണെന്നും എന്‍.ഐ.സി.യുവില്‍ പ്രത്യേക പരിചരണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

English Summary: Woman Gives Birth to 16-Lb. Baby in Brazil: 'I Didn't Expect This Surprise'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com