എത്രയെത്ര കഥകളാണ് ഓരോ ദിവസവും വാർത്താ നേരങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്! സ്ത്രീകളുടെ ഭർതൃ വീടുകളിലെ കലങ്ങി മറിഞ്ഞ അന്തരീക്ഷത്തെക്കുറിച്ചുള്ള പോസ്റ്റുകളാൽ മുഖപുസ്തകം നിറയുന്നുണ്ട്. ‘‘ഇപ്പോൾ എത്ര ഡിവോഴ്‌സുകളാണ് നടക്കുന്നത്. ഇനിയും എണ്ണമിങ്ങനെ കൂടും’’ എന്ന് കഴിഞ്ഞ ദിവസവും ഒരു സുഹൃത്ത് പറയുന്നുണ്ടായിരുന്നു. ‘‘എന്റെ സ്ത്രീ സുഹൃത്തുക്കളിൽ മുക്കാൽ ശതമാനവും ഡിവോഴ്‌സികളാണ്’’: മറ്റൊരു സുഹൃത്ത് പറയുന്നു.
എന്താണ് ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുത്താൽ കുഴപ്പമെന്ന്, അതുകൊണ്ടു തന്നെയാവും പെൺകുട്ടികൾ വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഒരു ഡേറ്റിങ് ആപ്പ് നടത്തിയ സർവേയിൽ, ഇവിടുത്തെ മുക്കാൽ ശതമാനത്തോളം പെൺകുട്ടികളും വിവാഹം കഴിക്കാതെ ഒറ്റയ്ക്കുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്നു പറയുന്നു. സർവേ എത്രമാത്രം വിശ്വസനീയമാണെന്ന് അറിയാൻ ആ വാർത്തയുടെ ചുവട്ടിൽ വന്ന അഭിപ്രായങ്ങൾ വായിച്ചാൽ മതി. കൂടുതലും സ്ത്രീകൾ തന്നെയാണ് വാർത്തയിൽ സന്തോഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുക എന്ന ആശയത്തെ അവർ സ്വാഗതം ചെയ്യുകയും അതിന്റെ ഗുണങ്ങളെക്കുറിച്ചും തങ്ങൾക്കു കിട്ടുന്ന സമയത്തെക്കുറിച്ചും ഇടത്തെക്കുറിച്ചും പറയുകയും ചെയ്യുന്നു.
ഒറ്റയ്ക്ക് ജീവിക്കാൻ ഒരു പെൺകുട്ടി തീരുമാനിച്ചാൽ അവൾ കേൾക്കാൻ സാധ്യതയുള്ള പല ചോദ്യങ്ങളും ഇന്നും സമൂഹത്തിലുണ്ട്. എവിടെ, എങ്ങനെയാണ് അവൾ ജീവിക്കുക, ഒരു ‘ആൺ തുണ’ ഇല്ലാതെ എങ്ങനെ അവളുടെ ശരീരത്തിന്റേത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവൾ മുന്നോട്ടു പോകും? വയസ്സാകുമ്പോൾ ആര് നോക്കും? അടുത്തൊരു തലമുറയെ ഉണ്ടാക്കുന്ന ‘മഹത്തായ’ ജോലിയുള്ള സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചാൽ തലമുറ ആരുണ്ടാക്കും? എത്രയോ കാലങ്ങൾക്കു മുൻപുള്ള ഇതേ ചോദ്യങ്ങളും ആശങ്കകളും തന്നെയാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിനു ചോദിക്കാനുള്ളത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. നമുക്ക് മുൻപും ഇതേ പുരോഗമനം പറഞ്ഞ, അതിന്റെ ഓരോ ഘട്ടത്തിലൂടെയും കടന്നു പോയ രാജ്യങ്ങളുണ്ട്. ഏതാണ്ട് ഒരു നൂറ്റാണ്ടു മുൻപുതന്നെ ഇത്തരത്തിലുള്ള എല്ലാ അരക്ഷിതാവസ്ഥകളെയും കടന്നു പുരോഗമനം എന്ന ആശയം അതിന്റെ എല്ലാ അർഥത്തിലും തിരഞ്ഞെടുത്ത ഒരുപാട് രാജ്യങ്ങളുണ്ട്. കാലമെടുത്തു തന്നെ മാറുന്നതാണ് ഇത്തരം ആശങ്കകൾ. ഇവിടെ തിരഞ്ഞെടുപ്പ് ഇപ്പോഴും മാതാപിതാക്കളുടെ കയ്യിലാണ് എന്നതാണ് സത്യം. പെൺകുട്ടികൾ ആണെങ്കിലും ആൺകുട്ടികൾ ആണെങ്കിലും കുടുംബം എന്ന ചേർത്തുപിടിക്കലിൽ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചോ സമത്വത്തെക്കുറിച്ചോ അത്രയധികമൊന്നും ആലോചിക്കാതെ, സ്വാതന്ത്ര്യത്തിന്റെ ആനന്ദമറിയാതെ അതിൽത്തന്നെ ഒതുങ്ങി നിൽക്കുകയും ‘വിവാഹപ്രായം’ എന്ന് നാം കരുതി പോരുന്ന കാലമെത്തുമ്പോൾ അവർ തന്നെ മുന്നിട്ടുനിന്ന് അത് നടത്തിവയ്ക്കുകയും ചെയ്യുന്നു. കാലങ്ങളോളം ഒന്നിച്ചു ജീവിക്കണമെന്ന വാഗ്ദാനത്തിൽ വിവാഹം കഴിക്കുന്നവർ ഇതേ കുടുംബത്തിന്റെ സ്വാധീനത്തിൽപ്പെട്ടു പരസ്പരം വെറുത്താൽപോലും വേർപിരിയാൻ കഴിയാതെ കരഞ്ഞു നിലവിളിച്ച് ജീവിക്കേണ്ടി വരുന്നു. ഇവിടെയാണ് പുതിയ സർവേയുടെ പ്രസക്തി.
ഒറ്റയ്ക്കുള്ള ജീവിതം എന്തുകൊണ്ട് പെൺകുട്ടികൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു എന്ന് ചില സ്ത്രീകൾ സംസാരിക്കുന്നു.
എഡിറ്ററും സ്പീക്കറുമായ അഗത കുര്യൻ പറയുന്നു,

‘‘ഒറ്റയ്ക്കുള്ള ജീവിതം എന്നത് അതിനെ മുഴുവനായി ഒറ്റയ്ക്ക് ആഘോഷിക്കുക എന്നതാണ് എന്റെ അഭിപ്രായം. അതിന്റെ അടിമട്ടോളം ആസ്വദിച്ചു കുടിച്ചു തീർക്കുക എന്നത് പോലെ. വിവാഹം, കുടുംബം എന്നത് ഒരുപാട് ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതയും വേണ്ടുന്ന ഒരിടമാണ്. അവിടെ നമ്മുടെ ഇഷ്ടങ്ങൾക്കു മാത്രമായി ഒരു പ്രസക്തിയും ഉണ്ടാകുന്നില്ല. ഒരുപാട് ത്യാഗങ്ങൾ ചെയ്യേണ്ടി വന്നേക്കാം, സഹിക്കേണ്ടി വന്നേക്കാം, മറ്റൊരാളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ചെയ്യേണ്ടി വന്നേക്കാം. നിലവിൽ അത്തരം കാര്യങ്ങളിൽ എനിക്ക് താൽപര്യമില്ല. വിവാഹ ജീവിതം പലതിനും ഒരു അവസാനമാണെന്നു തോന്നുന്നുണ്ട്. ഒരുപാട് എഫർട്, സ്ട്രെസ് ഒക്കെ അതിന് ആവശ്യമാണ്. അതിനെക്കുറിച്ച് ഒന്നും തന്നെ ആലോചിക്കാതെ എനിക്ക് എന്റെ ജീവിതം ജീവിക്കണം എന്നാണ് ആഗ്രഹം. തീർച്ചയായും ബന്ധങ്ങളുണ്ടാകും, പക്ഷേ അതൊന്നും ഒരു ബന്ധനമാകാതെ സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്.’’
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണ

‘‘ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഒന്നും ആരെയും ബോധിപ്പിക്കേണ്ടതില്ല എന്നതാണ് ആ ജീവിതത്തെ ഞാൻ ഇഷ്ടപ്പെടാനുള്ള പ്രധാനപ്പെട്ട കാരണം. സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള ഏറ്റവും നല്ല വഴിയും ഒറ്റയായ ജീവിതം തന്നെയാണ്. ഒരു തീരുമാനമെടുക്കുമ്പോൾ ഒറ്റയ്ക്കാണെങ്കിൽ മറ്റാരോടും ചോദിക്കാതെ അതിന്റെ ഉത്തരവാദിത്തങ്ങൾ പൂർണമായും ഏറ്റെടുത്തു കൊണ്ട് സ്വയം തീരുമാനിക്കാനാകും. എന്നാൽ ഒരു ബന്ധത്തിലാണെങ്കിൽ ഉറപ്പായും അവരോടു രണ്ടാമതൊരു അഭിപ്രായം ചോദിക്കേണ്ടി വരും. രണ്ടു തരം ജീവിതവും ജീവിച്ചിട്ടുള്ള ഒരാൾ എന്ന നിലയിൽ ഇതിന്റെ സ്വാതന്ത്ര്യം തരുന്ന അനുഭവം തന്നെയാണ് ഞാൻ ജീവിതത്തിൽ ഇനിയങ്ങോട്ട് ആഗ്രഹിക്കുന്നത്. നമുക്ക് വേണ്ടി സമയം ലഭിക്കും എന്നതാണ് മറ്റൊരു ഗുണം. നമുക്ക് നമ്മുടെ ജീവിത പങ്കാളിയെ ഓർത്ത് ടെൻഷൻ അടിക്കേണ്ട, അവരുടെ കാര്യങ്ങൾ, താൽപര്യങ്ങൾ എന്നിവയ്ക്ക് വേണ്ടി സമയം പോകുന്നില്ല. പിന്നെ സുഹൃത്തുക്കൾക്ക് വേണ്ടി കൂടുതൽ സമയം നൽകാൻ കഴിയും. ഫ്ളർട്ട് ചെയ്യാനാണെങ്കിലും ഒക്കെ രണ്ടാമത് ഒരാളെ പേടിക്കേണ്ട കാര്യമില്ല. പലരും പറയാറുണ്ട്, നന്നായി മനസ്സിലാക്കുന്ന പങ്കാളികൾ ഉണ്ടായാൽ ഇതൊന്നും ഒരു പ്രശ്‌നമല്ലെന്ന്. എന്നാൽ ബന്ധങ്ങൾ എന്നു പറഞ്ഞാൽ അതൊരു ബന്ധനമാണ്, അത്തരം ബന്ധനങ്ങളിൽ വിശ്വാസമില്ലാത്തൊരു ആൾ എന്ന നിലയിൽ വിവാഹം എന്ന ആശയത്തെ ഞാൻ എതിർക്കുന്നു. യാത്രകൾ പോവുക, വായിക്കുക തുടങ്ങി എല്ലാത്തിനും എനിക്കിപ്പോൾ സമയമുണ്ട്. പങ്കാളി കൂടെ ഉണ്ടായിരുന്നപ്പോൾ ജോലി ചെയ്യുക, തിരിച്ചു വരുക, അവരുടെ കാര്യങ്ങൾ നോക്കുക, ഇതിനൊക്കെയായിരുന്നു കൂടുതൽ സമയം പോകുന്നത്. ഇപ്പോൾ ഒരു അടുക്കും ചിട്ടയുമായുള്ള, ആധികൾ ഇല്ലാത്ത ഒരു ജീവിതത്തിലാണ് ഞാനുള്ളത്. ഇതുതന്നെ തുടരണമെന്നാണ് ആഗ്രഹം.
എഴുത്തുകാരിയായ അനുപമ എം. ആചാരി
‘‘സിംഗിൾ ആവാൻ വേണ്ടി സിംഗിൾ ആയതല്ല ഞാൻ. അങ്ങനെ ആയി. അപ്പൊ അതിന്റെ ഗുണങ്ങൾ മനസിലായി. സിംഗിൾ എന്നതിനേക്കാൾ ഇൻഡിപെൻഡന്റ് ആവുക എന്നതാണ് അതിന്റെ പോയിന്റ്. സിംഗിൾ ആയാലും പൈസ ഇല്ലെങ്കിൽ കാര്യമില്ല. ഞാൻ സാമ്പത്തികമായി സ്വാതന്ത്ര്യമുള്ള, ജോലിയുള്ള ഒരാൾ ആയതുകൊണ്ടാണ് സന്തോഷമായും സമാധാനമായും ജീവിക്കാനാകുന്നത്. ഇഷ്ടമുള്ളത് ഇഷ്ടമുള്ള സമയത്തു ചെയ്യാം. ആരൊടും ചോദിക്കണ്ട, നിയന്ത്രണമില്ല. ശരിക്കും ആണുങ്ങൾ ഒന്ന് നന്നായാൽ ഇതൊന്നും പ്രശ്നമല്ല. ആണുങ്ങൾ എപ്പോഴും ഓരോന്നിനും പെണ്ണുങ്ങളെ ഡിപെൻഡ് ചെയ്യുന്ന കൊണ്ടാണ് നമുക്ക് സിംഗിൾ ആയി തുടരാൻ തോന്നുന്നത്. സിംഗിൾ ജീവിതം നല്ലതാണെന്ന നിലപാടൊന്നും എനിക്കില്ല. എല്ലാം നമ്മുടെ താൽപര്യം അനുസരിച്ചാണുള്ളത്.

തീരുമാനം തെറ്റിപ്പോയി, അടിപിടി ബഹളം ആയി എന്നൊക്കെ പറഞ്ഞ് പലരും വേർപിരിയുന്നു. അതുകണ്ടു മനസ്സ് മടുക്കുന്ന അടുത്ത തലമുറ സിംഗിൾ ആയി നടക്കാൻ ആഗ്രഹിക്കുന്നു, അതാണ് എനിക്കു തോന്നുന്നത്. ഞാൻ രണ്ടു ജീവിതവും അനുഭവിച്ചിട്ടുള്ള ഒരാളാണ്, കൂടുതൽ നല്ലതായി തോന്നിയത് ഒരേ പോലെ ചിന്തിക്കുന്ന രണ്ടുപേർ ഒരേ വീട്ടിലുള്ള ലൈഫ് തന്നെയാണ്. പ്രായത്തിനോ സൗന്ദര്യത്തിനോ, പണത്തിനോ അതിൽ മേധാവിത്തം ഇല്ല. രണ്ടു പേരും ജോലിയുള്ളവരും പണമുണ്ടാക്കുന്നവരും ആകണം. വൈകിട്ട് ജോലി കഴിഞ്ഞു ഒരുമിച്ചു വീട്ടിൽ കേറുന്നവർ ആകണം. ഇന്നിപ്പോ ഒന്നും പാചകം ചെയ്യേണ്ട, തട്ടുകടയിൽ പോകാം എന്ന് ഒരാൾ പറയുമ്പോൾ അതേ വൈബോടു കൂടെ "അതെ, ഒരു കട്ടൻചായയും കുടിക്കാം "എന്ന് പറയുന്ന ആൾ ആവണം മറ്റെയാൾ. വീട് അലങ്കോലം ആയി കിടക്കുമ്പോൾ ‘‘നിനക്കെന്താ വൃത്തിയും വെടിപ്പും ഇല്ലേ’’ എന്ന് ചോദിക്കുന്നതിനു പകരം ,അയാളുടെ ലിമിറ്റേഷൻസ് മനസ്സിലാക്കി അതൊക്കെ ഒന്ന് വൃത്തിയാക്കി വയ്ക്കുന്ന ആളാവണം മറ്റെയാൾ. പരസ്പരം മനസ്സിലാക്കൽ വേണമെന്ന് ചുരുക്കം. പ്രിയപ്പെട്ട ആണുങ്ങളേ, നിങ്ങൾ സ്വന്തമായി നിങ്ങളുടെ കാര്യം ചെയ്‌താൽ മതി, സിംഗിൾ ജീവിതം മതിയെന്ന പെൺകുട്ടികളുടെ നിലപാട് മാറാൻ.’’
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഷീബ നന്ദു
ചെറുപ്പം മുതലേ കണ്ടു വരുന്ന ആൺ മേധാവിത്തം ആണ് ഇപ്പോഴത്തെ കുട്ടികളുടെ പ്രധാന പ്രശ്നം. അത് അടുത്ത കാലത്തൊന്നും മാറാനും പോകുന്നില്ല. ഒരു മുപ്പത് വയസ്സാവുമ്പോഴേക്കും പെൺകുട്ടികൾ കല്യാണം കഴിക്കും, കുട്ടികൾ ഉൾപ്പെടെയുള്ള ഭാരങ്ങളും ചുമക്കാൻ തുടങ്ങും, അതുകൊണ്ടുതന്നെ അവളുടെ അഭിപ്രായം പലപ്പോഴും ആരും ഒന്നിലും ചോദിക്കാറില്ല. അവളുടെ ഇഷ്ടങ്ങളൊക്കെ അപ്പോഴേക്കും ചവറ്റുകുട്ടയിൽ ആയിട്ടുണ്ടാവും. പക്ഷേ ഇപ്പോഴത്തെ കുട്ടികളോട് ഇതൊന്നും പറയാൻ പറ്റില്ല. അവർക്ക് സ്വാതന്ത്ര്യം ആഘോഷിക്കണം. യാത്രകൾ പോകണം, സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കണം, രാത്രി ആസ്വദിക്കണം. അതിനൊക്കെ തടസ്സമാണ് വിവാഹത്തിന്റെ ഉത്തരവാദിത്തങ്ങൾ.

എന്റെ അഭിപ്രായത്തിൽ സ്ത്രീകൾ ഒരുപാട് യാത്രകൾ ചെയ്യണം. വീട്ടിലും നാട്ടിലും ഉള്ള കുശുമ്പും കുന്നായ്മകളും കേൾക്കാൻ നിൽക്കാതെ പോകണം. ഇന്ത്യ കാണണം, ഇന്ത്യയ്ക്കു പുറത്തേക്ക് പോകണം. എത്ര അനുഭവങ്ങളാണ് ഓരോരുത്തരെയും കാത്തിരിക്കുന്നത്. എന്താണു ജീവിതം എന്ന് മനസ്സിലാക്കണമെങ്കിൽ യാത്രകൾ പോകണം. മലകളും പുഴകളും കാണണം. കല്യാണം എന്നാൽ കൂട്ടിലിട്ട കിളികളെപ്പോലെ ആണെന്നാണ് തോന്നുന്നത്. എന്റെ മകളുടെ കാര്യം എടുത്താൽ അവളിപ്പോൾ പഠിക്കുകയാണ്, പക്ഷേ വിവാഹ പ്രായം ആയാലും അവൾക്കു വേണം എന്ന് പറഞ്ഞാൽ മാത്രമേ അതുണ്ടാകൂ. അവൾക്ക് ഇപ്പോൾ വിവാഹത്തോട് തീരെ താൽപര്യമില്ല. യാത്രകൾ പോണം എന്നതൊക്കെയാണ് ഇഷ്ടം. ആണും പെണ്ണും എന്നൊക്കെ പറയുമ്പോൾ പോലും അവൾക്കത് ഇഷ്ടമല്ല. ലിംഗ അസമത്വം ഒന്നും അവൾക്ക് താൽപര്യമില്ല. സൗഹൃദങ്ങൾ ഇഷ്ടമാണ്, പക്ഷേ വിവാഹം എന്ന് കേൾക്കുമ്പോൾ ഇഷ്ടക്കേടാണ്. എന്തായാലും അവളുടെ ഇഷ്ടങ്ങൾക്ക് തന്നെയാണ് പ്രസക്തി. പക്ഷേ ഞാൻ അവളോട് ആദ്യം പറയുന്നത് സാമ്പത്തികമായി മുന്നേറാൻ തന്നെയാണ്. അതാണ് ഏറ്റവും പ്രധാനവും.
English Summary: Women Share Why They Don't Want To Get Married