ADVERTISEMENT

കൊച്ചി∙ ഘനഗാംഭീര്യമുള്ള ശബ്ദത്തിൽ ‘കുറാഷ്’ എന്നു കേട്ടപ്പോൾ സംസ്ഥാന കുറാഷ് മത്സരത്തിന്റെ കളിക്കളത്തിലേക്ക് ഏവരുടെയും കണ്ണുകൾ പാഞ്ഞത് മത്സരിക്കുന്നവരിലേക്കായിരുന്നില്ല, പകരം മത്സരം നിയന്ത്രിക്കുന്ന വനിതയിലേക്കായിരുന്നു. അവിടെ അചഞ്ചലയായി മത്സരങ്ങൾ നിയന്ത്രിക്കുന്നതാകട്ടെ കേരളത്തിൽ ആയോധനകലയുടെ ആദ്യ ട്രാൻസ്ജെൻഡർ റഫറിയായെത്തിയ കോഴിക്കോട്ടുകാരി അനാമികയും. ട്രാൻസ് വിഭാഗത്തില്‍ ഇന്ത്യയിലെ ഏക ആയോധനകലാ റഫറിയാണ് അനാമിക എന്നാണ് അവർ പറയുന്നത്. 

anamika2

കോഴിക്കോട് മുക്കം സ്വദേശിയായ പ്രേമരാജന്റെയും നസീറയുടെയും രണ്ടാമത്തെ കുട്ടിയായ ജിത്തു തന്റെ താത്പര്യപ്രകാരം പൂർണമായും അനാമികയായി മാറിയത് 5 വർഷം മുൻപ്. 4 സഹോദരിമാരായ ചിഞ്ചു, ജീന, ദിൽന, രൂപ്ന എന്നിവരുടെ സഹോദരൻ അനാമികയാകുന്നതിൽ സഹോദരിമാരെല്ലാം കയ്യടിച്ചു കൂടെനിന്നു. ഡോക്ടറായ ഇളയ സഹോദരി രൂപ്നയുടെ ഉപദേശങ്ങളും സ്വീകരിച്ചു. ജീവിത പങ്കാളിയായെത്തിയ കോഴിക്കോട് സ്വദേശി കെ.കെ. സുഹൈൽ ലിയോ കൂടി എല്ലാ പിന്തുണയുമായി ഒപ്പമെത്തിയതോടെ കോയമ്പത്തൂരിലെയും എറണാകുളത്തെയും ആശുപത്രികളിൽ പൂർണമായും അനാമികയായി മാറി. സഹോദരിമാരും പിതാവിന്റെ അമ്മയും നൽകിയ തുകയാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ചത്. 

ചെറുപ്പം മുതൽ ജൂഡോ പരിശീലിക്കുന്ന സഹോദരിമാരെക്കണ്ടാണ് താനും ആയോധനകലയിലേക്കെത്തിയതെന്ന് ഇപ്പോൾ കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാംപസിൽ എംകോം ഇന്റർനാഷനൽ ഫിനാൻസ് ആദ്യ സെമസ്റ്റർ വിദ്യാർഥികൂടിയായ ഇവർ പറയുന്നു. തുടർച്ചയായി നാലാം വർഷവും യൂണിവേഴ്സിറ്റി ഷോട്ട്പുട്ട് ചാംപ്യനാണ്. ജൂഡോയ്ക്കു പുറമെ ജുജിറ്റ്സു, ഗുസ്തി, കുറാഷ് എന്നിവയിലും പ്രാവീണ്യം തെളിയിച്ചു. കഴിഞ്ഞവർഷം കണ്ണൂരിൽ നടത്തിയ സംസ്ഥാന ജൂഡോ ചാംപ്യൻഷിപ്പിൽ 78 കിലോഗ്രാം വനിതാ വിഭാഗത്തിൽ വെങ്കല മെഡൽ നേടാനായത് ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല്. കുറാഷിൽ സംസ്ഥാന തലത്തിൽ സ്വർണമെഡൽ ജേതാവുമായി. റഫറിയാകാനുള്ള പരിശീലനം കൊച്ചി തൃപ്പൂണിത്തുറയിലെ അക്കാദമിയിൽ പരിശീലകൻ രാജൻ വർഗീസിന്റെ ശിക്ഷണത്തിൽ നേടുകയും ചെയ്തു. കായിക മേഖലയിൽത്തന്നെ മുന്നോട്ടു തുടരാനും അതുവഴി സർക്കാർ ജോലി നേടുകയാണ് ഭാവിയിലെ പദ്ധതിയെന്ന് അനാമിക പറയുന്നു. 

English Summary: Trans Woman Referee Anamika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com