റിപ്പബ്ലിക് പരേഡിലെ ഉണ്ണിയാര്‍ച്ച റോസിയായി വേദിയില്‍; തിരക്കിനിടയിലും അഭിനയത്തില്‍ തിളങ്ങി സിനി
Mail This Article
റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിച്ച ടാബ്ലോയിലെ ഉണ്ണിയാര്‍ച്ച മറ്റൊരു വേഷത്തില്‍ ഇന്ന് ഡല്‍ഹി മലയാളികള്‍ക്കു മുന്നിലെത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസറായ സിനി കെ. തോമസാണ് ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും അഭിനയത്തിലും ശ്രദ്ധ നേടുന്നത്.
ഡല്‍ഹി മലയാളിയായ നാടകാചാര്യന്‍ പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ളയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം ന്യൂഡല്‍ഹിയിലെ കേരള സ്‌കൂളില്‍ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന എന്ന നാടകത്തില്‍ റോസി എന്ന കഥാപാത്രമായാണ് സിനി എത്തുക.
നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ടാബ്ലോയാണ് കേരളം റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു കയ്യടിച്ച് അഭിനന്ദിച്ച ടാബ്ലോ പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റഗ്രാമിലും ഇടം പിടിച്ചു. ബേപ്പൂര്‍ റാണി എന്ന് പേരിട്ട ഉരുവില്‍ നാരീ ശക്തി പുരസ്‌ക്കാര ജേതാവ് കാര്‍ത്ത്യായനി അമ്മയുടെയും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയുടെയും പ്രതിമകളും കളരിപ്പയറ്റും ഇരുളനൃത്തവും ശിങ്കാരിമേളവുമൊക്കെ ചേര്‍ന്ന വേറിട്ട അവതരണമായിരുന്നു ഇത്.
സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന ടാബ്ലോയിലെ കലാകാരികളെല്ലാം സാധാരണക്കാരായ വീട്ടമ്മമാരും കുടുംബശ്രീ പ്രവര്‍ത്തകരുമായിരുന്നു. ഉരുവിന് മുകളില്‍ തെങ്ങോലകളുടെ പശ്ചാത്തലത്തില്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന ഉണ്ണിയാര്‍ച്ചയെ അവതരിപ്പിച്ചയാളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.
നാട്ടില്‍നിന്നെത്തിയ കലാകാരികള്‍ക്ക് ആത്മവിശ്വാസം പകരാനും ഭാഷാ പ്രശ്‌നവും മറ്റും ഒഴിവാക്കുന്നതിനാണ് അവരിലൊരാളായി കൂടെ ചേര്‍ന്നതെന്ന് സിനി പറഞ്ഞു. ജനസംസ്‌കൃതി നാടകോത്സവത്തില്‍ അവതരിപ്പിച്ച മൂകനര്‍ത്തകന്‍ എന്ന നാടകത്തിലും മുഖ്യ വേഷം അവതരിപ്പിച്ചിരുന്നു. മുന്‍പ് കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന സിനി കോട്ടയം കുടമാളൂര്‍ അന്നാതോമയില്‍ തോമസിന്റെയും അന്നമ്മയുടെയും മകളാണ്.