ADVERTISEMENT

വാടകയ്ക്ക് ഒരു വീടെടുത്താല്‍ അതിനു വാടകയായി ഒരു തുക നല്‍കുന്നതിനു പുറമേ വീട്ടിലുളള വളര്‍ത്തു ജീവികള്‍ക്ക് ഓരോരുത്തര്‍ക്കും കൂടി വാടക നല്‍കേണ്ടി വന്നാലോ. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നും. പക്ഷേ, ഇങ്ങനെ ഒരു സംഭവം യഥാര്‍ത്ഥത്തില്‍ നടന്നിരിക്കുകയാണ് അങ്ങ് അമേരിക്കയില്‍. ഇതേകുറിച്ച് പറഞ്ഞ് താമസക്കാരിയായ നിക് എന്ന യുവതി ടിക്ടോകില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

 

ഏകദേശം 12,000(200 ഡോളര്‍)രൂപയാണ് വീട്ടു വാടകയായി നിക് നൽകുന്നത്. വീട്ടില്‍ ഒരു ഗോള്‍ഡ് ഫിഷിനെ വളര്‍ത്തുന്നതിനാല്‍ പെറ്റ് റെന്റ് എന്ന പേരില്‍ യുവതിയോട് 1,237 രൂപ (15 ഡോളര്‍) അധികം അടയ്ക്കാന്‍ ആവശ്യപ്പെട്ടു വീട്ടുടമ.  ഈ തുക അടച്ച് വാടകചീട്ടുമായാണ് നിക് തന്റെ പ്രതികരണം സമൂഹ മാധ്യമത്തില്‍ രേഖപ്പെടുത്തിയത്. നിക് തന്റെ ടിക്ടോക് പേജില്‍ വാടകചീട്ടിന്റെ സ്‌ക്രീന്‍ഷോട്ടും വളര്‍ത്തു മത്സ്യത്തെയും ഉള്‍പ്പെടുത്തികൊണ്ട് ഒരു വിഡിയോ പങ്കുവച്ചു. വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ നിരവധി പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. 

 

വളര്‍ത്തുജീവികള്‍ക്കും വാടക ഈടാക്കുന്ന വീട്ടുടമയ്ക്കുമെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് നിക്കിന്റെ വിഡിയോയ്ക്ക് താഴെ കമന്റുകളിട്ടിരിക്കുന്നത്. വീട്ടുടമയുടെ ദുരാഗ്രഹത്തെ കുറ്റപ്പെടുത്തി കൊണ്ടുളളതാണു കമന്റുകള്‍. തോന്നിയപോലെ വാടക ഈടാക്കുകയാണ് അമേരിക്കയിലെ പല വീട്ടുടമകളെന്നും, വളര്‍ത്തു മത്സ്യത്തിനും വാടക കൊടുക്കണമെന്നറിയില്ലായിരുന്നുവെന്നും കമന്റുകള്‍ കാണാം. 

 

വളര്‍ത്തുമത്സ്യത്തിന് 150 ഡോളര്‍ വീട്ടുടമ ഈടാക്കിയിരുന്നെന്നും വീടു മാറിയതിനാല്‍ അത് ആരോടും പറഞ്ഞിരുന്നില്ലെന്നും മറ്റൊരു ടിക് ടോക് യൂസര്‍ വിഡിയോയ്ക്ക് താഴെ കമന്റിട്ടിട്ടുണ്ട്. വീട്ടിലെ ഫിഷ് ടാങ്കില്‍ ഒരു കൊഞ്ചിനെ കണ്ട് വീട്ടുടമ അതിന് പണം ഈടാക്കാന്‍ ശ്രമിച്ചുവെന്നും അത് വളര്‍ത്തുന്നതല്ല കഴിക്കാനുളളതാണെന്ന് പറഞ്ഞപ്പോള്‍ വാടക കൊടുക്കേണ്ടി വന്നില്ലെന്നും മറ്റൊരാള്‍ പറയുന്നു. അതേസമയം ഫിഷ് ടാങ്ക് പൊട്ടി വീടിന് നാശനഷ്ടങ്ങള്‍ സംഭവിക്കാനുളള സാധ്യത മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ പെറ്റ് റെന്റ് ഈടാക്കുന്നതെന്നാണ് മറ്റൊരു കമന്റ്.

English Summary: Woman Claims Landlord Charges Pet Rent

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com