‘വസ്ത്രം ധരിക്കാൻ അനുവദിച്ചിരുന്നില്ല, ബ്ലേഡ് കൊണ്ട് ചുണ്ടിനരികിലും കവിളിലും മുറിവുണ്ടാക്കി’

Mail This Article
പഠിക്കേണ്ട പ്രായത്തില്‍ ജോലി ചെയ്യേണ്ടി വരിക. ജോലിചെയ്യുന്ന ഇടത്തില്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ നിരന്തരം അനുഭവിക്കേണ്ടിയ വരിക. ഒരു പതിനേഴുകാരിക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരിക്കും ഇത്. എന്നിട്ടും വിഷമങ്ങള്‍ മറ്റൊരാളുമായി പങ്കുവെക്കാന്‍ ഭയന്ന് ഒരിക്കല്‍ രക്ഷപ്പെടാനൊരു വഴി തെളിയുമെന്ന വിശ്വാസത്തില്‍ അവള്‍ ദിവസങ്ങളെണ്ണി ജീവിച്ചു. ഒടുവില്‍ ഏതൊ ഒരു അജ്ഞാത ഫോണ്‍കോളില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം പൊലീസെത്തി അവളുടെ രക്ഷയ്ക്ക്. ഇപ്പോള്‍ ആശുപത്രിയിലുള്ള ഈ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.
ഹരിയാനയിലെ ഗുഡ്ഗാവിലാണ് മേല്‍പറഞ്ഞ സംഭവം നടന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിന് മനീഷ് ഖത്തര്‍ - കമല്‍ജീത് കൗര്‍ ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ദമ്പതികള്‍ കഴിഞ്ഞ അഞ്ചുമാസമായി പെണ്‍കുട്ടിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. അറസ്റ്റിലായ മനീഷ് ഖത്തര്‍ ഒരു പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുകയാണ്. ഭാര്യ കമല്‍ജീത് കൗര്‍ ഗുഡ്ഗാവിലെ ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്നു.
ജാര്‍ഖണ്ഡിലെ ഒരു ചെറിയ ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ വീട്. ജോലിക്കായി ഒരു പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ് ഈ പെണ്‍കുട്ടി ദമ്പതികളുടെ വീട്ടില്‍ അവരുടെ കുഞ്ഞിനെ നോക്കാനായി ജോലിക്കെത്തുന്നത്. അവളുടെ അമ്മാവനായിരുന്നു ദമ്പതികളുടെ വീട്ടില്‍ പെണ്‍കുട്ടിയെ ജോലിക്കായി കൊണ്ടു ചെന്നാക്കിയത്. അഞ്ചുമാസക്കാലമാണ് പെണ്‍കുട്ടിക്ക് ദമ്പതികള്‍ക്കൊപ്പം കഴിയേണ്ടിവന്നത്. എന്നാല്‍ ഈ കുറഞ്ഞകാലത്തിനുളളില്‍ അതിക്രൂരമായ പീഡനങ്ങളാണ് പെണ്‍കുട്ടിക്ക് ഏല്‍ക്കേണ്ടി വന്നത്. ഇത് മനസിലാക്കി പേരു പറയാതെ ഏതോ ഒരു വ്യക്തി വനിത-ശിശു വികസന വകുപ്പിനുകീഴിലുളള വണ്‍-സ്റ്റോപ്പ് സെന്ററിലേക്ക് വിളിക്കുകയും പെണ്‍കുട്ടിയെ കുറിച്ച് വിവരം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പെണ്‍കുട്ടിയെ രക്ഷിച്ച് വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ദമ്പതികളെ അറസ്റ്റു ചെയ്യുകയും ചെയ്തു.
വീട്ടുജോലിക്കും കുഞ്ഞിനെ നോക്കാനുമായിട്ടാണ് മനീഷ് ഖത്തര്‍ ഭാര്യ കമല്‍ജീത്ത് കൗര്‍ എന്നിവര്‍ പെണ്‍കുട്ടിയെ അവരുടെ വീട്ടില്‍ നിര്‍ത്തിയത്. കയറുകൊണ്ടും വടികൊണ്ടും പെണ്‍കുട്ടിയെ ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ബ്ലേഡ് ഉപയോഗിച്ച് കൈകളിലും ചുണ്ടിന് അരികിലും അവര്‍ മുറിവുകള്‍ ഉണ്ടാക്കി. ചൂടുളള ഇരമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും തീപ്പെട്ടികൊളളി ഉപയോഗിച്ച് പൊളളിക്കുകയും ചെയ്യുമായിരുന്നു. അലക്കുമ്പോഴും വീട്ടുജോലികള്‍ ചെയ്യുമ്പോഴും വസ്ത്രം ധരിക്കാന്‍ അനുവദിച്ചിരുന്നില്ല. വസ്ത്രമില്ലാതെ വെറും നിലത്തായിരുന്നു കിടന്നുറങ്ങിയത് പോലും. കൊണ്ടുവന്നിരുന്ന വസ്ത്രങ്ങള്‍ ഭാര്യ കമല്‍ജിത് കൗര്‍ കീറികളയുകയും ചെയ്തു. അവര്‍ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ചൂടാക്കിയ ഇരുമ്പു ദണ്ഡുകൊണ്ട് കമല്‍ജീത് അടിക്കാറുണ്ടെന്ന് പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. ദിവസം മുഴുവന്‍ ജോലി ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ കഴിക്കാന്‍ വേണ്ടത്ര ഭക്ഷണം നല്‍കിയിരുന്നില്ല. മാത്രമല്ല വീട്ടില്‍ നിന്ന് പുറത്തുപോവാനോ സ്വന്തം വീട്ടുകാരുമായി ഫോണില്‍ സംസാരിക്കാനോ അനുവദിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ദിവസത്തില്‍ രാത്രി മാത്രമായിരുന്നു പെണ്‍കുട്ടിക്കു ഭക്ഷണം നല്‍കിയിരുന്നത്. അതും ഒരു ചെറിയ പാത്രത്തില്‍ അല്‍പം ചോറ്. ബാക്കി വരുന്ന ഭക്ഷണം ചവറ്റുകുട്ടയില്‍ നിന്നും എടുത്ത് കഴിച്ചാണു മിക്കദിവസവും വിശപ്പുമാറ്റിയിരുന്നത്. ഇക്കാര്യങ്ങള്‍ മറ്റൊരാളോട് പറയാന്‍ പേടിയായിരുന്നു. എന്തിനാണ് തന്നെ തല്ലുന്നതെന്ന് ചോദിക്കുമ്പോള്‍ സമയത്തിനു ജോലി ചെയ്യാഞ്ഞിട്ടാണെന്നാണ് ദമ്പതികള്‍ പറയാറെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് എട്ട് മുറിവുകളുളളതായാണ് റിപ്പോര്‍ട്ട്. മുഖത്തും കൈയിലും പുറത്തും കാലിലുമാണ് മുറിവുകള്‍. ഇതിനുപുറമെ പൊളളലേറ്റ പാടുകളും നിരവധി. നെഞ്ചിലും ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും ഉരഞ്ഞ പോലുളള മുറിവുകളും കാണാം. അതുപോലെ ചെവി വീര്‍ത്തിരിക്കുന്നതായും ഡോക്ടറുടെ റിപ്പോര്‍ടില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശാരീരിക-മാനസിക അവസ്ഥകള്‍ മനസിലാക്കാന്‍ ഇനിയും പരിശോധനകള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 342, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75, 79 പ്രകാരവും പോക്‌സോ ആക്ടിലെ സെക്ഷന്‍ 12 പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കമല്‍ജീത് കൗറിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലും ഭര്‍ത്താവ് മനീഷ് ഖത്തറിനെ രണ്ടു ദിവസത്തെ പൊലീസ് റിമാന്റിലും വിട്ടിരിക്കുകയാണ്.
ഗുര്‍ഗാവിലെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന ശക്തി വാഹിനി ചൈല്‍ഡ് ലൈനിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിഷി കന്ത് പെണ്‍കുട്ടിയുടെ വീട്ടുകാരെ ബന്ധപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സംരക്ഷണത്തെകുറിച്ചും പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും അവരുടെ കൂടി പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്നും നിഷി കന്ത് അറിയിച്ചു.
English Summary: 14-year-old kept as a maid, tortured with hot tongs, cut with sharp instruments, Gurugram couple arrested