ADVERTISEMENT

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ സ്ട്രീറ്റ്ഫുഡ് ഏതെന്ന ചോദ്യത്തിന് പലരുടേയും ഉത്തരമായിരിക്കും പാനി പുരി. നല്ല മൊരിഞ്ഞ പുരിയും ഉള്ളിലെ വ്യത്യസ്ത രുചികളിലുള്ള പാനിയും ചേര്‍ത്ത് വായിലിട്ട് പൊട്ടിക്കുന്നതു തന്നെ നമ്മളില്‍ പലര്‍ക്കും അനുഭൂതിയാണ്. എങ്കില്‍ പോലും 24 മണിക്കൂര്‍ പാനി പുരി മാത്രം കഴിച്ചവര്‍ അധികം പേരുണ്ടാവില്ല. അങ്ങനെയൊരു വെല്ലുവിളി എറ്റെടുത്തത് അങ്ങ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ബ്ലോഗറാണ്.

 

വെറുതേയങ്ങ് വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല, പലപ്പോഴായി പാനിപുരി കഴിക്കുന്നതിന്റെ വിഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു മേഗി കിം എന്ന ബ്ലോഗര്‍. അവരുടെ ഫോളോവര്‍മാരില്‍ ഒരാളാണ് ഇങ്ങനെയൊരു ചാലഞ്ച് മേഗി കിമ്മിന് നല്‍കിയത്. ആ ചാലഞ്ചിന്റെ ദൃശ്യങ്ങള്‍ കൂടി കാണിച്ചാണ് വിഡിയോ ആരംഭിക്കുന്നത്.

 

സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്താണ് ആദ്യ പാനി പുരി കഴിക്കുന്നത്. ഇത് വീട്ടിലിരുന്ന് തന്നെയാണ് മേഗി കഴിക്കുന്നത്. പുരിയില്‍ മസാല നിറച്ച് പാനിയില്‍ മുക്കി വായിലേക്കിടുന്നതിന്റെ ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. പിന്നീട് അടുത്തുള്ള റെസ്റ്ററന്റിലേക്ക് പോയാണ് പാനി പുരി വാങ്ങി കഴിക്കുന്നത്. രാവിലെ കഴിച്ച അതേ രൂപഭാവത്തിലുള്ള പാനി പുരിയാണ് അവരുടെ മുന്നിലേക്കെത്തുന്നത്. അമ്പരന്ന അവര്‍ സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തത് പരിശോധിച്ചപ്പോഴാണ് ഇതേ റെസ്റ്ററന്റില്‍ നിന്നായിരുന്നു അതെന്ന് തിരിച്ചറിഞ്ഞത്. 

 

രണ്ടു നേരം ഒരേ രുചിയുള്ള പാനിപുരി കഴിച്ച മാഗി വൈകുന്നേരം വ്യത്യസ്തമായ പാനി പുരിക്കു വേണ്ടി സ്ട്രീറ്റ് ഫുഡ് ഷോപ്പിലേക്കാണ് പോവുന്നത്. ഇത്തവണ ഗംഭീര വെറൈറ്റി പാനിപുരിയാണ് അവരെ കാത്തിരുന്നത്. പതിവു ലാഘവത്തോടെ പാനി പുരി കഴിച്ച മാഗിക്ക് ഇത്തവണ കാര്യങ്ങള്‍ കൈവിട്ടു. കാരണം തനിക്ക് സഹിക്കാനാവുന്നതിനേക്കാളും എരിവാണ് തെരുവിലെ കടയിലെ പാനി പുരിയിലുണ്ടായിരുന്നതെന്നാണ് മാഗി പറയുന്നത്. ഒടുവില്‍ കുല്‍ഫി വാങ്ങി കഴിച്ചാണ് എരിവില്‍ നിന്നും അവര്‍ രക്ഷ നേടിയത്. കടയിലുണ്ടായിരുന്നവര്‍ മാഗിയുടെ വെപ്രാളം കണ്ട് ചിരിക്കുകയും വേഗം കുല്‍ഫി കൊടുക്കാന്‍ 'ജല്‍ദി ജല്‍ദി' എന്ന് പറയുന്നതുമൊക്കെ വിഡിയോയിലുണ്ട്. 

 

ഫുഡ് വ്‌ളോഗറായ മേഗിയുടെ ഇന്‍സ്റ്റഗ്രാം വിഡിയോകളില്‍ ഇന്ത്യയും ഇന്ത്യന്‍ ഭക്ഷണങ്ങളും നിറയെയുണ്ട്. മുംബൈയും ജയ്പൂരും ഡല്‍ഹിയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമെല്ലാം മേഗിയുടെ വിഡിയോകളിലുണ്ട്. കൊറിയയെ പോലെ ഇന്ത്യയേയും സ്‌നേഹിക്കുന്ന മേഗി കിമ്മിന്റെ പാനി പുരി വിഡിയോയ്ക്ക് ഇരുപതിനായിരത്തിലേറെ ലൈക്ക് ലഭിച്ചിട്ടുണ്ട്.

English Summary: South Korean woman gets challenged to eat pani puri for '24 hours.' Watch her reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com