ADVERTISEMENT

വിജയിച്ചവരുടെ ചരിത്രം വാഴ്ത്തി ലോകമെമ്പാടും വനിതാദിനം ആഘോഷിക്കുമ്പോൾ ഒരു ചെറിയ ഗ്രാമത്തിൽ മറ്റുള്ളവരുടെ മുറ്റമടിച്ച് വാരിയും എച്ചിൽപാത്രങ്ങൾ കഴുകിയും ജീവിക്കുന്ന മൂന്ന്   സഹോദരിമാർക്ക് എന്ത് പ്രസക്തി? പക്ഷേ അവരുടെ ജീവിതമറിയുമ്പോൾ ഇങ്ങനെയും ജനിച്ച് ജീവിക്കുന്നവരുണ്ടോ എന്ന് അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടായാലോ...

 

 കൊടിയദാരിദ്രത്തിലേക്കു ജനിച്ചുവീണ ഏഴ് കുഞ്ഞുങ്ങൾ. അവരിൽ അഞ്ച് പേരും പെൺകുട്ടികൾ. വലിയ കരുതലും സ്നേഹവുമൊന്നും കിട്ടാതെ അവർ വളർന്നു. ഉടുതുണിക്ക് മറതുണിയില്ലാതെ  . ഒരു  കല്ലുപെന്‍സിലിനായി സ്‌കൂള്‍ മുറ്റം അരിച്ചുപെറുക്കിനടന്ന നാള്‍ മുതല്‍ ആഗ്രഹിച്ചതൊന്നും കിട്ടിയിട്ടില്ല. പക്ഷേ അതുകൊണ്ട് ആഗ്രഹങ്ങളൊന്നും മാറ്റിവയ്ക്കാൻ അവർ തയ്യാറായതുമില്ല. ഇത് തങ്കമ്മയുടെയും സരോജിനിയുടെയും കൗസല്യയുടെയും  കഥയാണ്. 

 

പാട്ടും സംഗീതവും ക്ഷേത്രസംസ്കാരവുമൊക്കെയായി പൊതുവേ സമ്പന്നമായ ഒരു ഗ്രാമമാണ് കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ എന്ന ഗ്രാമം.  കലാവിരുന്നൊരുക്കിയാണ് ഓരോ വിശേഷദിവസങ്ങളും ഇവിടെ കടന്നുപോകുന്നത്. ഗ്രാമത്തിലെ സ്ത്രീകൾ പാട്ടുപാടി ചുവട് വച്ചാടുമ്പോൾ  ഏതെങ്കിലും അടുക്കളപ്പുറത്ത് തിരക്കിട്ട പണികളിലായിരിക്കും ഈ സഹോദരിമാർ. അവരുടെ ജീവിതത്തിൽ സംഗീതത്തിനും നൃത്തത്തിനും രാഷ്ട്രീയത്തിനുമൊന്നും സ്ഥാനമില്ല. അതിരാവിലെ മുതൽ ഇരുട്ട് വീഴുംവരെ പണിയെടുക്കണം. പണിയെടുത്താൽ മാത്രം പോരാ നൂറ് ശതമാനം ആത്മാർത്ഥതയും പൂർണതയും അതിനുണ്ടാകണമെന്ന്  നിർബന്ധമുണ്ട് ഈ സഹോദരിമാർക്ക്. അവരുടെ കഥയിങ്ങനെ-

 

മൂത്ത സഹോദരി തങ്കമ്മയാണ് ആദ്യം വിവാഹിതയായത്. മകനെ രണ്ട് മാസം ഗർഭിണിയായിരിക്കേ ഭർത്താവ് തങ്കമ്മയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സരോജിനിക്കു തന്റെ  വിവാഹജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ പേടിയാണ്. ഒന്നരവർഷം കള്ളും കഞ്ചാവും ശീലമാക്കിയ ഭർത്താവിന്റെ കൊടിയ പീഡനം. പിന്നാലെ അയാളുടെ മരണം. ഏറ്റവും ഇളയ അനുജത്തി കൗസല്യക്കും അതേ വിധി. രണ്ടു വർഷത്തിനുശേഷം ഭർത്താവ് കാൻസർ ബാധിച്ച് മരിച്ചു. തങ്കമ്മയ്ക്ക് മാത്രം ഒരു മകനുണ്ടായി. മറ്റു രണ്ടു പേരും കഴിഞ്ഞ മുപ്പതു വർഷത്തിലേറെയായി വിധവമാരായി കഴിയുന്നു. സരോജിനിയുടെ ഭർത്താവിന്റേതു രണ്ടാംവിവാഹമായിരുന്നു. മരണക്കിടക്കയിൽ കിടന്നപ്പോൾ അയാൾ സരോജിനിയോട് കരഞ്ഞുകൊണ്ട് പറഞ്ഞു, താൻ വന്ധ്യംകരണം ചെയ്തിട്ടുണ്ടെന്ന്.  

 

വിധിയുടെ വിളയാട്ടത്തിൽ ആ പാവങ്ങൾ ആദ്യം പകച്ചു പോയെങ്കിലും  പിന്നീട് ജീവിതം തിരികെ പിടിക്കാനുള്ള നെട്ടോട്ടത്തിലായി. അങ്ങനെ രാവും പകലുമില്ലാതെ ജോലി ചെയ്ത് ഒന്നുമില്ലായ്മയിൽ നിന്ന് മൂവരും ഓരോ തുണ്ട് ഭൂമി സ്വന്തമാക്കി. സ്വന്തമായി കെട്ടുറപ്പുള്ള ഒരു വീട്.  അതു മാത്രമായിരുന്നു താങ്ങും തണലുമില്ലാത്ത ജീവിതത്തുടർച്ചയിൽ മുന്നോട്ട് നയിച്ച  ആഗ്രഹം.  

 

ഇതിനിടയിൽ  സരോജിനി കാന്‍സര്‍ ബാധിതയായി കയ്യിലുള്ള അവസാന നാണയം വരെ ചികിത്സയ്ക്കായി മാറ്റി. ജോലിയൊക്കെ കുറച്ച് വിശ്രമിക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ സരോജിനി മനസിൽ കുറിച്ചത് ഇരട്ടി ജോലി ചെയ്യണമെന്നാണ്. വീടുണ്ടാക്കണം, ഒപ്പം മരുന്നുകളൊക്കെ കൃത്യമായി വാങ്ങണം. അപ്പോൾ പിന്നെ വിശ്രമിച്ചിരിക്കാൻ പറ്റുമോ..കാൻസർ ബാധിതയായ ഒരു സ്ത്രീയുടെ എല്ലാ മനോവ്യഥകളും  അവർ മാറ്റിവച്ചു. പകരം  പഞ്ചായത്ത് അനുവദിച്ച  വീടിന് ഭാവനയിൽ സരോജിനി മറ്റൊരു രൂപം നൽകി.  ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല. ഒരു വീടെങ്കിലുമുണ്ടാക്കാതെ ഇവിടം വിട്ടുപോകില്ലെന്ന് വാശിയോടെ ആവർത്തിച്ചു. പലരും അവരെ പിന്തിരിപ്പിച്ചു. പൊടിയും രോഗാണുക്കളും നിറഞ്ഞ പരിസരത്തു മണിക്കൂറുകളോളം ജോലിയെടുക്കുന്നതിന്റെ അപകടം ഡോക്ടർമാരും ഓർമിപ്പിച്ചു. സരോജിനിക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. കോവിഡ് നിയന്ത്രണകാലത്തും ധൈര്യത്തോടെ പുറത്തിറങ്ങി. കിട്ടിയ പണികളൊക്കെ ഏറ്റെടുത്തു. ഇടയ്ക്ക് ഒഴിഞ്ഞുപോയെന്ന് കരുതിയ രോഗം തിരിച്ചെത്തി. ആര് പേടിക്കാൻ. രോഗം മാറിയിട്ടില്ല എന്നറിഞ്ഞപ്പോൾ കൂടുതൽ പണിയെടുക്കാനാണ് സരോജിനി തീരുമാനിച്ചത്. 

 

ആ നിശ്ചയദാർഢ്യവും പ്രയത്നവും വെറുതെയായില്ല. പഞ്ചായത്തിന്റെ സാമ്പത്തിക സഹായം കൂടി കിട്ടിയതോടെ മനോഹരമായ ഒരു വീട് സരോജിനിയുടെ അഞ്ച് സെന്റ് സ്ഥലത്തൊരുങ്ങി. കെട്ടുറപ്പുള്ള മതിലും ഗേറ്റും വർക്ക് ഏരിയയുമൊക്കെയുള്ള ആ വീട്ടിലേക്കാണ് ഇന്ന് സരോജനിയും തങ്കമ്മയും കൗസല്യയും അന്തിവരെ പണിയെടുത്ത് തളർന്ന് കയറിചെല്ലുന്നത്. തങ്കമ്മക്കുമുണ്ട് സ്വന്തമായി സ്ഥലവും വീടും. കൗസല്യയും സ്വന്തം നിലയിൽ  പഴയ ഒരു വീടും മൂന്ന് സെന്റ് സ്ഥലവും നേടിയെടുത്തു. അതിനായി പണം തികയാതെ വന്നപ്പോൾ സഹായിച്ചവർക്കു വീട്ടുപണി ചെയ്ത് കൊടുത്താണ് അവർ കടം വീട്ടിക്കൊണ്ടിരിക്കുന്നത്. വയസ് എഴുപതിന് മുകളിലുണ്ട് തങ്കമ്മയ്ക്ക്. അറുപതിനോടടുക്കുന്നു സരോജിനി. അന്പത്തഞ്ചിലെത്തി കൌസല്യ. 

 

 

നാലക്ക ശമ്പളവും മറ്റ് വരുമാനവുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി  വാടകവീടുകളിൽ സ്വയം ശപിച്ച് കഴിയുമ്പോഴാണ്  ആരോരുമില്ലാത്ത ഈ സ്ത്രീകൾ തളരാത്ത മനസുമായി ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട്പോകുന്നത്. ഏറ്റെടുത്ത് ചെയ്യുന്ന ജോലികളിൽ മറ്റൊരാൾക്കും തോൽപ്പിക്കാനാകാത്ത കയ്യടക്കവും പൂർണതയുമുണ്ട് ഈ സഹോദരിമാർക്ക് അതുകൊണ്ടു തന്നെ ഇവരുടെ സൗകര്യത്തിനായി  കാത്തിരിക്കുന്നവരാണ് ആ ഗ്രാമത്തിലെ പലരും. സുഖമില്ലാത്ത അനുജത്തി സരോജിനിയെ  ഒറ്റയ്ക്ക് വിടാൻ അനുവദിക്കില്ല തങ്കമ്മ. ചെറുതായാലും വലുതായാലും ഏതു പണിയും ഒന്നിച്ചേൽക്കും. ഒന്നിച്ച് തീർത്തുകൊടുക്കും. ഇവരെത്തിയാൽ വീടിന്റെ താക്കോല് ഏൽപ്പിച്ച് ധൈര്യമായി എങ്ങോട്ടുപോകാമെന്നുമുള്ള വിശ്വാസമുണ്ട് വീട്ടുകാർക്ക്. അത്രമാത്രം സത്യസന്ധതയും   ഹൃദയശുദ്ധിയുമുണ്ട്  ഈ സഹോദരിമാർക്ക്. ഈ സമർപ്പണത്തിന് പൊന്നാട അണിയിച്ച് ആദരവും ലഭിച്ചിട്ടുണ്ട് ഇവർക്ക്. 

 

 

.ലിംഗസമത്വമെന്നും പെണ്‍കരുത്തെന്നുമൊക്കെ വലിയ കാര്യങ്ങള്‍  ലോകം പറയുമ്പോള്‍ പരതുണയില്ലാത്ത ഈ സ്ത്രീകള്‍ക്ക് അതൊന്നും അറിയില്ല. രാവന്തിയോളം കഷ്ടപ്പെട്ടാല്‍ അന്തസ്സോടെ ജീവിക്കാം. അതിനെ തടസ്സപ്പെടുത്തുന്നതൊന്നും തങ്ങളെ സ്പർശിക്കാൻ ഇവരനുവദിക്കുന്നില്ല. ഭർത്താവും മക്കളും കൊച്ചുമക്കളുമൊന്നുമില്ല. നാളെയിനി വീണുപോയാലോ എന്ന് ചോദിച്ചാൽ അതിലും ആശങ്കയില്ല. അതൊക്കെ തൃക്കാരപ്പന്റെ തീരുമാനം. നമുക്ക് ഇടപെടനാകില്ലല്ലോ എന്ന് നിസ്സംഗം പറയുന്നു, ചിരിക്കുന്നു. രാവിലെ മടിച്ചിരിക്കാൻ പറ്റില്ല, ചെല്ലുമെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്, കാത്തിരിക്കുന്നുവരുണ്ട്. ജീവിതം സഫലമാകുന്നത് അങ്ങനെയൊക്കെയല്ലേ. ചെയ്യുന്ന ജോലി എന്താണെന്നതല്ല ചെയ്യാനുണ്ട് എന്നതാണ്. അതുപോലെ ആരാണ് കാത്തിരിക്കുന്നതെന്നല്ല, കാത്തിരിക്കാനാളുണ്ട് എന്നതാണ്.  ഈ വേദാന്തമറിയുന്ന മനുഷ്യനെങ്ങനെ നിഷ്ക്രിയനാകും. അസംതൃപ്തനും അസന്തുഷ്ടനുമാകും. ഇത് തന്നെയല്ലേ  മഹാമനീഷിമാരായ സന്യസിമാർ തലുമറകളായി മനുഷ്യനെ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com