ADVERTISEMENT

ഉത്സവക്കാഴ്ചകളിൽ പലതായിരിക്കും ഓരോരുത്തരുടെയും ഇഷ്ടം. ചിലർക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെയാണ് കാണാനാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് കാതടപ്പിക്കുന്ന ചെണ്ടമേളമായിരിക്കും പ്രിയം. അത്തരത്തിൽ ഒരു തായമ്പകയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തൃപ്പുണിത്തുറ സ്വദേശിയും വാദ്യകലാകാരിയായ ഡോക്ടർ നന്ദിനി വർമയാണ് ഈ വിഡിയോയിലെ താരം. കാണികളെ ആവേശഭരിതരാക്കി തയമ്പക കൊട്ടിക്കയറുകയാണ് ഡോക്ടർ.

മാർച്ച് ആറിന് പാലക്കാട് പൂക്കോട്ടുകാളികാവ്  ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന തായമ്പകയിലെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചത്. പ്രസവ ശേഷം നന്ദിനി ആദ്യമായി പങ്കെടുത്ത തായമ്പകയാണ് ഇത്. കഴിഞ്ഞ 22 വർഷമായി ചെണ്ടമേളത്തിൽ സജീവ സാന്നിധ്യമാണ് നന്ദിനി. 

വാദ്യകലയോടുള്ള തന്റെ പ്രണയത്തെ കുറിച്ച് ഡോക്ടർ പറയുന്നത് ഇങ്ങനെ: തൃപ്പൂണിത്തുറ ക്ഷേത്രത്തിനടുത്താണ് എന്റെ വീട്. അവിടെ ഉത്സവത്തിനു മേളം പ്രധാനമാണ്. അമ്മയുടെയും മുത്തശ്ശിയുടെയും കൂടെ പോയി സ്ഥിരമായി ചെണ്ടമേളം കേട്ടിരുന്നു. അങ്ങനെയാണ് ചെണ്ട പഠിക്കണമെന്ന ആഗ്രഹം തോന്നുന്നത്. അക്കാലത്ത് പെൺകുട്ടികൾ ചെണ്ട അഭ്യസിക്കുന്നത് താരതമ്യേന കുറവാണ്. ആഗ്രഹം പറഞ്ഞപ്പോൾ ആര് പഠിപ്പിക്കും എന്നൊരു സംശയമുണ്ടായി. അങ്ങനെയാണ് ബന്ധുകൂടിയായ തൃപ്പുണിത്തുറ ഗോപീകൃഷ്ണനാണ് എന്നെ ചെണ്ട പഠിപ്പിക്കുന്നത്. പിന്നീട് ശങ്കരൻകുളങ്ങര രാധാകൃഷ്ണൻ, പോരൂർ ഉണ്ണികൃഷ്ണൻ എന്നീ ആശാന്മാരുടെ കീഴിലും പഠിച്ചു.  

മുൻപും പെൺകുട്ടികൾ കൊട്ടിയിട്ടുണ്ട്. പക്ഷേ, ഒരു പ്രായം കഴിയുമ്പോൾ അവരിൽ പലരും കൊട്ട് നിർത്തുമായിരുന്നു എന്നും ഡോ. നന്ദിനി വർമ പറഞ്ഞു. കലാമണ്ഡലത്തിൽ ചെണ്ടയ്ക്കും മദ്ദളത്തിനും ഒന്നും ഇപ്പോഴും പെൺകുട്ടികളെ എടുക്കുന്നില്ലെന്നും നന്ദിനി വർമ വ്യക്തമാക്കി. ‘ഞാൻ കൊട്ടു പഠിച്ചു തുടങ്ങുമ്പോൾ പെൺകുട്ടിയല്ലേ, കൊട്ടു പഠിക്കണോ എന്ന രീതിയിലുള്ള സംശയങ്ങൾ വീട്ടിൽ തന്നെയുണ്ടായിരുന്നു. കസിനാണ് ആദ്യത്തെ ഗുരുനാഥൻ. അദ്ദേഹത്തിന്റെ കീഴിലിരിക്കുമ്പോഴാണ് അരങ്ങേറ്റം കഴിഞ്ഞത്. 2004ൽ തൃശൂരിലേക്കു താമസം മാറി. അവിടെ നിന്നാണ് പൂരങ്ങള്‍ക്കെല്ലാം തായമ്പക അവതരിപ്പിക്കാൻ പോയി തുടങ്ങിയത്. പെൺകുട്ടികൾ ചെണ്ട പഠിക്കണമോ എന്ന ചോദ്യം ധാരാളം കേട്ടിട്ടുണ്ട്. ആ വാദ്യത്തോടുള്ള ഇഷ്ടം കൊണ്ടാണ് മുന്നോട്ടു പോകാൻ സാധിച്ചത്. 2004 മുതൽ പ്രൊഫഷനലായി തന്നെ തായമ്പക ചെയ്യുന്നുണ്ട്.’– ഡോക്ടർ പറയുന്നു. നിലവിൽ തൃപ്പുണിത്തുറയിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് നന്ദിനി വർമകേരള കലാമണ്ഡലത്തിലെ കഥകളി–ചെണ്ട വിഭാഗം അധ്യാപകനായ കലാമണ്ഡലം ഹരീഷാണ് നന്ദിനി വർമയുടെ ജീവിത പങ്കാളി.  

English Summary: Woman Chenda Artist Nandini Varma About Her Viral Video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com