പ്രിയപ്പെട്ടവർക്കു ലഭിക്കുന്ന അംഗീകാരങ്ങൾ നമുക്കു നൽകുന്ന സന്തോഷം ചെറുതായിരിക്കില്ല. നാട്ടു നാട്ടു എന്ന ഗാനം ഓസ്കർ പുരസ്കാരം നേടി ലോകത്തിന്റെ നെറുകിലെത്തിയപ്പോൾ അത് ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്ന നിമിഷമായിരുന്നു. അപ്പോൾ പിന്നെ ഈ ഗാനത്തിന്റെ അണിയറപ്രവർത്തകരുടെ വീട്ടിലെ അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. നാട്ടുനാട്ടു ഗാനം എഴുതിയ ചന്ദ്രബോസിന്റെ ഭാര്യയുടെ മുഖത്തെ സന്തോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സംഗീത സംവിധായകൻ കിരവാണിയ്ക്കൊപ്പം ഓസ്കാർ പുരസ്കാരം സ്വീകരിക്കാൻ വേദിയിലേക്കു പോകുന്ന ചന്ദ്രബോസിനെ ടെലിവിഷനിൽ കാണുമ്പോഴുള്ള ഭാര്യയുടെ മുഖഭാവമാണ് സമൂഹമാധ്യമങ്ങളിലെത്തിയത്. സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറയുന്നതും വിഡിയോയിലുണ്ട്.
‘നാട്ടു നാട്ടു എന്ന ഗാനം ഇപ്പോൾ ഓരോ ഇന്ത്യക്കാർക്കും അഭിമാനമാണ്. ഓസ്കാർ വേദിയിൽ ചന്ദ്രബോസ് പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തോടെ കണ്ണു തുടയ്ക്കുന്ന ഭാര്യ.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. മികച്ച ഓറിജിനൽ സോങ് വിഭാഗത്തിലാണ് ആർആർആർ എന്ന സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചത്.
English Summary: Chandrabose’s Wife Cries in Happiness Seeing Him Accept Oscar for Best Original Song for Naatu Naatu Alongside MM Keeravani