ജീവിതത്തിൽ ഞാൻ വിജയിക്കുന്നതു കണ്ട് അവരിപ്പോൾ അഭിമാനിക്കുന്നുണ്ടാകും: ഗുണീത് മോംഗ

guneet
SHARE

സ്വപ്നങ്ങളിലേക്കെത്താൻ പലപ്രതിസന്ധികളും തരണം ചെയ്യേണ്ടിവരും. ജീവിതത്തിൽ വിജയിച്ചവരെല്ലാം അത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നു പോയവരാകും. ചേർത്തുനിർത്തേണ്ടവര്‍ തന്നെയായിരിക്കും പലപ്പോഴും തള്ളിപ്പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നം നേടിയെടുത്തതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യൂമെന്ററി ഷോട്ട്ഫിലിമിന്റെ നിർമാതാവ് ഗുണീത് മോംഗ. ഹ്യൂമൻസ് ഓഫ് ബോംബെയിലൂടെയാണ് തന്റെ ജീവിതാനുഭവം ഗുണീത് മോംഗ പങ്കുവച്ചത്

ഹ്യുമൻസ് ഓഫ് ബോംബെയിലെ കുറിപ്പ്

ഡൽഹിയിൽ സ്ഥിര താമസമാക്കിയ പഞ്ചാബി മധ്യവർഗ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പുറമെ നിന്നു നോക്കുമ്പോൾ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ വീടിനകത്തു നടക്കുന്ന കാര്യങ്ങൾ എന്താണെന്ന് പുറത്തുള്ളവർക്ക് അറിഞ്ഞിരുന്നില്ല. ആ വലിയ വീട്ടിൽ ഞങ്ങളുടെ കുടുംബത്തിനു കഴിയാൻ ഒരു മുറി മാത്രമാണ് അനുവദിച്ചത്. അമ്മയുടെ സഹോദരന്മാരുമായി സ്വത്ത് തർക്കമുണ്ടായിരുന്നു. അമ്മ ഒരുപാട് സഹിച്ചു. അവർ അമ്മയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. ഒരിക്കൽ വാക്കുതർക്കത്തിനിടെ അമ്മയെ കത്തിക്കാൻ അവർ ശ്രമിച്ചു. കൃത്യസമയത്ത് ഇടപെട്ടതിനാലാണ് അമ്മ രക്ഷപ്പെട്ടത്. പിന്നീട് ഞങ്ങൾ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. 

പിന്നീട് ഞങ്ങൾ വീണ്ടും ജീവിതം കെട്ടിപ്പടുത്തു. സ്വന്തമായി ഒരു വീട് എന്നത് എന്റെ അമ്മയുടെ സ്വപ്നമായിരുന്നു. അതിനു മൂന്ന് മുറികൾ വേണമെന്നും വീടിനു മുൻവശത്തു മൂന്നുപടികൾ വേണമെന്നും അമ്മയ്ക്കു നിർബന്ധമുണ്ടായിരുന്നു. അമ്മയ്ക്കു വേണ്ടി അങ്ങനെ ഒരു വീട് വാങ്ങാൻ ഞാന്‍ തീരുമാനിച്ചു. അതിനായി എന്റെ പതിനാറാമത്തെ വയസ്സിൽ ഞാൻ ജോലിചെയ്യാൻ തുടങ്ങി.പഠനത്തിനൊപ്പം ഞാൻ ചെറിയ ഉപജീവനമാർഗവും കണ്ടത്തി. കോളജിൽ പഠിക്കുന്ന കാലത്ത് ഞാൻ സിനിമയിൽ ജോലി ചെയ്തിരുന്നു. പ്രൊഡക്ഷൻ കോർഡിനേറ്ററും, പ്രൊഡക്ഷൻ മാനേജരും എല്ലാമായി. ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം ഞാൻ എന്റെ കുടുംബത്തിനു നൽകി. 

ആ സമ്പാദ്യം കൂട്ടിവച്ച് ഞങ്ങൾ ഒരു വീടുവാങ്ങി. എന്നാൽ അതിന്റെ നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് എന്റെ മാതാപിതാക്കളെ എനിക്കു നഷ്ടമാകുന്നനത്. 6 മാസത്തിനുള്ളിൽ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുൻപു തന്നെ അവർ എന്നെ വിട്ടുപോയി. ആ വീടുവിറ്റ് ഞാൻ മുംബൈയിലേക്കു താമസം മാറ്റി. പിന്നീട് എന്റെ സ്വപ്നം എന്നത് എന്റെ സംവിധായകന്റെ സ്വപ്നമായിരുന്നു. എന്റം മുഴുവൻ ഊർജവും ഞാൻ സിനിമയ്ക്കു വേണ്ടി മാറ്റിവച്ചു. ദിവസേന 4 മണിക്കൂർ മാത്രമാണ് ഞാൻ ഉറങ്ങിയത്. 

ഓരോ സിനിമയും വലിയ വെല്ലുവിളിയായിരുന്നു. സിനിമയ്ക്ക് ആവശ്യമായ പണം കണ്ടെത്തണം. എങ്ങനെ  സിനിമ വിതരണം ചെയ്യണം എന്നിങ്ങനെ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. ജീവിതത്തിൽ വിജയിച്ചപ്പോൾ അമ്മയുടെയും അച്ഛന്റെയും അഭിനന്ദനം ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്നെ യുഎസിലേക്കു വിടുന്നതിനായി സ്വർണക്കട വിറ്റു. ഞാൻ ലോകം കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എത്രവലിയ വെല്ലുവിളി നേരിടേണ്ടി വന്നാലും അവർ അതിനു തയ്യാറായിരുന്നു. എന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലെല്ലാം ഞാൻ അവരെ ഓർത്തു. അത് ഓസ്കറായാലും ലഞ്ച്ബോക്സിന്റെ നിർമാണ സമയത്താണെങ്കിലും എന്റെ മാതാപിതാക്കൾ കൂടെയുണ്ടാകണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു. അവർക്കുവേണ്ടി ജീവിതത്തിലെ നല്ല സമയങ്ങൾ ഞാൻ അവർക്കു സമർപ്പിക്കുന്നു. ഞാൻ ജീവിതത്തിൽ വിജയിച്ചതു കണ്ട് അവരിപ്പോൾ സന്തോഷിക്കുന്നുണ്ടാകും.  

English Summary: Guneet Monga Life Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS