ഒരാൾക്ക് അയാളെമാത്രം സ്നേഹിച്ചു ജീവിക്കാൻ കഴിയുമോ? എന്ന് പലപ്പോഴും പലസന്ദർഭങ്ങളിലും നമ്മൾ ചിന്തിക്കാറുണ്ട്. എന്നാൽ സ്നേഹിക്കുക മാത്രമല്ല, സ്വയം വിവാഹം കഴിക്കുക വരെ ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. സോളോഗമിയിൽ സന്തോഷം കണ്ടെത്തുന്ന മനുഷ്യർ. അത്തരത്തിൽ സ്വയം വിവാഹം ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിവാഹമോചനവും നേടിയിരിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ സോഫി മോർ.
ഫെബ്രുവരിയിലാണ് 25കാരിയായ സോഫി മോർ സ്വയം വിവാഹിതയാകാൻ തീരുമാനിക്കുന്നത്. വെള്ള ഗൗണ്‍ ആയിരുന്നു സോഫിയുടെ വിവാഹ വേഷം. വിവാഹ വസ്ത്രത്തിലുള്ള ചിത്രങ്ങളും സോഫി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. വിവാഹത്തിനു സ്വന്തമായി കേക്കും നിർമിച്ചെന്നു സോഫി പറയുന്നുണ്ട്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്. സ്വയം വിവാഹം കഴിക്കുന്നതിനായി ഞാൻ ഒരു ബ്രൈഡൽ വസ്ത്രം വിവാഹ കേക്കും വാങ്ങി.’– എന്ന കുറിപ്പോടെയാണ് വിവാഹ വസത്രത്തിലുള്ള തന്റെ സെൽഫികൾ സോഫി പങ്കുവച്ചത്.
ട്വിറ്ററിലെത്തിയതോടെ നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ വൈറലായി. ചിത്രത്തിനു താഴെ നിരവധി കമന്റുകളും എത്തി. ‘പെൺകുട്ടികളെ പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അത് ഇങ്ങനെ അല്ല.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘ആദ്യം ഒരു ജോലി നേടൂ’ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ‘ഈ പെൺകുട്ടിക്കു ഭ്രാന്താണോ’ എന്ന രീതിയിലും കമന്റുകൾ എത്തി. ഫെബ്രുവരി 20നായിരുന്നു സോഫി സ്വയം വിവാഹിതയായത്. എന്നാൽ 24 മണിക്കൂറിനകം തന്നെ വിവാഹം മോചനം നേടാനും സോഫി തീരുമാനിച്ചു. ഇത് തമാശയല്ലെന്നും സ്വയം വിവാഹിതയാകാനും വിവാഹമോചനം നേടാനും ആലോചിച്ച് എടുത്ത തീരുമാനമാണെന്നും സോഫി വ്യക്തമാക്കി. ‘ഒരുദിവസം ഞാൻ എന്നെ തന്നെ വിവാഹം കഴിച്ചു. പക്ഷേ, ഒരു ദിവസം പോലും എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് വിവാഹ മോചനത്തെ കുറിച്ചു ചിന്തിച്ചത്. ’– സോഫി പറയുന്നു.
English Summary: 25-yr-old woman who married herself wants a divorce in just 24 hrs