പ്രായം വെറും നമ്പർ മാത്രമാണെന്ന് വിളിച്ചുപറയുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ മറാത്തി ഗാനത്തിന് അവിസ്മരണീയമായ ചുവടുകൾ വയ്ക്കുകയാണ് ഒരു മുത്തശ്ശി. ഗോര്‍ദൻ രാമശ്രായ് എന്ന ട്വിറ്റർ അക്കൗണ്ടിലാണു വിഡിയോ എത്തിയത്.
‘ഇതെന്റെ വിഷാദം കുറച്ചു’ എന്ന കുറിപ്പോടെയാണ് വിഡിയോ. എല്ലാപ്രായത്തിലുള്ള സ്ത്രീകളും നൃത്തം ചെയ്യുന്നത് ഈ വിഡിയോയിൽ കാണാം. എന്നാൽ അതിൽ ഈ മുത്തശ്ശി മാത്രം വേറിട്ടു നിൽക്കുന്നു. മുത്തശ്ശിയുടെ ഊർജസ്വലമായ നൃത്തചുവടുകളാണ് നെറ്റിസൺസിന്റെ മനംകവർന്നത്.
നിരവധിപേര്‍ ഇതിനോടകം വിഡിയോ കണ്ടു. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. മുത്തശ്ശിയുടെ ചടുലമായ നൃത്തത്തെ പ്രകീർത്തിക്കുന്നതാണ് കമന്റുകൾ. ‘എനിക്കും ഈ വിഡിയോ വളരെ സന്തോഷം നൽകുന്നു. ഇത് എന്റെ ശരീരത്തിലെ വൈറ്റമിനുകളും കാത്സ്യവും സംതുലിതാവസ്ഥയിലാക്കി.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘പുറം വേദനയുണ്ടായിരിക്കും. പക്ഷേ, അതൊന്നും നൃത്തത്തോടുള്ള അവരുടെ അഭിനിവേശം കുറയ്ക്കുന്നില്ല.’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘ആത്മവിശ്വാസം എന്നാൽ ഇതാണ്. ഈ പ്രായത്തിലും നൃത്തം ചെയ്യാൻ അവർ തയാറാകുന്നു. അത് അവർക്കു കൂടുതൽ കരുത്ത് നൽകട്ടെ.’– എന്നരീതിയിലും പലരുടെയും കമന്റുകൾ എത്തി.
English Summary: Elderly Woman Dancing Joyfully At A Programme