ADVERTISEMENT

ഒരു സംരംഭം തുടങ്ങുക എന്നത് വിദൂരസ്വപ്നത്തിൽ പോലുമില്ലായിരുന്ന രണ്ടു പേർ, ഞാനും പ്രവീണയും, സാഹചര്യവശാൽ എത്തിപ്പെട്ടത് അതേ തീരുമാനത്തിലേക്കാണ്. മെഡിക്കൽ രംഗത്തുള്ളവർക്ക് വിദേശജോലി നേടാൻ അനിവാര്യമായ മെഡിക്കൽ ലൈസൻസിങ് പരീക്ഷകൾക്കു ട്രെയിനിങ് നൽകുന്ന സ്ഥാപനം- അതായിരുന്നു പദ്ധതി

 

മൂലധനമായിരുന്നു വിഷയം

 

ഒരുമിച്ചിറങ്ങി ആദ്യം പോയതു ബാങ്കിലേക്കാണ്. സ്ത്രീ സംരംഭകർക്ക് നിരവധി ലോൺ അവസരങ്ങളാണല്ലോ പരസ്യങ്ങളിൽ കണ്ടിട്ടുള്ളത്. എന്നാൽ അവിടെ കയറിയിറങ്ങിയപ്പോഴാണ് മനസിലായത് അതൊക്കെ ഒരു മഞ്ഞുമലയുടെ ഭംഗിയുള്ള അറ്റം മാത്രമായിരുന്നുവെന്ന്.

 

സ്ത്രീകൾക്കായത് കൊണ്ടുതന്നെ നൂറുകൂട്ടം നൂലാമാലകൾ. സ്ത്രീകൾക്കു വീട്ടിലിരുന്നു ചെയ്യാവുന്ന ചെറുകിട വ്യവസായത്തിനു ലോൺ നൽകാമെന്ന് ചിലർ. മെഡിക്കൽ ലൈസൻസിങ് സ്ഥാപനത്തിനു ലോൺ ചോദിച്ചു ചെന്ന ഞങ്ങളോട് 'പ്രോഡക്റ്റ'യി എന്തെങ്കിലും കാണിച്ചാൽ അതിന്മേൽ ലോൺ തരാമെന്ന് ചില ബാങ്കുകൾ. ഒടുവിൽ ഈട് നിൽക്കേണ്ടവരുടെയും നൽകേണ്ടതിന്റെയും ലിസ്റ്റ്, സ്കൂൾകാലത്തെ ഓർമിപ്പിക്കും വിധം "ഭർത്താവിനെയോ അച്ഛനെയോ വിളിച്ചുകൊണ്ട് വരണം" എന്ന അവസ്ഥയിൽ എത്തിയപ്പോൾ, ഞങ്ങൾ കയ്യിലുള്ള സ്വർണം കൊണ്ട് സംരംഭം തുടങ്ങാമെന്ന് തീരുമാനിച്ചു.

 

Image Credit∙ Deepa Seira/Facebook
Image Credit∙ Deepa Seira/Facebook

'നല്ല കാലത്ത്' പഠിച്ചു വച്ച ഡ്രൈവിങ്

 

ഒരു കമ്പനി തുടങ്ങുമ്പോൾ രാവും പകലും അതിനെക്കുറിച്ചു ചിന്തിക്കുകയും അതിനു വേണ്ടി അധ്വാനിക്കുകയും ചെയ്യണം. ഒരു സ്ത്രീക്ക് അതിനു വേണ്ടി ഇന്നും സമൂഹം സമയം അനുവദിക്കുന്നില്ല. ചെറിയ കുഞ്ഞുങ്ങളെയും കൊണ്ട് ഒന്നിരുന്നു വ്യക്തതയോടെ ചിന്തിക്കാൻ പോലും എളുപ്പമായിരുന്നില്ല ഞങ്ങൾക്ക്. അവിടെ ഞങ്ങളെ സഹായിച്ചത് 'നല്ല കാലത്ത്' പഠിച്ചു വച്ച ഡ്രൈവിങ് ആയിരുന്നു. ആരെയും കാത്തു നിൽക്കാതെ സ്വയം ഡ്രൈവ് ചെയ്ത് ബിസിനസ്‌ തുടങ്ങാനുള്ള പ്രാരംഭകാര്യങ്ങൾക്കായി ഇറങ്ങുമ്പോൾ പലപ്പോഴും ചർച്ചകളും കാറിനുള്ളിൽ വച്ചു തന്നെയായി. സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പായിരുന്നു അത്. 

 

സ്വപ്നങ്ങളെ സ്നേഹിച്ചു

 

മുറി അടച്ചിട്ടിരുന്നു ജോലി ചെയ്യാനും, വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ ചിലത് മറ്റുള്ളവരെ ഏൽപ്പിക്കാനും ഞങ്ങൾ സ്വയം ശീലിച്ചു. ഏറ്റവും നല്ല അമ്മ, മരുമകൾ, മകൾ തുടങ്ങിയ സ്ഥാനങ്ങൾ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളെയും ഞങ്ങളുടെ സ്വപ്നങ്ങളെയും സ്നേഹിച്ചു കൊണ്ട് മാത്രമേ കുടുംബത്തെയും സ്നേഹിക്കൂ എന്നൊരു കടുത്ത തീരുമാനമെടുത്തു എന്ന് പറയാം. ഉള്ളത് പറഞ്ഞാൽ അതു കൊണ്ട് ദോഷമൊന്നും ഉണ്ടായില്ല. അവർക്കു നമ്മളെ വേണ്ടുന്ന സമയത്തെല്ലാം നമ്മളുണ്ട്. എന്നാൽ നമ്മളില്ലാതെ ചിലത് സ്വയം  ചെയ്യാൻ അവർ പഠിക്കുകയും ചെയ്തു . കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഞങ്ങൾക്ക് ലഭിക്കേണ്ട ബഹുമാനം കൂടിയിട്ടേ ഉള്ളു.

 

സ്ത്രീ എന്ന നിലയിൽ തരണം ചെയ്യേണ്ട കടമ്പകൾ

 

പുറമേയുള്ള ചില കമ്പനികളുമായി ക്ലാസിനാവശ്യമായ സോഫ്റ്റ്‌വെയർ ഡെവലപമെന്റ്, ഡിജിറ്റൽ സാധ്യതകൾ ഉപയോഗിചുള്ള മാർക്കറ്റിങ് തുടങ്ങിയവയെകുറിച്ച് ചർച്ചകൾ വേണ്ടി വരുമ്പോൾ പലപ്പോഴും അവരുടെ ഇടപെടലുകളിൽ നിന്ന് മനസിലായ ഒന്നുണ്ട്. "പെണ്ണാണ്, അതുകൊണ്ട് ഡിജിറ്റൽ യുഗത്തെപറ്റിയുള്ള അറിവ് കുറവാണ് " എന്ന മനോഭാവം പലരുടെയുമടുത്ത് നിന്നുണ്ടായി.

 

പറ്റിക്കപ്പെടാനുള്ള സാധ്യതകൾ ഏറെയായിരുന്നു. അതു മനസ്സിലാക്കിയത് കൊണ്ട് തന്നെ ഡിജിറ്റൽ സ്പേസ് ഉപയോഗിക്കാൻ പരമാവധി പഠിക്കുക എന്നതായിരുന്നു ഞങ്ങൾ ആദ്യം ചെയ്തത്. ഡിജിറ്റൽ മാർക്കറ്റിങ്, പഠിപ്പിക്കുന്നതിനാവശ്യമായ ഓഫീസ് സോഫ്റ്റ്‌വെയറുകൾ, സോഷ്യൽ നെറ്റ് വർക്കിങ്ങിന്റെ സാധ്യതകൾ തുടങ്ങിയവ ഞങ്ങൾ വിശദമായി പഠിച്ചു. ബിസിനസിൽ നിലനിൽപ്പിന്റെ ആദ്യത്തെ പടി അപ്ഡേറ്റ് ആയിരിക്കുക എന്നതാണ്.

 

പെൺകുട്ടികൾ മാത്രം ജോലി

 

ഞങ്ങളുടെ സ്ഥാപനത്തിൽ നിലവിൽ പെൺകുട്ടികളെ മാത്രമാണ് ജോലിക്കെടുക്കുന്നത്. ട്രെയിനിങ് കൊടുത്തു ഒരുവിധം ജോലി പഠിച്ചു വരുമ്പോഴാവും അവരുടെ കല്യാണം.. തന്റെ ജോലിക്ക് വേണ്ടി തനിക്ക് കൊച്ചിയിൽ തുടരണം എന്ന് പറയാൻ ശബ്ദമില്ലല്ലോ അവർക്ക്. ഭർത്താവ് പറയുന്നിടത്തേക്കു പറിച്ചു നടപ്പെടേണ്ടി വരുന്ന അവർക്ക് അതോടെ ജോലി നഷ്ടമാകുന്നു.. ഞങ്ങൾക്കൊ, വീണ്ടും പുതിയ സ്റ്റാഫ്‌, വീണ്ടും ട്രെയിനിങ്, കല്യാണം, പ്രസവം, പ്രസവാവധി.... വീണ്ടും ജോലിയിൽ പ്രശ്നങ്ങൾ. പക്ഷേ ഇതെല്ലാം ഉൾക്കൊള്ളാനും അവർക്കൊപ്പം നിൽക്കാനും എനിക്കും പ്രവീണയ്ക്കും കഴിയുന്നുണ്ട്. കാരണം ഒരിക്കൽ ഇതേ കാരണങ്ങളാൽ രണ്ടു സ്ഥാപനങ്ങളിൽ നിന്ന് ജോലി രാജി വയ്ക്കേണ്ടി വന്ന ഒരു ഭൂതകാലം ഞങ്ങൾക്കുമുണ്ടായിരുന്നു.

 

സ്ത്രീകളെ മാത്രം ജോലിക്കെടുക്കുന്നതിൽ വീട്ടുകാരുൾപ്പെടെ മറിച്ചൊരു ഉപദേശം നൽകിയിട്ടും ഞങ്ങളുടെ പോളിസി മാറ്റാൻ ഞങ്ങൾ തയാറായില്ല.  പെൺകുട്ടികളെ ജോലിക്ക് എടുത്താൽ പുറത്ത് പോയി ചെയ്യേണ്ട മാർക്കറ്റിങ്, ബാങ്കിങ്‌ തുടങ്ങിയവ ആരുചെയ്യുമെന്ന് ചോദിച്ചവരുണ്ട്. ടു വീലറിൽ യാതൊരു സങ്കോചങ്ങളുമില്ലാതെ പുറത്ത് പോയി ഗവണ്മെന്റ് ഓഫീസുകളിലും, കോളജുകളിലും, ബാങ്കിലുമൊക്കെ പോയി കാര്യങ്ങൾ നീക്കുന്ന, ആത്മാർഥതയോടെ ഞങ്ങൾക്കൊപ്പം നിൽക്കുന്ന മിടുക്കികളായ ഈ കുറച്ചു പെൺകുട്ടികളാണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ ഉയർച്ചയും അഭിമാനവും എന്ന് ഉറപ്പിച്ചു ഞങ്ങൾക്ക് പറയാനാകും.

 

വിദ്യാർഥികളിൽ പകുതിയും പെൺകുട്ടികൾ

 

ഇനി, വിദേശത്തേക്കു പോകാനുള്ള ലൈസൻസ് പരീക്ഷയ്ക്കായി പഠിക്കാൻ വരുന്ന വിദ്യാർഥികളുടെ കണക്കെടുത്താൽ പകുതിയും പെൺകുട്ടികൾ. പലരും വിവാഹവും ഗർഭവുമൊക്കെയായി നാലും അഞ്ചും വർഷത്തെ കരിയർ ബ്രെക്ക് എടുത്തവർ. കൊച്ചു കുഞ്ഞുങ്ങളെ മടിയിൽ വച്ചാണ് അവർ പഠിക്കുന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് പോകാനും, അവിടെ ജോലി നേടാനും വേണ്ടി പഠിക്കുമ്പോൾ, പഠനത്തിന്റെ, കുഞ്ഞുങ്ങളുടെ, ഭർതൃവീട്ടുകാരുടെ മുഴുവൻ സമ്മർദവും അവരിൽ കാണാം. രാത്രി മുഴുവൻ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ഉണർന്നിരിക്കുന്നവൾ പകൽ പുസ്തകത്തിന്റെ മുന്നിലിരുന്ന് ഒന്നു കണ്ണടച്ച് പോകുമ്പോൾ "നിന്നെക്കൊണ്ട് ഇത് വല്ലതും പറ്റുമോ? എന്ന് പുച്ഛത്തോടെ ചോദിക്കുന്നവർക്ക് മുന്നിൽ പകച്ചു നിന്ന പെൺകുട്ടികൾ... ഇടയ്ക്ക് വെച്ച് " എനിക്കിത് പറ്റില്ല" എന്ന് സ്വയം തീരുമാനിച്ച് കോഴ്സ് അവസാനിപ്പിക്കുന്നവരുണ്ട്. ഇവരെയൊക്കെ മനസിലാക്കാനും ഒപ്പം നിൽക്കാനും ഞങ്ങൾക്ക് കഴിയുമായിരുന്നു.. സാഹചര്യങ്ങൾ പലതാണെങ്കിലും സ്ത്രീയുടെ അനുഭവങ്ങളും നിസ്സഹായതയും ഏറെക്കുറെ ഒന്നാണല്ലോ!

 

യുണിക്ക് മെന്റെഴ്സ് എന്ന ഞങ്ങളുടെ സ്ഥാപനം ഒമ്പതാം വർഷത്തിലേക്ക് കടന്ന് ഇന്ന് മെഡിക്കൽ ലൈസൻസിങ്ങ് രംഗത്ത് ലോകമെമ്പാടും സേവനമെത്തിക്കുമ്പോൾ ഞങ്ങൾ നടന്ന കനൽവഴികളാണിത്. മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ അധ്യാപകരെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ മേഖലയായ ഫിസിയോതെറാപ്പി, മൈക്രോബയോളജി ലാബ് ടെക്നോളജി എന്നിവ ഞങ്ങൾ തന്നെ പഠിപ്പിക്കാൻ തീരുമാനിച്ചു. പഠനവും ബിസിനസിന്റെ തുടക്കത്തിലേ തട്ടുമുട്ടുകളും ഒരുമിച്ചു കൊണ്ടുപോവുക എളുപ്പമായിരുന്നില്ല.

 

എല്ലാ  വിഷയങ്ങൾക്കും സമയവും കഴിവും ആത്മാർത്ഥയുമുള്ള അധ്യാപകരെ കണ്ടെത്താൻ കഴിഞ്ഞതാണ് ആദ്യത്തെ വിജയം. അതിന് വേണ്ടിയുള്ള യാത്രകൾക്കും മീറ്റിംഗുകൾക്കുമായി സമയം മാറ്റി വയ്ക്കാൻ കഴിഞ്ഞു. കാരണം അപ്പോഴേക്കും കുടുംബം ഞങ്ങളുടെ സമയക്കുറവുമായി പൊരുത്തപ്പെട്ടിരുന്നു.

സ്വയമറിയുക, സ്വയം സ്നേഹിക്കുക

'പെണ്ണുങ്ങളല്ലേ, എവിടെ വരെ വളരാൻ' എന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്ന ഈ സമാനമേഖലയിലെ എതിരാളികളിൽ പലർക്കും മുകളിലേക്ക് ഇന്ന് ഞങ്ങൾ വളർന്നു. ഇനിയും സ്വപ്‌നങ്ങളേറെയാണ്.. ഒരു ഫിനിഷിങ് സ്കൂൾ എന്നതാണ് അതിൽ മുഖ്യം.  സ്ത്രീ സംരംഭയാവുക എന്നത് എളുപ്പമല്ല. പക്ഷേ അത് നേടിയെടുക്കാവുന്നതാണ്. സ്വയമറിയുക, സ്വയം സ്നേഹിക്കുക.. അപ്പോൾ ലോകം നിങ്ങൾക്കൊപ്പം നിൽക്കും!

 

(ഒരു വനിതാ സംരംഭകയുടെ അനുഭവം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com