ADVERTISEMENT

വിവാഹാഭ്യർത്ഥന രണ്ട് വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തമാണ്. അത് എന്നെന്നും ഓർമിക്കാനായി സാധ്യമായതൊക്കെ ചെയ്യുന്ന ധാരാളം ആളുകളുണ്ട്. കടലിനടിയിൽ വച്ചും ആകാശത്ത് വച്ചുമൊക്കെ വിവാഹാഭ്യർഥനകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ഇന്ന് പതിവാണ്. ചിലർ ഇതിനായി ഒരു ചടങ്ങ് തന്നെ നടത്തുമെങ്കിൽ മറ്റു ചിലർ സ്വകാര്യ സന്തോഷം എന്നോണം ഇരുവരും മാത്രമുള്ള അവസരങ്ങളിലാവും വിവാഹാഭ്യർത്ഥന നടത്തുന്നത്. എന്നാൽ വിവാഹാഭ്യർത്ഥന അൽപം കളറാക്കാനായി ഒരു കാമുകൻ നടത്തിയ സാഹസമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ആഡം എന്നാണ് കാമുകന്റെ പേര്. തന്റെ പ്രണയനിയായ വനേസയ്ക്ക്  പ്രാങ്ക് നൽകുന്നതിനായി അവളെ സംഘം ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു ആഡം. വനേസയും സഹോദരിയും ലബനനിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. സഹോദരിമാർ സഞ്ചരിച്ച കാറിനരികിൽ  ഒരു സായുധസംഘം എത്തുകയായിരുന്നു. ഇരുവരെയും ബലമായി വണ്ടിയിൽ നിന്നും ഇവർ വലിച്ചിറക്കി.

ഭയന്നുപോയ വനേസ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഗുണ്ടകൾ ഇവരുടെ കണ്ണുകൾ മൂടിക്കെട്ടി. അതിനുശേഷം മറ്റൊരു വാഹനത്തിനുള്ളിലേക്ക് തള്ളിയിട്ടു വേഗത്തിൽ പാഞ്ഞു പോവുകയും ചെയ്തു. അങ്ങേയറ്റം പരിഭ്രമിച്ചിരുന്ന വനേസയെ ഒരു ബീച്ചിലേക്കാണ് ഇവർ എത്തിച്ചത്. എന്നാൽ കാറിൽ നിന്നു വനേസയെ പുറത്തിറക്കിയ സമയത്ത് മനോഹരമായ സംഗീതവും കേൾക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു പ്രത്യേക സ്ഥലത്ത് കൊണ്ടുവന്നു നിർത്തി കണ്ണിലെ കെട്ടഴിച്ചപ്പോൾ തന്റെ പ്രിയതമൻ കൈകളിൽ പൂക്കളുമായി മുട്ടുകുത്തി വിവാഹാഭ്യർത്ഥന നടത്തുന്ന കാഴ്ചയാണ് യുവതി കണ്ടത്.

ജീവൻ നഷ്ടപ്പെടുമെന്ന് കരുതിയ സാഹചര്യത്തിൽ നിന്നും ഇത്രയും മനോഹരമായ ഒരു മുഹൂർത്തമാണ് തന്നെ കാത്തിരുന്നത് എന്ന് മനസ്സിലാക്കിയ വനേസ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു പോയി. ആഡത്തിന്റെ വിവാഹാഭ്യർത്ഥന ഉടൻതന്നെ യുവതി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് വനേസയുടെ സഹോദരിയും ഒപ്പം ഉണ്ടായിരുന്നത്. മാസങ്ങൾ നീണ്ട പ്ലാനിങ്ങിന് ഒടുവിലാണ് ഇത്തരമൊരു പ്രാങ്ക് ഒരുക്കിയത് എന്ന് സഹോദരി പറയുന്നു. പരസ്പരം പറ്റിക്കുന്നത് വനേസയുടെയും ആഡത്തിന്റെയും സ്ഥിരം പരിപാടിയാണെന്നും ഗുണ്ടാ സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കാണെന്നും   ഇവർ വ്യക്തമാക്കിയിട്ടുണ്ട്. 

ലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഈ ദൃശ്യങ്ങൾ കണ്ടത്. ചിലർ അതിലെ രസകരമായ വശം കണ്ട് ആസ്വദിക്കുന്നുണ്ടെങ്കിലും മറ്റുചിലർക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഈ പ്രാങ്കിനെക്കുറിച്ചുള്ളത്. യഥാർത്ഥ സ്നേഹമുണ്ടെങ്കിൽ ഒരിക്കലും പ്രണയിനിയെ ഇത്രയധികം ഭയപ്പെടുത്താൻ കാമുകൻ ശ്രമിക്കുമായിരുന്നില്ല എന്നാണ് ഇവരുടെ പക്ഷം.  തട്ടിക്കൊണ്ടുപോയ സമയത്ത് യുവതിയ്ക്ക് അതിന്റെ പരിഭ്രമത്തിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ വന്നിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നവരും കുറവല്ല.

English Summary: Man Stages Girlfriend's Kidnapping In The 'Most Controversial Proposal Of All Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com