അഞ്ചാം വയസിൽ മീനച്ചിലാറ്റിൽ തുടങ്ങിയ നീന്തൽ; ഇന്ത്യക്കു വേണ്ടി മത്സരിച്ച പാലാക്കാരി

sumi
സുമി സിറിയക്
SHARE

"എല്ലാ ദിവസവും വെളുപ്പിനു നാല് മണിക്ക് വിളിച്ചെഴുന്നേൽപ്പിച്ച് അപ്പൻ മീനച്ചിലാറ്റിൽ നീന്താൻ കൊണ്ടുപോകും. എത്ര മടിയാണെങ്കിലും വയ്യായ്കയാണെങ്കിലും മറുത്തൊന്നും പറയാൻ പറ്റില്ല. അന്നു സങ്കടവും ദേഷ്യവുമൊക്കെ വരുമായിരുന്നു. എന്നാൽ  ജീവിതത്തിലെ ഏറ്റവും വലിയ പാഠമായിരുന്നു അതെന്ന് ഇന്നു തിരിച്ചറിയുന്നു." പറയുന്നത് രാജ്യാന്തര നീന്തൽ താരവും പാലാക്കാരിയുമായ സുമി സിറിയക്. ദേശീയതലത്തിലും രാജ്യാന്തര തലത്തിലുമുള്ള നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത് 70ൽ അധികം മെഡലുകളാണ് സുമി സ്വന്തമാക്കിയിട്ടുള്ളത്. അഞ്ചു തവണ ഇന്ത്യക്കു വേണ്ടി മത്സരിച്ചു. നേപ്പാളിൽ നടന്ന സാഫ് ഗെയിംസിൽ ഒരു സ്വർണവും പാക്കിസ്ഥാനിൽ നടന്ന സാഫ് ഗെയിംസിൽ മൂന്നു സ്വർണവും മൂന്ന് റെക്കോർഡുമടക്കമാണ്  മെഡൽ നേട്ടം.ഇപ്പോൾ എറണാകുളം സൗത്ത് റയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായി സേവനം അനുഷ്ഠിക്കുകയാണ് സുമി.

sumi2

അഞ്ചാം വയസിൽ തുടങ്ങിയതാണ് സുമിയുടെ നീന്തൽ പരിശീലനം. നീന്തൽ പരിശീലകൻ കൂടിയായ അച്ഛനൊപ്പം ദിവസവും രാവിലെ പുറപ്പെടും. കൂട്ടത്തിൽ സഹോദരിമാരും ഉണ്ടാകും. മീനച്ചിലാറ്റിലാണു പരിശീലനം. അന്നൊക്കെ മത്സരിച്ചത് പ്രായത്തിൽ മൂത്ത ആൺകുട്ടികളോടാണ്. അവരോടു നീന്തി ജയിക്കുന്നത് ഒരു വാശിയായിരുന്നു. അലക്കാനും കുളിക്കാനും ആറ്റിലെത്തുന്ന ചേച്ചിമാർ നീന്താൻ വാശി കയറ്റുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അന്ന് അതൊക്കെ വലിയ സന്തോഷമായിരുന്നുവെന്നും ഇന്നും അതോർക്കാറുണ്ടെന്നും സുമി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

sumi-1

ആദ്യമായി സംസ്ഥാന തലത്തിൽ നീന്തൽ മത്സരത്തിനിറങ്ങുന്നത് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ഏഴാം ക്ലാസ് വരെ തുടർച്ചയായി മത്സരിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും ജയിച്ചിട്ടില്ല. ആ വർഷം അവസാനമാണ് സംസ്ഥാന തലത്തിൽ വ്യക്തിഗത ചാംപ്യനാകുന്നത്.  പിന്നീടങ്ങോട്ട് നീണ്ട 15 വർഷം തോൽവിയറിഞ്ഞിട്ടില്ലെന്നും സുമി സിറിയക് പറയുന്നു. 1997–ൽ മലേഷ്യയിൽ  നടന്ന ഏഷ്യൻ ഏജ് ഗ്രൂപ്പ് നീന്തൽ മത്സരത്തിൽ പങ്കെടുത്ത്‌ രാജ്യാന്തരതലത്തിലും സാന്നിധ്യമുറപ്പിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് നേട്ടങ്ങൾ കൊയ്ത നീന്തൽ താരങ്ങളുടെ പട്ടികയിൽ ഈ പാലാക്കാരി ഇന്നും തിളങ്ങി നിൽക്കുന്നു.

വിവാഹശേഷം മത്സരരംഗത്തു നിന്നും വിട്ടു നിന്നെങ്കിലും റയിൽവേയിലെ ജോലിക്കൊപ്പം സ്വന്തം പേരിൽ നീന്തൽ പരിശീലന കേന്ദ്രവും  സുമി നടത്തുന്നുണ്ട്. 2016 ൽ  ചങ്ങനാശേരിയിൽ ആരംഭിച്ച ഇന്റർനാഷണൽ  സ്വിമ്മർ സുമി സിറിയക് അക്കാഡമിയിൽ (​ഐഎസ്എസ്എ) കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം നൽകുന്നു. അഞ്ച് വയസു മുതൽ പ്രായമുള്ളവർക്ക് ഇവിടെ പരിശീലനത്തിനെത്താം. റിട്ടയർമെന്റിനു ശേഷം ആരംഭിക്കാൻ പ്ലാൻ ചെയ്ത സ്വിമ്മിങ് അക്കാദമി ഭർത്താവിന്റെ പിന്തുണ കൊണ്ടാണ് നേരത്തെ ആരംഭിച്ചതെന്നും ഇന്ന് വളരെ മികച്ച നിലയിൽ അക്കാദമി പ്രവർത്തിക്കുന്നുവെന്നും സുമി പറഞ്ഞു. 

English Summary: Swimmer Sumi Syriac Life Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA