കോട്ടയം ചെങ്ങളത്തെ വീട്ടിൽ നിന്നു 3 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോകാൻ സ്കൂൾ ബസിൽ വളരെ നേരത്തേ പുറപ്പെടണം. സഹോദരിമാരായ നിതയും നിയയും ആറു വർഷം മുൻപ് അതിനൊരു പോംവഴി കണ്ടുപിടിച്ചു. സൈക്കിളിൽ പോകാം! അങ്ങനെ തുടങ്ങിയ സൈക്കിൾച്ചവിട്ട് ഇപ്പോൾ ദേശീയ– സംസ്ഥാന മെഡലുകൾ വരെയെത്തി.
ചെങ്ങളം മരുതന പനയിടത്തുശേരിൽ നിത ആൻ ഏബ്രഹാമും (17) നിയ ആൻ ഏബ്രഹാമും (14) സൈക്ലിങ്ങിൽ വിജയം കൊയ്ത കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. മാന്നാനം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ പിതാവ് എബി ജേക്കബും അമ്മ ബിന്ദു എബിയും മക്കൾക്കൊപ്പം നിന്നു. നിയ കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിങ്ങിൽ വെങ്കല മെഡൽ സ്വന്തമാക്കി. ചേച്ചി നിത സംസ്ഥാന സ്കൂൾ ഗെയിംസിൽ വെങ്കലം നേടി.
നിത ഇപ്പോൾ കോട്ടയം എംഡി സെമിനാരി സ്കൂളിൽ പ്ലസ്ടുവിനും നിയ ഇല്ലിക്കൽ എക്സൽഷ്യർ പബ്ലിക് സ്കൂളിൽ പത്തിലും പഠിക്കുന്നു. സ്കേറ്റിങ്ങിൽ സംസ്ഥാന തലത്തിൽ മെഡൽ നേടിയിട്ടുള്ളവരാണ് ഈ സഹോദരിമാർ.
Content Summary: Cycle Champion Sisters from Kottayam