കുട്ടിക്കാലത്ത് ഒപ്പം പഠിച്ച കൂട്ടുകാരിയെ തിരഞ്ഞു പിടിച്ച നേഹ എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. എൽകെജിയിൽ തനിക്കൊപ്പം പഠിച്ചിരുന്ന ലക്ഷിത എന്ന സുഹൃത്തിനെ കണ്ടെത്താൻ നേഹ ഇൻസ്റ്റഗ്രാം മുഴുവൻ അരിച്ചുപെറുക്കി എന്നു വേണം പറയാൻ.
നേഹയുടെ കയ്യിൽ ആകെയുണ്ടായിരുന്നത് പണ്ടത്തെ ക്ലാസ് ഫോട്ടോ, പിന്നെ കൂട്ടുകാരിയെ കണ്ടെത്താനുള്ള തീവ്രമായ ആഗ്രഹവും. അവളുടെ മുഴുവൻ പേര് പോലും ഓർമയില്ല. പക്ഷേ മറ്റൊന്നും ചിന്തിച്ചില്ല. കൂട്ടുകാരിയെ കണ്ടെത്താൻ വേണ്ടി മാത്രം ഇൻസ്റ്റഗ്രാമിൽ പുതിയൊരു അക്കൗണ്ട് തുടങ്ങി. ലക്ഷിതയുടെ കുട്ടിക്കാലത്തെ ഫോട്ടോ പ്രൊഫൈൽ പിക്ചറുമാക്കി. കൂട്ടുകാരിയെ കണ്ടുപിടിക്കാനുള്ള ഉദ്യമത്തിലാണ് ഞാൻ എന്ന് കുറിച്ചുകൊണ്ടാണ് പേജ് ക്രിയേറ്റ് ചെയ്തത്. ലക്ഷിത എന്നാണ് കൂട്ടുകാരിയുടെ പേര്, 21 വയസ്സ്, സഹോദരന്റെ പേര് കുനാൽ. ഇത്രയും വിവരങ്ങൾ മാത്രമാണ് അക്കൗണ്ടിലുള്ളത്. അതിനു ശേഷം ഇൻസ്റ്റഗ്രാമിലെ സകല ലക്ഷിതമാർക്കും നേഹ ലക്ഷിതയുടെ ഫോട്ടോയോടൊപ്പം ' ഹലോ, ഇതെന്റെ കൂട്ടുകാരിയുടെ ചിത്രമാണ്. ഇത് നിങ്ങളാണോ...' എന്ന് മെസേജ് അയച്ചു. ഒടുവിൽ നേഹ കാത്തിരുന്ന ആ മറുപടി വന്നു, ഹേയ്, നേഹാ..ഇത് ഞാനാണ്.
' ഒടുവിൽ ഞാൻ നിന്നെ കണ്ടെത്തി. ഒട്ടും എളുപ്പമായിരുന്നെങ്കിലും ഞാനത് സാധിച്ചു..' എന്ന് കുറിച്ചുകൊണ്ട് കളിക്കൂട്ടുകാരിയെ കണ്ടെത്തിയ സന്തോഷത്തിൽ നേഹ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. നേഹയുടെ ശ്രമത്തിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് വിഡിയോയ്ക്കു താഴെ നിറയുന്നത്. ഇതിനോടകം 70 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.
Content Summary: Friends meet after 18 years on Social Media