ഹജ് വിമാനം പറന്നുപൊങ്ങി; യാത്രക്കാരും വിമാനം പറത്തിയവരും സ്ത്രീകൾ

Mail This Article
വ്യാഴാഴ്ച വൈകിട്ട് 6.45ഓടെ കേരളത്തിൽ നിന്നും പറന്നുയർന്ന ഹജ് വിമാനത്തിന് ഒരു പ്രത്യേകതയുണ്ട്. യാത്രക്കാരും പൈലറ്റും ജീവനക്കാരും എല്ലാം സ്ത്രീകൾ. എയർ ഇന്ത്യ എക്‌സ്‌പ്രസ് ആണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ് വിമാന സർവീസ് നടത്തി ചരിത്രത്തിൽ ഇടംനേടിയത്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളിലും പൂർണ്ണമായും വനിതാ ജീവനക്കാരാണ്. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം.ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും.

എയർ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിർണായക ഗ്രൗണ്ട് ടാസ്‌ക്കുകൾ നിർവഹിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഓപ്പറേഷൻ കൺട്രോൾ സെന്‍ററിൽ സരിതാ സലുങ്കെ വിമാനം മോണിറ്റർ ചെയ്തു, അതേസമയം മൃദുല കപാഡിയ വിമാനത്തിന്‍റെ പുരോഗതി നിരീക്ഷിച്ചു. ലീന ശർമ്മയും നികിത ജവാൻജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രൻ എയർക്രാഫ്റ്റ് മെയിന്‍റനൻസ് ചുമതലയുള്ള ഓൺ-ഡ്യൂട്ടി സർവീസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. രഞ്ജു ആർ ലോഡ് ഷീറ്റ് പരിശോധിച്ച് ഒപ്പിട്ടു. അങ്ങനെ ആദ്യ ഹജ്ജ് വിമാനമായ ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 6:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 10:45 ന് ജിദ്ദയിൽ എത്തി.
സ്ത്രീകൾക്ക് മാത്രമുള്ള വിമാനം എന്ന ഹജ് കമ്മറ്റിയുടെ സംരംഭത്തോട് യോജിച്ച് കൊണ്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ വനിതാ ജീവനക്കാരെ മാത്രം ഏർപ്പെടുത്തുകയായിരുന്നു. എയർലൈനിന്‍റെ തൊഴിൽ ശക്തിയിൽ 50 ശതമാനവും സ്ത്രീകളാണ്.
Content Summary: women only flight for Hajj