ADVERTISEMENT

വേട്ടയാടല്‍ പണ്ടുമുതലേ പുരുഷന്‍മാരുടെ കുത്തകയായിട്ടാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. പുരുഷന്‍മാര്‍ വേട്ടയാടുന്നു, സ്ത്രീകള്‍ അത് ശേഖരിക്കുന്നു, എന്ന വര്‍ഷങ്ങളായി നമ്മള്‍ കേട്ടും പഠിച്ചും മനസിലാക്കിയ തൊഴില്‍ വിഭജനം വെറും മിഥ്യയായിരുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം നരവംശശാസ്ത്രജ്ഞര്‍. ഇതുസംബന്ധിച്ച പഠനം പ്ലസ് വണ്‍ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മനുഷ്യ പരിണാമത്തിലേക്ക് നയിച്ച പ്രധാന ഘടകമായി വിലയിരുത്തിയിരുന്നത് വേട്ടയാടലും മാംസ ഭക്ഷണവുമാണ്. മനുഷ്യന്റെ വലിയ മസ്തിഷ്‌കത്തിനും ഇരുകാലുകളിലുളള നടത്തത്തിനും (ബൈപെഡലിസം), ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതിനും പിന്നില്‍ മാംസത്തിനു വേണ്ടിയുള്ള ആവശ്യങ്ങളായിരുന്നു. 

 

''മാന്‍ ദി ഹണ്ടര്‍ '' എന്ന ആശയം പറയുന്നത് പുരുഷന്‍മാര്‍ വേട്ടയാടാനായി ദൂരങ്ങളിലേക്ക് പോകുമ്പോള്‍ പെണ്ണുങ്ങള്‍ അതിനു സമീപത്തായി കുഞ്ഞുങ്ങളെ പരിപാലിച്ച് കഴിഞ്ഞിരുന്നുവെന്നാണ്. പുരുഷന്‍ വേട്ടയാടി കൊണ്ടുവരുന്നവ സ്ത്രീകള്‍ പാകം ചെയ്തും അല്ലാതെയും പരസ്പരം പങ്കുവെച്ച് കഴിക്കുന്നു. ഈ കണ്ടെത്തലിനെതിരെ പല കാലങ്ങളിലായി പലരും പഠനങ്ങള്‍ നടത്തുകയും അവ ചര്‍ച്ചാ വിഷയമാവുകയും ചെയ്തിട്ടുണ്ട്. ആണ്‍-പെണ്‍ എന്നിങ്ങനെ അധ്വാനത്തെ കണക്കാക്കുന്ന രീതി ശരിയല്ലെന്ന വാദം പക്ഷെ വേണ്ടത്ര തെളിവുകളുടെ അഭാവം മൂലം നിരാകരിക്കപ്പെടുകയാണ് ചെയ്തിട്ടുളളത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പഠനങ്ങള്‍ പറയുന്നത് പുരുഷന്‍മാര്‍ മാത്രമല്ല വേട്ടക്കാര്‍, സ്ത്രീകള്‍ക്കും ഈ തൊഴിലില്‍ കൃത്യമായ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നാണ്. 

 

പുരുഷന്‍മാരും സ്ത്രീകളും ഒരുപോലെ വേട്ടയാടിയിരുന്നെങ്കിലും ഇരുവരുടെയും വേട്ടയാടല്‍ ശൈലികള്‍ വ്യത്യസ്തമായിരുന്നതായും പഠനം പറയുന്നു. വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ക്കിടയിലും ഇതേ വ്യത്യാസം നിലനിന്നിരുന്നു. ഉദാഹരണത്തിന് ഫിലിപെന്‍സിലെ അഗത വിഭാഗത്തില്‍ പുരുഷന്‍മാര്‍ അമ്പും വില്ലും ഉപയോഗിച്ചാണ് വേട്ടയാടിയിരുന്നത്. എന്നാല്‍ സ്ത്രീകള്‍ കത്തിയും മറ്റുമാണ് വേട്ടക്ക് ഉപയോഗിച്ചിരുന്നത്. ചില സ്ത്രീകള്‍ അമ്പും വില്ലും ഉപയോഗപ്പെടുത്തിയിരുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. 

 

അതിജീവനത്തിനായി പ്രകൃതിവിഭവങ്ങള്‍ ശേഖരിക്കുകയും വേട്ടയാടുകയും ചെയ്യുന്നവരെയാണ് ഫോറേജേര്‍സ് എന്ന് പറയുന്നത്. ഇത്തരത്തില്‍ വരുന്ന 80 ശതമാനം ഫോറേജര്‍ സമൂഹത്തിലും സ്ത്രീകള്‍ വേട്ടയാടിയിരുന്നതായാണ് ജേണല്‍ പ്ലസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന 1,400 ഹ്യൂമണ്‍ കള്‍ച്ചറല്‍ ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ഈ വിവരങ്ങള്‍ ഡി-പ്ലേസ് എന്ന ഡാറ്റാബേസിലാണ് ശേഖരിച്ചുവച്ചിരിക്കുന്നത്. 

 

391 ഫോറേജിംഗ് സൊസൈറ്റികളെയാണ് ഗവേഷകര്‍ ലഭ്യമായ ഡാറ്റാബേസ് വിവരങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞത്. അവരെല്ലാം പ്രകൃതി വിഭവങ്ങള്‍ ശേഖരിക്കുകയും ഒപ്പം തന്നെ വന്യമൃഗങ്ങളെ വേട്ടയാടുകയും ചെയ്യുന്നവരായിരുന്നു. രണ്ടു നൂറ്റാണ്ടുകളായി ഇവരെകുറിച്ച് വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഗവേഷകര്‍ പരിശോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുളള പഠനങ്ങളില്‍ ലോകത്തിന്റെ പലഭാഗത്തുനിന്നുളള ഏതാണ്ട് 63 ഫോറേജര്‍ ഗ്രൂപ്പുകളെയാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഈ 63 ഫോറേജര്‍ ഗ്രൂപ്പുകളിലും സ്ത്രീകള്‍ വേട്ടയാടിയിരുന്നതായിട്ടാണ് പഠനത്തില്‍ കണ്ടെത്തിയത്. 1800 മുതല്‍ 2010വരെയുളള കാലയളവ് അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ഫോറേജര്‍ സൊസൈറ്റികളിലെ 87ശതമാനം സ്ത്രീകളും യാദൃശ്ചികമായി ഇരകളെ പിടിക്കുകയായിരുന്നില്ലെന്നും അവര്‍ വേട്ടയാടി തന്നെയാണ് ഇരകളെ പിടിച്ചിരുന്നതെന്നും പഠനം പറയുന്നു. ഈ കണ്ടെത്തല്‍ പുരുഷനാണ് വേട്ടയാടിയിരുന്നതെന്ന ധാരണയെ പൊളിച്ചെഴുതുന്നതാണ്.

 

Content Summary: New studies says women were also participated in hunting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com