ADVERTISEMENT

തീൻമേശയിൽ പോലും ആൺ–പെൺ വിവേചനം അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ച് നടി റിമാകല്ലിങ്കൽ തുറന്നു പറഞ്ഞതിനു ശേഷമാണ് പൊരിച്ച മീനിനെ ഫെമിനിസവുമായി ബന്ധപ്പെടുത്തി ചിലർ പരിഹസിച്ചു സംസാരിക്കാൻ തുടങ്ങിയത്. തന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നാണെന്നു പറഞ്ഞുകൊണ്ട് കുട്ടിക്കാലത്ത് വീട്ടിൽ നടന്നൊരു സംഭവത്തെക്കുറിച്ചുള്ള ഓർമ്മകളാണ് റിമ അന്ന് പങ്കുവച്ചത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്സിൽ വച്ച റിമ പറഞ്ഞ ചില കാര്യങ്ങളുടെ ചുവടുപിടിച്ച് അന്ന് കുറേ ട്രോളുകളും ഇറങ്ങിയിരുന്നു.

ഇന്നിതാ വീണ്ടും പൊരിച്ച മീനിന്റെ പേരിൽ വിവേചനമനുഭവിക്കേണ്ടി വന്നതിനെക്കുറിച്ച് മറ്റൊരു യുവതി എഴുതിയിരിക്കുന്നു. കാന്റീനിൽ നിന്നും ഉണ്ടായ അനുഭവത്തെക്കുറിച്ച്  ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത് ഒരു വനിതാ ഡോക്ടറാണ്. പൊരിച്ച മീനും ഫെമിനിസവും എന്ന തലക്കെട്ടോടെ ഡോക്ടർ അജിത്ര ജെറാൾഡ് പങ്കുവച്ച കുറിപ്പിങ്ങനെ :

''‌ഇന്ന് ക്യാന്റീനിൽ ഭക്ഷണം കഴിക്കാൻ പോയി പൊരിച്ച മീൻ ഓർഡർ ചെയ്തപ്പോൾ കാന്റീനിലെ ചേച്ചി മീനിന്റെ തല ഭാഗം കൊണ്ടത്തന്നു.തല ഭാഗം വേണ്ട വാൽഭാഗം മതിയെന്ന് പറഞ്ഞപ്പോൾ ഇല്ലെന്ന് ചേച്ചി പറഞ്ഞു. എതിരെ ഇരിക്കുന്ന ചെക്കന്റെ പാത്രത്തിൽ ദാ ഇരിക്കുന്നു വാൽകഷ്ണം. അത് ചൂണ്ടി കാണിച്ചപ്പോൾ ചേച്ചി പറയുവാ അവൻ ആൺകുട്ടി അല്ലേ മോളെ എന്ന്. ഒരുമിച്ച് പഠിച്ച് ഒരേ ജോലി ചെയ്യുന്ന ഒരേ കാശു കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കുമ്പോൾ പെൺകുട്ടി ആയത് കൊണ്ട് എനിക്ക് തല ഭാഗവും നല്ല ഭാഗം ആൺകുട്ടിക്കും. 

അതിനെക്കുറിച്ച് ചോദിച്ചപ്പോൾ വീടുകളിൽ ഒക്കെ ഇങ്ങനെ തന്നെ അല്ലേ മോളെ എന്ന്. ശരിയാണല്ലോ പെണ്ണായതു കൊണ്ട് പൊരിച്ച മീൻ കഴിക്കാൻ അവകാശം ഇല്ലാത്തവരെ നേരിട്ട് അറിയാം. സ്വന്തം കാശു കൊടുത്ത് ഭക്ഷണം വാങ്ങാൻ ചെന്ന എനിക്ക് ഈ അവസ്ഥ.. എന്നാ പിന്നെ വീട്ടിൽ തന്നെ ഇരിക്കുന്ന വരുമാനം ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ പറയണോ.

ഭർത്താവിന് മീൻ കഷ്ണവും ഭാര്യക്ക് മീൻ ചാറും കൊടുക്കുന്ന അമ്മായിയമ്മമാരുടെ കഥ കുറേ കേട്ടിട്ടുണ്ട്. എന്തായാലും 5 മിനിറ്റോളം ചർച്ച ചെയ്ത് വാൽ കഷ്ണം മേടിച്ച് കഴിച്ചിട്ട് തന്നെയാ അവിടുന്നിറങ്ങിയത്.. പക്ഷേ ചോരത്തിളപ്പ് ഇതു വരെ മാറിയിട്ടില്ല.ഭാഗ്യത്തിന് പണ്ടേ ഞാൻ ഫെമിനിസ്റ്റ് ആണ്. ഇല്ലായിരുന്നെങ്കിൽ ഒരു പൊരിച്ച മീൻ ആണ് എന്നെ ഫെമിനിസ്റ്റാക്കിയത് എന്ന് എനിക്കും പറയേണ്ടി വരുമായിരുന്നു.. തീൻമേശയിൽ വരെ നേരിടുന്ന വിവേചനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ 2 മത്തി മേടിച്ച് കൊടുത്താൽ മതിയായിരുന്നു എന്ന് ആങ്ങളമാർ പറഞ്ഞേനെ''..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com