ADVERTISEMENT

ഇല്‍മ അഫ്രോസ് എന്ന പെണ്‍കുട്ടിക്ക് 14–ാം വയസ്സിലാണ് അച്ഛനെ നഷ്ടപ്പെട്ടത്‍. ആ കുട്ടിയുടെ ഭാവി സ്വപ്നങ്ങളും അന്നവസാനിക്കേണ്ടതായിരുന്നു. പക്ഷേ ഇച്ഛാശക്തിയുള്ള അമ്മയുടെ സഹായത്തോടെ വിദ്യാഭ്യാസം നേടി, ഉയര്‍ച്ചയുടെ പടികള്‍ ചവിട്ടിയ ഇല്‍മ ഉത്തര്‍പ്രദേശിലെ പിന്നാക്ക ഗ്രാമത്തില്‍നിന്നും എത്തിയത് ഇംഗ്ലണ്ട് വഴി അമേരിക്കയില്‍. അവിടെനിന്ന് 26-ാം വയസ്സില്‍ ഐപിഎസ് നേടി സ്വന്തം നാട്ടിൽ തിരികെയെത്തി‍. അതിശയിപ്പിക്കുന്നതിനൊപ്പം പ്രചോദനത്തിന്റെ അമൂല്യമായ പാഠവുമാണ് ഇല്‍മയുടെ ജീവിതം. ഒരു കഥ പോലെ നാടകീയവും ത്രില്ലര്‍ പോലെ ആവേശം കൊള്ളിക്കുന്നതുമാണ് അവളുടെ ജീവിതം.

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ കുണ്ടര്‍ക്കി എന്ന ഗ്രാമത്തിലാണ് ഇല്‍മ ജനിച്ചത്. ഒരു സഹോദരനുമുണ്ട്. കുട്ടികളുടെ ചെറിയ പ്രായത്തിലേ അച്ഛന്‍ മരിച്ചെങ്കിലും വിധിയെ പഴിച്ചിരിക്കാന്‍ അവരുടെ അമ്മ തയാറായില്ല. രണ്ടു മക്കളെയും പഠിപ്പിച്ചു. മാനസികമായി കരുത്തരുമാക്കി. കുറച്ചുപണം എങ്ങനെയെങ്കിലും സ്വരൂപിച്ച് മകളെ വിവാഹം കഴിച്ചയയ്ക്കണം എന്ന സാധാരണ സ്വപ്നമല്ല ആ അമ്മയുടെ മനസ്സിലുണ്ടായിരുന്നത്. പകരം ഉയര്‍ന്ന ഭാവി അവൾക്ക് നൽകണമെന്ന ലക്ഷ്യമായിരുന്നു. അതിനുവേണ്ടി കഴിയുന്നത്ര പഠിക്കാന്‍ മകള്‍ക്ക് അവസരം കൊടുത്തു. ഗ്രാമത്തില്‍നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയ ഇല്‍മ നേരേ പോയത് രാജ്യതലസ്ഥാനത്തേക്ക്- സെന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു. 

‘ഫിലോസഫിയായിരുന്നു എന്റെ വിഷയം. സെന്റ് സ്റ്റീഫന്‍സിലെ മൂന്നുവര്‍ഷക്കാലത്തെ പഠനം ഇന്നും മറക്കാനാവുന്നില്ല. ക്ലാസ്മുറിയിലും പുറത്തുമെല്ലാം പഠനത്തിന്റെയും ഗൗരവമുള്ള ചര്‍ച്ചയുടെയും നാളുകള്‍. ഫിലോസഫി പഠിക്കുന്നവര്‍ക്ക് സ്വന്തമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും മറ്റുള്ളവേക്കാള്‍ നന്നായി കഴിയും' -ഇല്‍മ കോളജ് കാലം ഓര്‍ത്തെടുക്കുന്നു.

പഠനത്തില്‍ മുന്നിലെത്തിയതോടെ ഇല്‍മയ്ക്ക് വിദേശ സ്കോളര്‍ഷിപ് ലഭിച്ചു. ഓക്സ്ഫോഡിൽ ആയിരുന്നു അവസരം. അവിടെ വോള്‍ഫ്‍സന്‍ കോളജില്‍ മാസ്റ്റേഴ്സ് പഠനം. ലോകത്തെങ്ങുമുള്ള ആശയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച, ഗവേഷണങ്ങള്‍, നിഗമനങ്ങള്‍ ഒക്കെയായി ആരോഗ്യകരമായ ആ അന്തരീക്ഷം ഇല്‍മയിലെ വ്യക്തിയെ കഴിവുറ്റയാളായി വാര്‍ത്തെടുത്തു. 

ബിരുദാനന്തര ബിരുദത്തിനുശേഷം ഇംഗ്ലണ്ടില്‍നിന്നു നേരെ പോയത് അമേരിക്കയിലേക്ക്. ന്യൂയോര്‍ക്ക് സിറ്റിയില്‍. മന്‍ഹാറ്റനില്‍ ഒരു വോളന്ററി സര്‍വീസ് പ്രോഗ്രാമിലും പങ്കെടുത്തു. പക്ഷേ, ഉന്നതങ്ങളില്‍ വിരാജിക്കുമ്പോഴും ഇല്‍മയുടെ മനസ്സ് നിറയെ ഇന്ത്യയായിരുന്നു. വളര്‍ത്തി വലുതാക്കിയ അമ്മയുടെ മുഖവും. വിദ്യാഭ്യാസവും ഉന്നതബിരുദങ്ങളുമൊക്കെ വിദേശ സ്വപ്നത്തിലേക്കാണോ തന്നെ നയിക്കേണ്ടതെന്ന് ആ യുവതി ചിന്തിച്ചുകൊണ്ടേയിരുന്നു. കരയുന്ന കണ്ണുകളില്‍നിന്ന് കണ്ണീര്‍ തുടയ്ക്കുക എന്ന ഗാന്ധിജിയുടെ വാക്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച ഭാവി വലിച്ചെറിഞ്ഞ് ഇല്‍മ ഇന്ത്യയിലെത്തി. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുക. സിവില്‍ സര്‍വീസ് പഠനത്തില്‍ മുഴുകി ഇല്‍മ. 2017-ല്‍ പരീക്ഷയില്‍ ഉന്നതവിജയം-217-ാം റാങ്ക്. അങ്ങനെ ഐപിഎസിലേക്ക്. ഹിമാചല്‍പ്രദേശ് കേഡറിലാണ് ആദ്യം ജോലി ചെയ്യാനവസരം ലഭിച്ചത്. തുടക്കത്തില്‍ ഒന്നരവര്‍ഷത്തെ പരീശീലനം. ശേഷം രാജ്യത്തെ ഉന്നത ഭരണവര്‍ഗത്തിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം.

ഇപ്പോഴും ജനിച്ചുവളര്‍ന്ന ഗ്രാമം ഇല്‍മയുടെ മനസ്സിലുണ്ട്. സ്വന്തം സന്തോഷങ്ങളെല്ലാം ത്യജിച്ച് തന്നെ പഠിപ്പിക്കാന്‍വേണ്ടി ജീവിതം ഹോമിച്ച അമ്മയും സഹോദരനുമുണ്ട്. ഗ്രാമത്തിലെ എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഹോപ് എന്ന സംഘടനയും സ്ഥാപിച്ചു ഈ ഐപിഎസുകാരി. ഭാവിയില്‍ മികച്ച പൗരന്‍മാരായി വളരാന്‍ കുണ്ടര്‍കി എന്ന ഗ്രാമത്തിലെ കുട്ടികള്‍ക്കും കഴിയണം. ഭാരിച്ച ഉത്തരവാദിത്വമുള്ള ജോലിക്കൊപ്പം സേവന പ്രവര്‍ത്തനങ്ങളും കൂടി ഏറ്റെടുത്ത് ഇല്‍മ മുന്നോട്ട്; രാജ്യത്തിനു പ്രതീക്ഷയും പ്രചോദനവും പകര്‍ന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com