sections
MORE

അപ്സ്കര്‍ട്ടിങ് ഇനി ക്രിമിനൽ കുറ്റം; ജീനയുടെ ഒറ്റയാൾ പോരാട്ടം വിജയിച്ചു

up skirting hence forth a criminal offence in UK
പ്രതീകാത്മക ചിത്രം
SHARE

ഒന്നരവര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ വിജയം കണ്ട സന്തോഷത്തിലാണ് ജീന മാർട്ടിൻ എന്ന യുവതി. ബ്രിട്ടനിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയായിരുന്നു ജീനയുടെ പോരാട്ടം. അപ്സ്കർട്ടിങ് എന്ന സാമൂഹിക തിന്മയ്ക്കെതിരെയുള്ള പോരാട്ടം ഫലം കണ്ടത് കഴിഞ്ഞദിവസം എലിസബത്ത് രാജ്ഞി നിയമത്തില്‍ ഒപ്പുവച്ചതോടെയാണ്.

സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ക്കിടയിലൂടെ രഹസ്യമായി സ്വകാര്യ ശരീരഭാഗങ്ങളുടെ ചിത്രം പകര്‍ത്തുന്നതിനെയാണ് അപ്സകര്‍ട്ടിങ് എന്നു പറയുന്നത്. പാര്‍ക്കിലോ തിയറ്ററിലോ ഇരിക്കുമ്പോഴോ, ജോലിക്കു പോകുമ്പോഴോ ഒക്കെ എവിടെവച്ചും ഈ വൈകൃതത്തിന് ഇരയാകാം. അതില്‍ പ്രായഭേദം പോലുമില്ല.

അപ്സ്കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുകയും കുറ്റവാളികൾക്ക് ശിക്ഷ നല്‍കുകയും വേണം എന്നതായിരുന്നു ജീനയുടെ ആവശ്യം. ഒരിക്കല്‍ യാദൃച്ഛികമായി ഈ ലൈംഗിക വൈകൃതത്തിന് ഇരയായതോടെയാണ് അവര്‍ പോരാട്ടം തുടങ്ങിയത്. സര്‍ക്കാരും ജീനയുടെ ഭാഗത്തുതന്നെയായിരുന്നു. ഒടുവില്‍ അപ്സ്കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമായിക്കാണുന്ന നിയമത്തില്‍ രാജ്‍ഞി ഒപ്പുവച്ചു. അതായത് രാജകീയ അംഗീകാരവും ലഭിച്ചു. അപ്സ്കര്‍ട്ടിങ്ങ് കുറ്റം ചെയ്യുന്നവർക്ക്  ഇനിമുതല്‍ ബ്രിട്ടനില്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. കൂടാതെ ലൈംഗിക കുറ്റവാളികളുടെ റജിസ്റ്ററില്‍ അവരുടെ പേരു ചേര്‍ക്കുകയും ചെയ്യും. വോയേറിസം ബില്‍ എന്നാണ് നിയമം അറിയപ്പെടുന്നത്.

'ഒരു നീണ്ട യാത്രയായിരുന്നു എന്റേത്. വിജയം വരെയുള്ള യാത്ര. കഠിനമായിരുന്നെങ്കിലും ആ യാത്രയുടെ അവസാനത്തില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു- എന്റെ സഹോദരിമാര്‍ക്കുവേണ്ടി. ഇനി പേടിക്കാതെ സുരക്ഷിതരായി ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാം'- ജീന പറയുന്നു.

രാജകീയ അംഗീകാരം കിട്ടിയ നിയമം രണ്ടുമാസത്തിനുശേഷമാണ് പ്രബല്യത്തിലാകുന്നത്. അതിനാല്‍ വോയേറിസം ബില്ലിന് വരുന്ന ഏപ്രില്‍ ഒന്നുമുതലായിരിക്കും നിയമപ്രാബല്യം. നിയമം നടപ്പിലാകുന്നതോടെ കുറ്റവാളികളെ ശിക്ഷിക്കാനും അതുവഴി ബ്രിട്ടനിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും നിലനിര്‍ത്താനും കഴിയുമെന്നും ബ്രിട്ടിഷ് ഗവണ്‍മെന്റും പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇരകളുടെ പരാതികള്‍ ഇനി അതീവ ഗൗരവത്തോടെയായിരിക്കും പരിഗണിക്കുക. അതുകൊണ്ടുതന്നെ ലൈംഗിക വൈകൃതത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ശിക്ഷ തന്നെ കിട്ടാം. നിയമപ്പോരാട്ടത്തിന്റെ നാളുകളില്‍ മറ്റനേകം ഇരകളും ജീനയ്ക്കൊപ്പം ചേര്‍ന്നു. പാര്‍ലമെന്റ് എംപിമാര്‍ പിന്തുണ അറിയിച്ചു. സന്നദ്ധ സംഘടനകളും അണിചേര്‍ന്നു. അതോടെ സ്ത്രീകളുടെ ഒരു മഹാപ്രവാഹമായി അവര്‍. അനീതിക്കും വൈകൃതത്തിനും എതിരായ പോരാട്ടത്തിന്റെ മഹാമുന്നണി. ആത്മാര്‍ഥതയോടെ മുന്നിട്ടിറങ്ങുകയാണെങ്കില്‍ ഒരാള്‍ വിചാരിച്ചാലും നിയമം മാറ്റിമറിക്കാമെന്നും ജീനയുടെ പോരാട്ടം തെളിയിച്ചിരിക്കുന്നു.

ഒരു ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ രണ്ടുപേര്‍ ജീന അറിയാതെ അവരുടെ സ്വകാര്യ ശരീര ഭാഗങ്ങളുടെ ചിത്രം പകര്‍ത്തുകയായിരുന്നു. അതോടെയാണ് ജീന വിശ്രമമില്ലാത്തെ സമരത്തിന് ഇറങ്ങിയത്. ജൂണില്‍ പാര്‍ലമെന്റില്‍ ഒരു സ്വകാര്യപ്രമേയം അവതരിക്കപ്പെട്ടു. ഇറക്കം കുറഞ്ഞതോ, കൂടിയതോ ആകട്ടെ...ഇഷ്ടമുള്ള വേഷം ധരിച്ച് ധൈര്യമായി ഇനി ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാം..നന്ദി ജീന മാര്‍ട്ടിന്‍..നന്ദി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA