ADVERTISEMENT

‘ലോറസ്’ അറിയപ്പെടുന്നത് കായികലോകത്തെ ഓസ്കർ എന്ന്. നേട്ടത്തിന്റെ ലോകവേദിയിലെ അംഗീകാരത്തിന്റെ പരകോടി. കഴിഞ്ഞദിവസം രാത്രി മൊണോക്കോയിൽ  വർണാഭമായ ചടങ്ങിൽ ടെന്നിസ് താരം നൊവാക് ദ്യോക്കോവിച്ചും ജിംനാസ്റ്റിക്സ് താരം സിമോണെ ബൈൽസും പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ അതേ ചടങ്ങിൽ ഇന്ത്യൻ സാരിയിൽ മിന്നിത്തിളങ്ങി നാലു പെൺകുട്ടികൾ. ഹിമ, രാധ, കോനിക, നിത എന്നിവർ. ‘യുവ’ എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ ജാർഖണ്ഡിൽനിന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിനെത്തിയവർ. അവർ കേവലം കാണികൾ മാത്രമായിരുന്നില്ല. മാതൃകാ കായികാ കൂട്ടായ്മക്കുള്ള പുരസ്കരം നേടിയാണ് അവർ മടങ്ങിയത്. ലോക കായികവേദിയിൽ ഇന്ത്യയ്ക്ക്  ലഭിച്ച അപൂർവാംഗീകാരം. യുവയ്ക്കു പുരസ്കാരം സമ്മാനിച്ചത് ലോകപ്രശസ്ത ഫുട്ബോൾ പരിശീലകൻ ആഴ്സൻ വെങ്ങർ. 

ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് യുവ. തട്ടിക്കൊണ്ടുപോകലിനും ശൈശവ വിവാഹത്തിനും പേരു കേട്ട സംസ്ഥാനത്ത് പെൺകുട്ടികളെ രക്ഷിച്ച് മുഖ്യധാരയിൽ എത്തിക്കാൻ പ്രവർത്തിക്കുന്ന സംഘടന. പെൺകുട്ടികൾക്ക് രക്ഷയുടെ വാതിലായി യുവ തുറന്നുകൊടുത്തത് കായികമേഖല. വിവിധമേഖലകളിൽ കഴിവു തെളിയിക്കാൻ തുടങ്ങിയതോടെ പെൺകുട്ടികൾ ചൂഷണത്തിൽനിന്ന് മുക്തരായി. സ്വന്തം വഴി കണ്ടുപിടിച്ച് ദാരിദ്ര്യത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടിൽനിന്ന് പ്രകാശത്തിന്റെ പുതുലോകത്തേക്ക് വന്നു. ഒരു പിന്നാക്ക സംസ്ഥാനത്തെ പെൺകുട്ടികൾക്കുവേണ്ടി ഒരു സംഘടന നടത്തിയ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും നിരന്തരമായ അധ്വാനത്തിന്റെയും കഥയാണ് യുവ. തിളക്കമുള്ള അവരുടെ അധ്വാനം ഒടുവിൽ ലോകവേദിയിൽതന്നെ ഇടംപിടിച്ചിരിക്കുന്നു. യുവയെ പ്രതിനിധീകരിച്ചെത്തിയ നാലു പെൺകുട്ടികൾക്ക് മൊണോകോയിൽനിന്ന് അഭിമാനത്തോടെ മടങ്ങാം. 

അഞ്ഞൂറോളം പെൺകുട്ടികൾ ഇപ്പോൾ യുവയുടെ സംരക്ഷണയിലുണ്ട്. ചിലർ കായികമൽസരങ്ങളിൽ പങ്കെടുത്ത് നേട്ടം സ്വന്തമാക്കുന്നു. കായിക പരിശീലകരായി ജീവിക്കുന്നവരുമുണ്ട്. പ്രധാനമായും ഫുട്ബോളാണ് യുവ പെൺകുട്ടികളെ പരിശീലിപ്പിക്കുന്നത്. ജാർഖണ്ഡിൽ തുടങ്ങിയെങ്കിലും ഇപ്പോൾ ഉത്തരേന്ത്യ മുഴുവൻ 

സജീവമാണ് സംഘടന. പ്രതിഭയില്ലാത്തതല്ല, സൗകര്യങ്ങളുടെയും തിരിച്ചറിവിന്റെയും അഭാവമാണ് കായികരംഗത്ത് ഇന്ത്യയെ പിന്നോട്ടടിക്കുന്നതെന്നുകൂടി യുവ തെളിയിച്ചിരിക്കുന്നു. ഓരോ മേഖലയിലും കഴിവും അഭിരുചിയുമുള്ളവരെ കണ്ടെത്തി വളർത്തിക്കൊണ്ടുവരിക. ദാരിദ്ര്യത്തിൽനിന്നു മോചനം. ഒപ്പം ജീവിതത്തിൽ ലക്ഷ്യബോധവും. 

അമേരിക്കക്കാരായ ഫ്രാൻസ് ഗാസ്റ്റ്ലറും റോസ് തോംസൺ ഗാസ്റ്റ്ലറുമാണ് ലോറസ് പുരസ്കാരം സ്ഥാപിച്ചത്. ഇത്തവണ മികച്ച ഫുട്ബോൾ ടീമിനുള്ള പുരസ്കാരം നേടിയത് ഫ്രഞ്ച് ഫുട്ബോൾ ടീം. നവോമി ഒസാകയാണ് മികച്ച പുതുമുഖ താരം. കായികവേദിയിൽനിന്ന് പുറത്തുപോകേണ്ടിവന്നെങ്കിലും ഇഛാശക്തിയാൽ തിരിച്ചുവന്ന താരത്തിനുള്ള പുരസ്കാരം നേടിയത് ടൈഗൾ വുഡ്സും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com