ADVERTISEMENT

'എനിക്ക് ആര്‍ത്തവമാണ്; പക്ഷേ ഞാന്‍ കരയുന്നില്ലല്ലോ...' ഓസ്കാര്‍ ശില്‍പം മാറോടടുക്കിപ്പിടിച്ച് റയ്ക പറഞ്ഞപ്പോള്‍ സദസ്സില്‍നിന്നുയര്‍ന്നത് കരഘോഷം, പൊട്ടിച്ചിരി, നിഷ്കളങ്കമായ ആഹ്ലാദം. അതേ, ആര്‍ത്തവം എന്നത് ഒരു ശിക്ഷയായി കരുതിയ കാലം മാറുകയാണ്. ഇനി ആര്‍ത്തവം ശിക്ഷയല്ല. പുതിയൊരു ലോകത്തേക്കുള്ള കവാടം തുറക്കലാണ്...റയ്കയുടെയും മെലീസ്സയുടെയും വാക്കുകളില്‍ ലോകം കേട്ടത് പുതിയൊരു മന്ത്രം- പുതിയ കാലത്തെ സ്ത്രീമുന്നേറ്റത്തിന്റെ അതിജീവനമന്ത്രം. 

ആര്‍ത്തവത്തെക്കുറിച്ചൊരു ഡോക്യുമെന്ററി. അതിന് ഓസ്കറും- എല്ലാ അര്‍ഥത്തിലും പ്രതീക്ഷകളെ കാറ്റില്‍പറത്തിയും പുതിയ കീഴ്‍വഴക്കങ്ങള്‍ സൃഷ്ടിച്ചുമാണ് ഇത്തവണത്തെ ഓസ്കര്‍ നിശ കൊടിയിറങ്ങുന്നത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ പന്തയം വച്ചവരെ തോല്‍പിച്ചും വ്യത്യസ്തമായ നന്‍മയ്ക്കും സൗന്ദര്യത്തിനും മാർക്ക് ഇട്ടും അക്കാദമി അവാര്‍ഡുകളുടെ ചരിത്രത്തില്‍ ഒരു പുതിയ തുടക്കം കുറിക്കാനും ഇത്തവണത്തെ പുരസ്കാരങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

അതിനിടെ, പുരസ്കാര ചര്‍ച്ചകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് മികച്ച ഡോക്യുമെന്ററി- പിരീഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്. ഓസ്കര്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ വേദിയി ലെത്തിയ സംവിധായിക റയ്ക സെഹ്താബ്ജിയും മെലീസ്സ ബര്‍ട്ട നും സംസാരിച്ചതും ചിത്രത്തെക്കുറിച്ചായിരുന്നില്ല, അര്‍ത്തവത്തെക്കുറിച്ചുതന്നെ. ആര്‍ത്തവവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും അവസാനിപ്പിക്കുന്നതിനെക്കുറിച്ച്. ആര്‍ത്തവമാണെന്ന് നാണക്കേടോ ലജ്ജയോ ഇല്ലാതെ സ്ത്രീകള്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച്.

ആര്‍ത്തവത്തെക്കുറിച്ചുള്ള ചിത്രത്തിന് പുരസ്കാരം കിട്ടിയതില്‍ ആഹ്ലാദിക്കുന്ന ഒട്ടേറെപ്പേരുണ്ട്. അവര്‍ തങ്ങളുടെ അഭിനന്ദന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കിടുകയും ചെയ്യുന്നുണ്ട്. പക്ഷേ , ചിത്രത്തിന്റെ വിഷയത്തെ അംഗീകരിക്കാത്തവരുമുണ്ട്. അവര്‍ക്കു തീരെപിടിച്ചിട്ടില്ല ആര്‍പ്പോ ആര്‍ത്തവം മുദ്രവാക്യങ്ങളും പുരസ്കാരവേദിയെ പൊട്ടിച്ചിരിയിലാഴ്ത്തിയ ആര്‍ത്തവ പ്രഖ്യാപനങ്ങളും.

എന്തായാലും ഉത്തരേന്ത്യയിലെ ഹാപൂര്‍ എന്ന ഗ്രാമത്തിലെ സ്ത്രീകള്‍ സന്തോഷവതികളാണ്. സാനിറ്ററി പാഡ് നിര്‍മാണയന്ത്രം അവരുടെ ജീവിതത്തെ പാടേ മാറ്റിയിരിക്കുന്നു. ആര്‍ത്തവകാലത്തെ ശുചിത്വം ഉറപ്പാക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ മുറിക്കുള്ളില്‍ കതകടച്ചിരുന്ന കാലത്തെക്കുറിച്ച് ഇപ്പോഴവര്‍ക്ക് ഓര്‍മിക്കാനേ കഴിയുന്നില്ല. ഹാപൂരില്‍ നിന്നു തുടങ്ങിയ വിപ്ലവം ഇപ്പോള്‍ സമീപ ഗ്രാമങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. 40 ഗ്രാമങ്ങളില്‍ ഇപ്പോള്‍ സാനിറ്ററി പാഡ് മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. സുധന എന്നൊരു ഗ്രാമത്തില്‍ രണ്ടു മെഷീനുകളാണ് പ്രവര്‍ത്തിക്കുന്നത്. 

ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങളിലെ 20 ശതമാനത്തോളം പെണ്‍കുട്ടികള്‍ ആര്‍ത്തവത്തോടെ സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നുണ്ട്. 88 ശതമാനം സ്ത്രീകളും ശുചിത്വത്തിനായി പഴയ തുണികളും പ്ലാസ്റ്റിക്കും മണ്ണും മറ്റുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഓസ്കര്‍ പുരസ്കാരവേദിയിലെത്തിയ സംവിധായിക റയ്ക ആര്‍ത്തവം ആരുടെയും വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ കാരണമാകരുത് എന്ന് പ്രഖ്യാപിച്ചത്.

ആര്‍ത്തവത്തെക്കുറിച്ചൊരു ചിത്രത്തിന് ഓസ്കര്‍ കിട്ടിയെന്നത് എനിക്ക് വിശ്വസിക്കാന്‍ പോലുമാകുന്നില്ല എന്നും റയ്ക പറഞ്ഞു. അതുതന്നെയാണ് ലോകമെങ്ങുമുള്ള സമൂഹമാധ്യമ ഉപയോക്താക്കളും ആവര്‍ത്തിച്ചുപറയുന്നത്. പക്ഷേ, ഇതൊരു തുടക്കമാണെന്നും നല്ല തുടക്കമാണെന്നുംകൂടി അവര്‍ പറയുന്നു. അഭിനന്ദനങ്ങള്‍...ഞങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിന്. ഞങ്ങളെ നാണക്കേടില്‍നിന്ന് അഭിമാനത്തിലേക്ക് ഉണര്‍ത്തിയതിന്...ഇങ്ങനെ പോകുന്നു മിക്ക അഭിനന്ദന സന്ദേശങ്ങളും. എന്നാല്‍ ഇതിനിടെ, വളരെക്കുറച്ചുപേര്‍ മാത്രം ആര്‍ത്തവ ചിത്രം ഓസ്കര്‍ നേടേണ്ടിയിരുന്നില്ല എന്നും അഭിപ്രായപ്പെട്ടു. ആര്‍ത്തവ സമത്വം എന്നത് അസംബന്ധമാണെന്നും അവര്‍ പറയുന്നു. ബ്ലാക്ക് ഷീപ്, എന്‍ഡ് ഗെയിം, ലൈഫ് ബോട്ട്, എ നൈറ്റ് അറ്റ് ദ് ഗാര്‍ഡന്‍ തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് പിരീഡ് മുന്നിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com