sections
MORE

കേടായ കളിപ്പാട്ടം പോലെ വളർത്തു നായ്ക്കളെ ഉപേക്ഷിക്കുന്നവർ അറിയണം; ഈ കഥ

Teenage girl build shelter home for stray Dog
പ്രതീകാത്മക ചിത്രം
SHARE

ഒരുവര്‍ഷം മുമ്പ് റോഡില്‍വച്ചു കണ്ട ഒരു കാഴ്ചയാണ് ചന്ദാനി ഗ്രോവര്‍ എന്ന 14 വയസ്സുകാരിയുടെ ജീവിതം മാറ്റിമറിച്ചത്. പലരും ദിവസവും കാണുന്നതാണെങ്കിലും അജ്ഞാതവാഹനം ഇടിച്ചിട്ട ഒരു തെരുവുനായയെ അത്രവേഗം മറക്കാന്‍ ചന്ദാനിക്ക് കഴിഞ്ഞില്ല. 

അന്നു സ്കൂളില്‍നിന്ന് കരഞ്ഞുകൊണ്ടാണ് ചന്ദാനി തിരിച്ചുവന്നത്. നായകളോട് ഇഷ്ടമുണ്ടായിരുന്ന, തെരുവുനായകള്‍ക്കുള്‍പ്പെടെ ഭക്ഷണം കൊടുക്കാറുണ്ടായിരുന്ന ആ കുട്ടിക്ക് ഒരു നായ കടന്നുപോയ ദുരന്തവും വേദനയും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഭോപ്പാലിലെ സന്‍സ്കാര്‍ വാലി സ്കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ചന്ദാനി അന്നുതന്നെ ഒരു തീരുമാനമെടുത്തു: കഴിയുന്നത്ര നായകളെ സംരക്ഷിക്കുക. ആരും ഏറ്റെടുക്കാനില്ലാതെ, മുറിവേറ്റും ഭക്ഷണമില്ലാതെയും തന്റെ പ്രദേശത്തുള്ള നായകളെങ്കിലും ബുദ്ധിമുട്ടനുഭവിക്കരുത്. 

dogs-01
പ്രതീകാത്മക ചിത്രം

നായകള്‍ക്കുവേണ്ടി ഒരു അഭയകേന്ദ്രം ഒരുക്കാന്‍തന്നെ കുട്ടി തീരുമാനിച്ചു. പക്ഷേ, സൗകര്യമുള്ള സ്ഥലം കിട്ടാനില്ലായിരു ന്നു. നായകള്‍ക്ക് നാല് അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഭോപ്പാല്‍ മുൻസിപ്പല്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ വാഗ്ദാനം സഫലമായില്ല. ഒടുവില്‍ ചിത്രാന്‍ഷു സെന്‍, നസ്രത്ത് അഹമ്മദ്, ഡോ. അനില്‍ ശര്‍മ എന്നിവരുടെ സഹായത്തോടെയും സഹകരണത്തോടെയും  ബര്‍ഖേദ എന്ന സ്ഥലത്ത് അവര്‍ നായകള്‍ക്ക് സംരക്ഷണമൊരുക്കുന്ന ഒരു അഭയകേന്ദ്രം സ്ഥാപിക്കുന്നതില്‍ വിജയിച്ചു. മുറിവേറ്റ നായകളെ ചന്ദാനി ഡോ.ശര്‍മയുടെ അടുത്തേക്കാണു കൊണ്ടുപോയിരുന്നത്. ആ പരിചയമാണ് സംരംഭത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും അനിവാര്യമാക്കിയത്.

വീട്ടില്‍ വളര്‍ത്തുന്ന നായകളെ ചിലര്‍ കുട്ടികളെപ്പോലെതന്നെ നോക്കാറുണ്ട്, പരിചരിക്കാറുണ്ട്. പക്ഷേ, ചിലപ്പോള്‍ കേടായ കളിപ്പാട്ടങ്ങള്‍ പോലെ നായകളെ ഉപേക്ഷിക്കാന്‍ മടി കാണിക്കാത്തവരുമുണ്ട്. അങ്ങനെയുള്ള നായകളെയും തെരുവുനായകളെയുമെല്ലാം ചന്ദാനി സംരക്ഷിച്ച് അഭയകേന്ദ്രത്തില്‍ കൊണ്ടുവരും. ഒരാഴ്ചയ്ക്കയം ഈ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ഒരുക്കത്തിലുമാണ് ചന്ദാനി. മൂന്നുമാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സെന്ററിന് 15,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുണ്ട്. 48 നായകളാണ് ഇപ്പോളിവിടെയുള്ളത്. ഒരാഴ്ചയ്ക്കകം മൂന്നെണ്ണം കൂടി വരാനുണ്ട്. അതോടെ സംഖ്യ അമ്പത് കഴിയും.

നഗരത്തിനു പുറത്തുപോകുമ്പോഴും മറ്റും തങ്ങളുടെ വളര്‍ത്തുനായകളെ സംരക്ഷിക്കാനാകുമോ എന്നന്വേഷിക്കുന്നവരുണ്ട്. അവര്‍ക്കുവേണ്ടി ഉടന്‍തന്നെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് ചാന്ദാനി ഉറപ്പുനല്‍കുന്നു.

543600370
പ്രതീകാത്മക ചിത്രം

ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ഉണ്ടായിരുന്നയാളാണ് ചിത്രാന്‍ഷു സെന്‍. ഉപേക്ഷിക്കപ്പെടുന്ന നായകളോടുള്ള സ്നേഹമാണ് അദ്ദേഹത്തെ ചന്ദാനിയുടെ പ്രോജക്റ്റിന്റെ ഭാഗമാക്കിയത്. ഡോ. ശര്‍മയുടെ സഹായം കൂടി കിട്ടിയതോടെ ജോലി രാജവച്ച് മുഴുവന്‍സമയ നായ സംരക്ഷകനായി.

ചന്ദാനി കുട്ടിക്കാലം മുതലേ ആസ്മാ രോഗിയാണ്. പക്ഷേ, നായകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് മാതാപിതാക്കള്‍ കുട്ടിയെ വിലക്കിയിട്ടില്ല. എന്നുമാത്രമല്ല എല്ലാ സഹായവും കൊടുക്കുന്നുമുണ്ട്. അഭയകേന്ദ്രത്തിനുവേണ്ടിയുള്ള പണം മുടക്കാനും അവര്‍ തയാറായെന്നും ചന്ദാനി പറയുന്നു. മാതാപിതാക്കളുടെ സഹായത്തിനൊപ്പം സുഹൃത്തുക്കളും ബന്ധുക്കളും നായസ്നേഹികളുമൊക്കെ സഹായിച്ചപ്പോള്‍ ഭോപ്പാലില്‍ നായകള്‍ക്കും അഭയകേന്ദ്രം എന്ന സ്വപ്നം പൂവണിഞ്ഞു. സ്കൂളില്‍ പഠനത്തിലും ചന്ദാനി മുന്നില്‍ത്തന്നെയാണ്. ബോര്‍ഡ് പരീക്ഷയ്ക്ക് ഇനി മാസങ്ങളേയുള്ളൂ. പക്ഷേ, പഠനത്തിനൊപ്പം സേവന പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് ഈ പെണ്‍കുട്ടിയുടെ തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA