ADVERTISEMENT

ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മികവിന്റെ ഒരു ബഹുമതി മുദ്ര കൂടി. ഒരു ഇന്ത്യന്‍ വനിതയാണ് ഇത്തവണ ബഹുമതി ഇന്ത്യയിലേക്കു കൊണ്ടുവന്നിരിക്കുന്നത്. ഗരിമ അറോറ. ഈ വര്‍ഷത്തെ ‘ ബെസ്റ്റ് ഫീമെയ്ല്‍ ഷെഫ്’ എന്ന പദവിയാണ് ഗരിമയെ തേടിയെത്തിയിരിക്കുന്നത്. ആതിഥ്യമര്യാദയുടെയും പാചകനൈപുണ്യത്തിന്റെയും അതിഥി സര്‍ക്കാരത്തിന്റെയും പേരില്‍ നല്‍കുന്ന മെക്കലിന്‍ സ്റ്റാര്‍ പദവി നേരത്തേ നേടിയിട്ടുള്ള ഗരിമയുടെ മികവിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലായിരിക്കുകയാണ് ബെസ്റ്റ് ഫീമെയ്ല്‍ ഷെഫ് പദവി. 

chef-01

ബാങ്കോക്കില്‍ ‘ ഗാ’ എന്ന പേരില്‍ റസ്റ്റോറന്റ് നടത്തുന്ന ഗരിമയ്ക്ക് ഇക്കഴിഞ്ഞ വര്‍ഷമാണ് മെക്കലിന്‍ സ്റ്റാര്‍ പദവി ലഭിച്ചത്. തായ്‍ലന്‍ഡിലെ ഏറ്റവും മികച്ച റസ്റ്റോറന്റുകള്‍ക്ക് മാത്രം ലഭിക്കുന്ന പദവിയാണ് അന്ന് ഗരിമയ്ക്കും അവരുടെ പ്രിയപ്പെട്ട റസ്റ്റോറന്റിനും ലഭിച്ചത്. ആദ്യമായിട്ടാണ് അന്ന് ഒരു ഇന്ത്യക്കാരി സ്വദേശികളെ പിന്തള്ളി തായ്‍ലന്‍ഡില്‍ അപൂര്‍വ ബഹുമതിക്ക് അര്‍ഹയായത്. ഒരുവര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞദിവസം ലോകത്തെ ഏറ്റവും മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയില്‍നിന്ന് 32 വയസ്സുകാരിയായ ഗരിമയെ ബെസ്റ്റ് ഫീമെയ്ല്‍ ഷെഫ് പുരസ്കാരത്തിനും തിരഞ്ഞെടുത്തു. അടങ്ങാത്ത ആവേശത്തോടും തളരാത്ത സമര്‍പ്പണത്തോടും കൂടി നടത്തിയ പ്രവര്‍ത്തനങ്ങളും ആതിഥ്യമര്യാദയിലെ പുതു പരീക്ഷണങ്ങളുമാണ് ഗരിമയ്ക്ക് നേട്ടമായത്. 

gaa-resturent-01
ഗാ റസ്റ്റോറന്റ്

ഗരിമയുടെ കരിയറിന്റെ തുടക്കം പത്രപ്രവര്‍ത്തനത്തില്‍. പാരിസില്‍നിന്ന് 2010 ല്‍ ബിരുദം നേടിയതിനുശേഷം കോപ്പന്‍ഹേഗനിലായിരുന്നു മാധ്യമപ്രവര്‍ത്തനം. 2016-ല്‍ തിരിച്ചെത്തിയതിനുശേഷം ബാങ്കോങ്ങിലെ ഗഗ്ഗന്‍ റസ്റ്റോറന്റില്‍ ഷെഫ് ആയിചേര്‍ന്നു. ഏഷ്യയിലെ മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയില്‍ തുടര്‍ച്ചയായി നാലുവര്‍ഷവും ഒന്നാമതായിരുന്നു ഗഗ്ഗന്‍. 

2017 ല്‍ ഗരിമ മൂന്നു നിലകളിലായി ഗാ റസ്റ്റോറന്റ് തുറന്നു. ഇന്ത്യയുടെ പരമ്പരാഗതമായ രുചിവൈവിധ്യത്തെ ആധുനിക പാചക സമ്പ്രദായങ്ങളുമായി കൂട്ടിയിണക്കുന്നതായിരുന്നു ഗരിമയുടെ സ്റ്റൈല്‍. അപ്രവചനീയ സ്വഭാവത്തോടുകൂടി ഏറ്റവും പുതിയ രീതിയിലുള്ള ഭക്ഷണസംസ്കാരത്തിന് തുടക്കമിടുകകൂടിയായിരുന്നു അവര്‍. തായ് എന്നോ ഇന്ത്യന്‍ എന്നോ വേര്‍തിരിക്കാനാവാത്ത രീതിയില്‍ പുതിയ വിഭവങ്ങള്‍ സൃഷ്ടിച്ചു. പാചകത്തിനു മേല്‍നോട്ടം നടത്തിയത് മുംബൈയില്‍നിന്നുള്ള ഗരിമ. വിഭവങ്ങള്‍ തായ്‍ലന്‍ഡില്‍നിന്ന്. പശ്ചാത്തലവും തായ്‍ലന്‍ഡ്. ആരും പ്രതീക്ഷിക്കാത്ത സവിശേഷമായ അനുഭവം പ്രദാനം ചെയ്തു ഗാ. 

നൂറ്റാണ്ടുകളുടെ ഇന്ത്യന്‍ ചരിത്രത്തില്‍ അടിസ്ഥാനമാക്കിയുള്ള അനേകം വിഭവങ്ങള്‍ ഗരിമ തയാറാക്കുകയുണ്ടായി. ഇവയൊക്കെയും ഏഷ്യയ്ക്കാകെ പ്രിയപ്പെട്ടതാക്കി മാറ്റാന്‍ കഴിഞ്ഞതാണ് അവരെ മുന്നിലെത്തിച്ചതും ലോകത്തിന്റെ പ്രിയങ്കരിയാക്കിയതും. ഈ മാസം 26 ന് മക്കാവുവില്‍ നടക്കുന്ന ചടങ്ങില്‍ ബെസ്റ്റ് ഫീമെയ്ല്‍ പുരസ്കാരം ഗരിമയ്ക്കു സമ്മാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com