ADVERTISEMENT

ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ തിരിച്ചുവരവില്‍ രാജ്യം ആഹ്ലാദം പ്രകടിപ്പിക്കുകയും പാക്ക് നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നതിനിടെ ചില യാഥാര്‍ഥ്യങ്ങള്‍ കാണാതെ പോകരുതെന്ന് ഓര്‍മിപ്പിക്കുന്നവരുമുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ബന്ധം വഷളായ രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പോരാട്ടം തുടരുന്നതിനിടെയായിരുന്നു അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് പിടിയിലാകുന്നത്. 

ഇന്ത്യന്‍ ആവശ്യത്തിനൊപ്പം രാജ്യാന്തര സമ്മര്‍ദവും ശക്തമായപ്പോള്‍ വൈമാനികനെ ഇന്ത്യയ്ക്ക് തിരിച്ചുതരാനാകാത്ത അവസ്ഥയില്‍ പാക്കിസ്ഥാന്‍ എത്തിച്ചേര്‍ന്നു. അങ്ങനെയൊരു നടപടി പാക്ക് പക്ഷത്തുനിന്നുണ്ടായിരുന്നില്ലെങ്കില്‍ സ്ഥിരി വഷളാവുകയും കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങുകയും ചെയ്തേനേം. പക്ഷേ, അഭിനന്ദനെ സുരക്ഷിതനായി ഇന്ത്യയ്ക്കു തിരികെനല്‍കിയ നടപടിയിലൂടെ ഇമേജ് വര്‍ധിപ്പിക്കാനുള്ള നീക്കമാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ രാജ്യവും ഇപ്പോള്‍ നടത്തുന്നത്. 

മനുഷ്യാവകാശങ്ങളെ മാനിക്കുന്നവരും രാജ്യാന്തര കരാറുകളെ ബഹുമാനിക്കുന്നവരുമാണ് തങ്ങളെന്നും സമാധാനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ തീവ്രശ്രമം നടത്തുകയുമാണ്. അഭിനന്ദനെ വിട്ടയയ്ക്കുന്നതിലൂടെ ശരിയുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും പാക്കിസ്ഥാന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യ ആവശ്യപ്പെടുന്ന ഭീകരപ്രവര്‍ത്തകരെ വിട്ടുതരാന്‍ ആ രാജ്യം ഇപ്പോഴും തയാറായിട്ടില്ല. അവരില്‍ പ്രമുഖനാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെയും സൂത്രധാരനായി ഇന്ത്യ കരുതുന്ന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. 

അയാള്‍ പാക്കിസ്ഥാനിലുണ്ടെന്ന് ഇക്കഴിഞ്ഞദിവസം പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി സമ്മതിക്കുകയും ചെയ്തു. സമാധാനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെങ്കില്‍ മസൂദ് അസഹ്റിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കാന്‍ എന്തുകൊണ്ടാണ് പാക്കിസ്ഥാന്‍ തയാറാകാത്തതെന്നാണ് ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം. അഭിനന്ദന്റെ തിരിച്ചുവരവില്‍ ആഹ്ലാദിക്കുന്ന രാജ്യം പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് കാണാതിരിക്കരുതെന്നും ഭീകരരെ രാജ്യത്ത് എത്തിക്കാന്‍ സമ്മര്‍ദം തുടരണമെന്നുമാണ് ആവശ്യം. 

മനസ്സിലുണ്ടെങ്കിലും പലരും ഈ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മടിക്കുന്നതിനിടെ ഇന്ത്യന്‍ യുവ ഷൂട്ടിങ് വനിതാ താരം ഹീന സിദ്ധു ധൈര്യത്തോടെ രംഗത്തെത്തിയിരിക്കുകയാണ്. കുറിക്കുകൊള്ളുന്ന ഭാഷയില്‍ ട്വിറ്ററിലൂടെ ഹീന രാജ്യത്തിന്റെ പൊതുവികാരം പങ്കുവച്ചു. സമൂഹമാധ്യമങ്ങളില്‍ ഹീനയുടെ പ്രസ്താവനയ്ക്ക് ലഭിച്ചത് വ്യാപക അംഗീകാരം. ഒളിയമ്പല്ല, ലക്ഷ്യത്തിലേക്ക് നേര്‍ക്കുനേര്‍ വെടിവയ്ക്കുകതന്നെയാണ് താന്‍ ചെയ്യുന്നതെന്ന ഉത്തമ ബോധ്യത്തോടെയായിരുന്നു ഹീനയുടെ പാക്കിസ്ഥാനു നേരെയുള്ള ‘ ഷൂട്ടിങ്’. 

‘ചില മാധ്യമങ്ങള്‍ പറയുന്നതുപോലെ, ഒരു യുദ്ധത്തടവുകാരനെ തിരിച്ചയയ്ക്കുന്നത്, സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടിയല്ല. ജയ്ഷെ മുഹമ്മദ് തലവന്‍ മസുദ് അസ്ഹറിനെയാണ് നമ്മുടെ സ്നേഹിതരായ ‘ അയല്‍രാജ്യം’ ഇന്ത്യയ്ക്കു കൈമാറിയിരുന്നതെങ്കില്‍ കാര്യമുണ്ടായിരുന്നു. എന്തായാലും നമ്മുടെ വീരനായകന്‍ അഭിനന്ദനെ നമുക്ക് സ്വാഗതം ചെയ്യാം. പക്ഷേ, കാര്യങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല.’ 

ഒരു രാജ്യതന്ത്രജ്ഞയ്ക്കു വേണ്ട അസാധാരണമായ ഉള്‍ക്കാഴ്ചയും വര്‍ത്തമാന സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന  രാജ്യസ്നേഹിയുടെ ദേശാഭിമാനവും ഒരുമിച്ചുചേര്‍ന്നതാണ് ഹീനയുടെ വാക്കുകള്‍. ഇപ്പോഴത്തെ ആഹ്ലാദം നല്ലതാണെങ്കിലും ഇവിടെ കാര്യങ്ങള്‍ അവസാനിക്കുമെങ്കില്‍ പാക്ക് നടപടികളെ ഇനിയും ഇന്ത്യ എങ്ങനെ പ്രതിരോധിക്കുമെന്നാണ് ഹീന സമര്‍ഥമായി ചോദിക്കുന്നത്. 

ഇന്ത്യയുടെ യഥാര്‍ഥ ആവശ്യം മസൂദ് അസ്ഹറാണ്. ഇക്കഴിഞ്ഞ കുറച്ചുകാലത്തിനിടെ ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കെല്ലാം ഉത്തരവാദി അയാളാണെന്നാണ് ഇന്ത്യ വാദിക്കുന്നത്. തെളിവുകളും പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്. പക്ഷേ, ഇതുവരെയും അയാളെ കൈമാറുന്നതിനെക്കുറിച്ച് പാക്കിസ്ഥാന്‍ ഒന്നും പറയുന്നില്ല. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ  പ്രസ്താവനയിലും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മസൂദ് വിഷയത്തില്‍ മൗനം പാലിച്ചു. അതുകൊണ്ടാണ് അഭിനന്ദനെ വിട്ടുനല്‍കി പ്രശ്നം ഒതുക്കിത്തീര്‍ക്കാനും പ്രശ്നത്തിന്റെ കാതലില്‍ തൊടാതിരിക്കാനുമാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് ഹീന ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഹീനയുടെ അഭിപ്രായത്തിനാണ് പിന്തുണ. ഹീന ഉന്നയിക്കുന്ന സത്യം കാണണമെന്നും ആവശ്യത്തെ പിന്തുണയ്ക്കണമെന്നുമാണ് പലരും അഭിപ്രയപ്പെടുന്നു. 

രാജ്യാന്തര ഷൂട്ടിങ് സ്പോര്‍ട്സ് ഫെഡറേഷന്റെ ലിസ്റ്റില്‍ ഇന്ത്യയില്‍നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യത്തെ വനിതാ താരമാണ് ഹീന സിദ്ധു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ലോകകപ്പില്‍ ഹീന സ്വര്‍ണം നേടുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com