sections
MORE

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടാൻ സമരം ചെയ്ത ബ്രിട്ടീഷ് യുവതി; അസാധാരണം ഈ ജീവിതം, പ്രണയവും

Freda Bedi
ഫ്രെഡ ബേദി
SHARE

1930-കളിലെ ഓക്സ്ഫോഡിൽ. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ പരിഗണിക്കുന്നത് അടിമകളായി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കീഴിലെ പ്രജകളായി. പേരും പെരുമയും പ്രതാപവുമുള്ള ഒരു ബ്രിട്ടീഷ് കുടുംബത്തിലെ സുന്ദരിയായ യുവതി ഒരു ഇന്ത്യക്കാരനെ പ്രണയിക്കുന്നത് അന്ന് കേട്ടുകേള്‍വിയില്ലാത്ത കാര്യം. ഒരു ഇംഗ്ലിഷുകാരനും അംഗീകരിക്കാനാകാത്ത വസ്തുത. എന്നിട്ടും വര്‍ഗ്ഗത്തിന്റെയും നിറത്തിന്റെയും വ്യാജഅഭിമാനങ്ങളെ പരിഗണിക്കാതെ ഒരു പ്രണയം ഓക്സ്ഫോഡില്‍ മൊട്ടിട്ടു. സഹപാഠികള്‍ തമ്മില്‍. ഫ്രെഡ എന്ന ഇംഗ്ലിഷ് യുവതിയും ബാബ പ്യാരേ ലാല്‍ ബേദി എന്ന ഇന്ത്യക്കാരനായ സിക്ക് യുവാവും തമ്മില്‍. 

ഫ്രെഡ എന്ന ഫ്രെഡബേദിയുടെ ജീവിതത്തില്‍ അത് ഒരു വഴിത്തിരിവായിരുന്നു. അതിര്‍ത്തികളെ അതിജീവിക്കുന്ന സ്നേഹത്തിന്റെയും ദേശസ്നേഹത്തിന്റെയും അഭിമാനത്തിന്റെയും സുവര്‍ണചരിത്രത്തിന്റെയും തുടക്കം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലും ഫെഡ്രെയുടെ പേരുണ്ട്. തങ്കലിപികളില്‍ത്തന്നെ. അസാധാരണവും അദ്ഭുതകരവുമായ ആ ജീവിതത്തിലേക്ക്. 

ഓക്സ്ഫോഡിലെ ഇന്ത്യന്‍ വിദ്യാർഥികള്‍ ആഴ്ചാവസാനങ്ങളില്‍ രഹസ്യമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും  ചെയ്യുമായിരുന്നു. ഫ്രെഡ ബേദി ആ കൂട്ടായ്മയിലെ സജീവ അംഗമായി. മുഖം ചുളിച്ചുനിന്ന ഇംഗ്ലിഷ് സുഹൃത്തുക്കള്‍ക്കു മുന്നിലൂടെ ഇന്ത്യക്കാരന്‍ യുവാവിന്റെ കയ്യും പിടിച്ച് സന്തോഷത്തോടെ നടന്നു. പുറത്തുമാത്രമായിരുന്നില്ല എതിര്‍പ്പ്. ഇന്ത്യക്കാരനുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഫ്രെഡയുടെ വീട്ടിലും എതിര്‍പ്പ് കൂടിക്കൊണ്ടിരുന്നു.  

പ്യാരേ ലാല്‍ ഒരുദിവസം ഫെഡ്രയുടെ വീട്ടില്‍ചെന്നു സംസാരിച്ചു. ഇന്ത്യക്കാരനെങ്കിലും അഭിജാത്യം തുളുമ്പുന്ന സംസാരവും അന്തസ്സുള്ള പെരുമാറ്റവുമുള്ള പ്യാരേ ലാല്‍ ഫ്രെഡയുടെ മാത്രമല്ല, ആ കുടുംബത്തിന്റെയും ഹൃദയം കവര്‍ന്നു. പ്രണയം വിവാഹത്തിലെത്തി. വിവാഹം രജിസ്റ്റര്‍ ചെയ്ത ഇംഗ്ലിഷ് ഓഫിസര്‍ക്കുപോലം ആ ബന്ധം അംഗീകരിക്കാനായില്ല. രജിസ്റ്ററില്‍ ഒപ്പുവച്ചതിനുശേഷം അയാള്‍ ദമ്പതികൾക്ക് ഹസ്തദാനം നൽകാൻ പോലും തയാറായില്ല. പക്ഷേ, അതവരുടെ പ്രണയത്തെ ലവലേശം ബാധിച്ചില്ല. അടുപ്പം ഇല്ലാതാക്കിയില്ല. ബന്ധത്തിന്റെ ശക്തി കൂട്ടിയതേയുള്ളൂ. വിവാഹത്തോടെ ഫ്രെഡ ബേദി പൂര്‍ണമായും ഇന്ത്യക്കാരിയായി. ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചു. ഇന്ത്യക്കാരുടെ പെരുമാറ്റമര്യാദകള്‍ ഓരോന്നായി പഠിച്ചു. ഒരുവര്‍ഷത്തിനുശേഷം ദമ്പതികള്‍ അവരുടെ നാലുമാസം മാത്രം പ്രായമുള്ള മകന്‍ രംഗയുമൊത്ത് ഇന്ത്യയിലേക്ക് വന്നു.

മുംബൈയിൽ കപ്പലിറങ്ങുമ്പോള്‍ ഇന്ത്യയിലെ അന്നത്തെ ബ്രിട്ടിഷ് അധികാരികള്‍ ദമ്പതികളെ കണ്ടതു സംശയത്തോടെ. വിദ്യാര്‍ഥികളായിരിക്കെ സ്വാതന്ത്ര്യസമരത്തോട് അഭിമുഖം പുലര്‍ത്തിയതായിരുന്നു കാരണം. ഇടതുപക്ഷത്തെ സഹായിക്കുന്ന പ്രചാരണ ലഘുലേഖകള്‍ ഉണ്ടെന്ന സംശയത്തില്‍ തുടര്‍ച്ചയായി ഏഴു മണിക്കൂര്‍ മുംബൈയിൽ അവരുടെ ബാഗുകള്‍ പരിശോധിച്ചു. കൊച്ചുകുട്ടിയായ രംഗയുടെ നാപ്കിനുകള്‍പോലും രഹസ്യസന്ദേശം എഴുതിയിട്ടുണ്ടോയെന്ന സംശയത്തില്‍ പരിശോധനയ്ക്കു വിധേയമാക്കി. 

ബോംബെയില്‍നിന്ന് ദിവസങ്ങള്‍ നീളുന്ന യാത്ര. പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക്. ബാബ പ്യാരേ ലാലിന്റെ വിധവയായ അമ്മ  അവരെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു ഫെഡ്രയുടെ മനസ്സില്‍. കപൂര്‍ത്തലയിലെ വീട്ടില്‍ ആദ്യമായി കാലു കുത്തുമ്പോള്‍ ഫ്രെഡ ധരിച്ചിരുന്നത് ഒരു വെളുത്ത കോട്ടന്‍ സാരി. കയ്യില്‍ കുഞ്ഞുരംഗയും. ബാബ പ്യാരേ ലാല്‍ അമ്മയുടെ കാല്‍തൊട്ട് നമസ്കരിച്ചു; ഫ്രെഡയും. ഒരുനിമിഷം പോലും വൈകിയില്ല. പ്യാരേ ലാലിന്റെ അമ്മ ആ ഇംഗ്ലിഷ് യുവതിയെ ചേര്‍ത്തുപിടിച്ചു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വെറുപ്പും വിദ്വേഷവും പ്രതീക്ഷിച്ച കണ്ണുകളില്‍ അവര്‍ കണ്ടത് സ്നേഹവും വാത്സല്യവും. 

ഇന്ത്യയില്‍ അവരുടെ ജീവിതത്തിനു തുടക്കമായി. പഞ്ചാബിലെ അന്നത്തെ വലിയ നഗരമായ ലാഹോറില്‍. പ്യാരേ ലാലിന്റെ അമ്മയ്ക്കൊപ്പം സ്നേഹമുള്ള മരുമകളായി ഇംഗ്ലിഷുകാരിയായ ക്രിസ്ത്യന്‍ യുവതി ജീവിക്കുന്നത് അന്നത്തെ അദ്ഭുതക്കാഴ്ചകളിലൊന്നായിരുന്നു, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും. 

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയെക്കൂടി യുദ്ധത്തിലേക്കു വലിച്ചിഴച്ച ബ്രിട്ടിഷ് നടപടി അംഗീകരിക്കാന്‍ തയാറായില്ല ഫ്രെഡ. ഒരു ഇംഗ്ലിഷുകാരിയായിട്ടും അവര്‍ മാതൃരാജ്യത്തിനെതിരെ നിലപാട് കൈക്കൊണ്ടു, ഇന്ത്യയ്ക്കുവേണ്ടി. തന്റെ പങ്കാളിയുടെ നാടിനുവേണ്ടി. പഞ്ചാബിലെ സൈനിക റിക്രൂട്ട്മെന്റ് അട്ടിമറിക്കാതിരിക്കാന്‍ പ്യാരേ ലാലിനെ തടവുകാര്‍ക്കുള്ള ക്യാംപില്‍ തടഞ്ഞുവച്ചു. 

ഫെഡ്ര ഒരു സത്യഗ്രഹിയുമായി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം തരാതെ യുദ്ധവുമായി മുന്നോട്ടുനീങ്ങുന്ന ബ്രിട്ടനെതിരെ സമരം ചെയ്യാന്‍ മഹാത്മാ ഗാന്ധി തിരഞ്ഞെടുത്ത സത്യഗ്രഹികളില്‍ ഫ്രെഡയുമുണ്ടായിരുന്നു. സമരം രൂക്ഷമായപ്പോള്‍ ഇന്ത്യക്കാരായ പൊലീസുകാര്‍ പ്രതിസന്ധിയിലായി. ഇംഗ്ലണ്ടിനെതിരെ സമരം ചെയ്യുന്ന ഇംഗ്ലിഷ് യുവതിയെ അറസ്റ്റ് ചെയ്യേണ്ട ഗതികേടിലായി അവര്‍. അറസ്റ്റ് ചെയ്യപ്പെട്ട ഫ്രെഡയെ വിചാരണ ചെയ്തപ്പോഴുമുണ്ടായി രസകരമായ രംഗങ്ങള്‍. ഇംഗ്ലിഷുകാരനായ മജിസ്ട്രേറ്റിന് കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന സംശയമായി. 

നിങ്ങള്‍ക്ക് ഒരു ഇംഗ്ലിഷുകാരിക്കുള്ള പരിഗണയാണോ വേണ്ടത് ? മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ഞാന്‍ ഒരു ഇന്ത്യക്കാരിയാണെന്ന മറുപടിയാണ് ഫ്രെഡയില്‍നിന്നുണ്ടായത്. ആറുമാസത്തെ തടവുശിക്ഷ ഫ്രെഡ‍ സന്തോഷത്തോടു കൂടി സ്വീകരിച്ചു. 

സ്വാതന്ത്ര്യത്തിനുശേഷം ഫ്രെഡ ജീവിച്ചത് കശ്മീരില്‍. അക്കാലത്ത് തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു. 1950 കളുടെ തുടക്കത്തില്‍ ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ഫ്രെഡ ബര്‍മ സന്ദര്‍ശിച്ചു. അതവരുടെ ജീവിതം മാറ്റിമറിച്ചു. ഫ്രെഡ ബുദ്ധസന്യാസിനിയായി. 1950 കളുടെ അവസാനത്തില്‍ ചൈനിസ് അടിച്ചമര്‍ത്തല്‍ ഭയന്ന് ടിബറ്റന്‍ അഭയാര്‍ഥികള്‍ പല ദിക്കിലേക്കും പലായനം ചെയ്തപ്പോള്‍ ഫ്രെഡ അവരുടെ കൂടെക്കൂടി. ടിബറ്റന്‍ ആത്മീയത അവരെ ആഴത്തില്‍ സ്പര്‍ശിച്ചു. അമ്മ എന്ന നിലയിലുള്ള തന്റെ കടമകള്‍ പൂര്‍ത്തീകരിച്ചു എന്നു ബോധ്യം വന്ന ഫ്രെഡ മാതൃരാജ്യത്തെ പൂര്‍ണമായി മറന്ന് ടിബറ്റന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചു. ഫ്രെഡയുടെയും പ്യാരേ ലാലിന്റെയും മൂന്നുമക്കളില്‍ ഒരാളാണ് രാജ്യമാകെ പ്രശസ്തനായ ചലച്ചിത്രകാരന്‍ കബീര്‍ ബേദി. 

ഫ്രെഡയുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ ഒരു പോരാട്ടമായിരുന്നു. ജാതിക്കും മതത്തിനും നിറത്തിനും വര്‍ഗ്ഗത്തിനും നിറത്തിനും അവയുടെ പേരിലുള്ള വിവേചനങ്ങള്‍ക്കുമെതിരായ പോരാട്ടം. അതുകൊണ്ടുതന്നെ ആ കഥ തലമുറകളിലേക്കു പകരണം. ഭാവിക്ക് ഒരു പാഠപുസ്തകമാകണം. ഫ്രെഡയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി ബിബിസിയുടെ മുന്‍ ഇന്ത്യന്‍ ലേഖകന്‍ ആന്‍ഡ്ര്യൂ വൈറ്റഹെഡ് ഫ്രെഡയുടെ ജീവിതം അക്ഷരങ്ങളിലാക്കി. അതിശയകരമായ ഒരു ജീവചരിത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA