sections
MORE

ഗാർഹിക പീഡനം; അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ

Domestic Violence
പ്രതീകാത്മക ചിത്രം
SHARE

"എന്നെ എന്തിനാണ് ഇത്ര നേരത്തെ വിവാഹം ചെയ്തയയ്ക്കുന്നത്?" ഇരുപതു വയസ്സു കഴിഞ്ഞ പെൺകുട്ടികളുള്ള  വീടുകളിൽ ഇടയ്ക്കിടെ മുഴങ്ങുന്ന സ്ഥിരം ചോദ്യമാണിത്. " നാട്ടുകാര് ചോദിക്കുന്നു, അച്ഛനും അമ്മയ്ക്കും ആരോഗ്യം ഉള്ളപ്പോൾ നടത്തണ്ടേ, പ്രായം കൂടി വരുന്നു, ആളെ കിട്ടില്ല..." അങ്ങനെ പോകുന്നു ന്യായീകരണമറുപടികൾ. ആൻലിയ  എന്ന മിടുക്കിക്കുട്ടിയും ഇതേ ചോദ്യം മാതാപിതാക്കളോട് ചോദിച്ചിരുന്നു. അവളുടെ ജീർണ്ണിച്ച ശരീരം പിന്നീട് പെരിയാറിൽ ഒഴുകി നടന്നപ്പോൾ ആ ചോദ്യം ആ അച്ഛൻ വീണ്ടുമോർമ്മിക്കുന്നു. ആരൊക്കെയാണ് തെറ്റുകാർ?. 

പെണ്ണ് എന്ന ബാധ്യത

ആൻലിയ ഉൾപ്പെടുന്ന  പെൺസമൂഹത്തിന്റെ ജീവിതത്തിന്റെയും ആഗ്രഹങ്ങളുടെയും മുകളിൽ, "പെണ്ണിനെ കെട്ടിച്ചു വിടുക" എന്ന  വലിയ ബാധ്യതയുടെ ഭാരമുണ്ട് . പെൺകുട്ടിയെ വിവാഹം കഴിച്ചു വിടുക എന്നത് എന്നു മുതലാണ് കുടുംബത്തിന് ഭാരമായി തുടങ്ങിയത്? സ്ത്രീധന സമ്പ്രദായവും ആർഭാടകല്യാണവും അതിനൊരു പ്രധാന കാരണമല്ലേ?

bride-63

 ഒരുപെൺകുട്ടി മാനസികമായി തയാറല്ലാത്ത സമയത്ത് തങ്ങളുടെ സൗകര്യവും, നാട്ടുകാരുടെ ചോദ്യങ്ങൾ നേരിടാനുള്ള വിമുഖതയും കാരണം അവളെ പരിചയമില്ലാത്ത ഒരിടത്തേക്ക്, അധികം അന്വേഷണങ്ങൾ പോലും നടത്താതെ പറഞ്ഞയയ്ക്കാൻ കുടുംബത്തിലുള്ള ചിലർ തീരുമാനിക്കുന്നിടത്താണ് പെൺകുട്ടികൾ ആദ്യമായി തോറ്റു പോകുന്നത്. 

അവളുടെ നോക്കുകൂലിയായി കുറെ സ്വത്തും വരന്റെ പേരിൽ ആക്കികൊടുത്ത് ആർഭാടമായി കല്യാണം നടത്തുന്നവരുണ്ട്. അങ്ങനെ ചെന്നു കയറുന്ന വീട്ടിൽ  സ്ത്രീധനത്തിന്റെ പേരിൽ അവൾ അനുഭവിക്കുന്ന മാനസിക,ശരീരിക പീഡനങ്ങൾക്ക്  അറിഞ്ഞോ അറിയാതെയോ അവളുടെ മാതാപിതാക്കൾ കൂടി ഉത്തരവാദികൾ ആകുന്നു.

അമ്മയ്ക്കുമുണ്ട് റോൾ

വിവാഹം കഴിച്ചു ചെല്ലുന്ന എതു പെണ്ണിനും സ്വന്തം അമ്മയെ വിളിച്ചു പങ്കുവയ്ക്കാൻ ചില ആവലാതികളുണ്ടാകും. ചിലപ്പോൾ ഭർത്താവിന്റെയും വീട്ടുകാരുടെയും അല്ലറ ചില്ലറ തെറ്റുകുറ്റങ്ങളെപ്പറ്റിയും നവവധുക്കൾക്ക് പറയാനുണ്ടാകും. മറ്റൊരു വീടുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന തുടക്കിലെ കല്ലുകടികളായി അതിനെ കാണുന്നവരാണ് അമ്മമാരിലധികവും. എന്നാൽ ഈ ആവലാതി പറച്ചിലിലെ നെല്ലും പതിരും തിരിച്ചറിയാൻ അമ്മമാർക്കു കഴിയാതെ പോകുന്നിടത്തു വച്ചും ചില ദാമ്പത്യ ബന്ധങ്ങൾ ശിഥിലമാകാരുണ്ട്.

bride-compliant-634

ചില അമ്മമാരുണ്ട്. അടുക്കളയിൽ ഗ്ലാസ് കഴുകി വച്ച ഇടം മാറിപ്പോയതിനു അമ്മായിയമ്മ ശകാരിച്ചു എന്നു വിളിച്ചു പറയുന്ന മകളോട് " ആഹാ, എന്നാ നീ ഒരു നിമിഷം അവിടെ നിൽക്കേണ്ട, ബാഗുമെടുത്ത് ഇങ്ങ് പോരെ എന്നു പറഞ്ഞു കളയും. അത്തരക്കാർ മകളുടെ ജീവിതത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തുകയാണ്. 

ഇനി മറ്റൊരു കൂട്ടരുണ്ട്. " കെട്ടിച്ചു വിട്ടതാണ്, ഇനി അതുമിതും പറഞ്ഞു ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്" എന്ന് വെട്ടിമുറിച്ചങ്ങു പറഞ്ഞു കളയും. സ്വന്തം വീട്ടിലും ഭർതൃവീട്ടിലും സ്ഥാനമില്ലാതെ അനാഥയാക്കപ്പെട്ടുവെന്ന തോന്നൽ ഇത്തരം പെരുമാറ്റങ്ങൾ അവളിലുണ്ടാക്കും.

വാക്കു തെറ്റിക്കുന്ന ഭർതൃവീട്ടുകാർ

ജോലിക്ക് വിടണം, അല്ലെങ്കിൽ ഉപരിപഠനം തുടരാൻ അനുവദിക്കണം എന്ന ഉറപ്പിന്മേൽ ആണ് പല പെൺകുട്ടികളും വിവാഹത്തിന് സമ്മതിക്കുക. വിവാഹശേഷം പല ഭർത്താക്കന്മാരും വീട്ടുകാരും കളം മാറ്റി ചവിട്ടുന്നു. തന്നിഷ്ടകാരിയെന്ന പേരു കേൾക്കാതിരിക്കാൻ പല പെൺകുട്ടികളും ഉള്ളിലെ വേദന കടിച്ചമർത്തുന്നു. പേരുദോഷം ഒഴിവാക്കാനും കുടുംബത്തിലെ മനസമാധാനം പോകാതിരിക്കാനും വേണ്ടി മാത്രം മകളെ ഒറ്റപ്പെടുത്തി മരുമകന്റെ പക്ഷം പിടിക്കുന്ന വീട്ടുകാരും വില്ലൻമാരാണ്. എങ്ങു നിന്നും പിന്തുണയില്ലാതെ വൈകാരികമായി പെൺകുട്ടികൾ തകർന്നു പോകുന്നു.

mother-in-law-56

ക്ഷമയുടെ നെല്ലിപ്പടി കടക്കുമ്പോൾ

വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ പോലും തനിക്കെതിരെ ഉയരുന്ന ആക്രമണങ്ങളെ ക്ഷമ, സഹനം എന്നീ വാക്കുകളെ കൂട്ടുപിടിച്ച് പലതും കണ്ടില്ലെന്നു നടിക്കുന്നു.

നമ്മുടെ പെൺകുട്ടികൾക്കു വേണ്ടി ഒന്ന് മാറി ചിന്തിക്കാം

മാനസികമായി അവൾ തയാറാകുന്നത് വരെ സമ്മർദ്ദം നൽകാരിക്കുക. വിവാഹം വേണ്ട എന്നു പറയുന്നതിന്റെ കാരണങ്ങൾ സ്നേഹപൂർവം ചോദിച്ചറിയുക. സ്വന്തമായി ഇഷ്ടങ്ങൾ ഉണ്ടെങ്കിൽ അവയെ പറ്റി അന്വേഷിക്കുക..നല്ലതെങ്കിൽ , ജാതിയും മതവും കുടുംബമഹിമായും  മാറ്റിവച്ച് നടത്തിക്കൊടുക്കുക. നല്ലതല്ലെങ്കിൽ അതിന്റെ വരും വരായ്കകൾ അവൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുക. 

അവളെ ശ്രദ്ധയോടെ കേൾക്കാം

എന്റെ സ്വർണ്ണം എല്ലാം ഊരി മേടിച്ചു, സ്വർണ്ണത്തിന്റെ തൂക്കം നോക്കി പോരെന്നു പറയുന്നു, ദേഹോപദ്രവം ഏൽപ്പിക്കുന്നു എന്നു പറയുന്ന മകളോട്"  അതൊക്കെ ഉണ്ടാവും, പെണ്ണല്ലേ സഹിക്കണം എന്നു പറയുന്ന 'അമ്മ  നിരുത്തരവാദപരമായ പെരുമാറ്റവും കൊണ്ട് അവൾക്ക് കൂടുതൽ ഉപദ്രവകാരിയായി മാറുന്നു. 

ornaments-56

അങ്ങനെ പറയുന്ന മകളുടെ ജീവിതത്തിനുമേൽ മാതാപിതാക്കളുടെ ഒരു കണ്ണുണ്ടായിരിക്കണം. അവൾ സന്തോഷവതിയല്ല  എന്നു ഉറപ്പായാൽ കാരണങ്ങൾ ആദ്യമേ തന്നെ അന്വേഷിക്കണം. 

മാനസികമായ എന്തെങ്കിലും അസ്വാഭാവികത അവൾ കാണിച്ചാൽ അത് അവളുടെ കുഴപ്പം കൊണ്ടാണോ, അതോ ഭർത്താവോ അയാളുടെ വീട്ടുകാരോ മൂലമാണോ എന്നത് കൃത്യമായി അന്വേഷിച്ചു കണ്ടുപിടിക്കണം.

കരുതൽ വേണം

വിവാഹശേഷം ജോലിക്ക് വിടുക തുടങ്ങിയ കരാറുകൾ വാക്കാൽ ആണെങ്കിൽ പോലും , വിവാഹ ശേഷം അത് ലംഘിച്ച മരുമകന്റെ മേൽ അപ്പോൾ തന്നെ ഒരു കണ്ണുവയ്ക്കണം. വാക്കിനു വിലകൽപ്പിക്കാത്തയാൾ തങ്ങളുടെ മകളുടെ ജീവിതത്തിൽ കരിനിഴലായേക്കാം എന്ന മുൻകരുതലെടുക്കണം

disbute-56

അവൾക്ക് ബോധവൽക്കരണം നൽകാം

സമൂഹത്തെ ഭയന്നല്ല സ്വന്തം വ്യക്തിത്വത്തിനും  ആത്മാഭിമാനത്തിനുമാണ് മുൻതൂക്കം നൽകേണ്ടതെന്ന് അവൾ സ്വന്തം വീട്ടൽ നിന്നു തന്നെ തിരിച്ചറിയണം .സ്ത്രീ സുരക്ഷയ്ക്ക് എന്തെല്ലാം നിയമങ്ങൾ ഉണ്ട്, അവയെ എങ്ങനെ ഉപയോഗിക്കാം എന്നു പറഞ്ഞു കൊടുത്തു വളർത്തുക. നമ്മുടെ രാജ്യത്ത് നമ്മുടെ സുരക്ഷയ്ക്കായി നിയമങ്ങൾ ഉണ്ട്. അത് അറിഞ്ഞിരിക്കുകയും ഉപയോഗിക്കുകയും ചെയ്യണം. മക്കൾക്ക് ചെറിയ പ്രായത്തിൽ തന്നെ അത് പറഞ്ഞു കൊടുത്തു വളർത്താം. 

5. മാറ്റുവിൻ ചട്ടങ്ങളെ

വിവാഹം ഉറപ്പിച്ച ശേഷം, ഭർത്താവന്റെ വീടിന് അടുത്തായി ഒരു ബാങ്കിൽ അവൾക്കായി ഒരു അക്കൗണ്ട് തുടങ്ങുക.ഒരു ചെറിയ തുക,  മകളുടെ പേരിൽ ബാങ്കിൽ ഇട്ടു കൊടുക്കുക. അതാകട്ടെ അവളുടെ സ്ത്രീധനം.. വരന്റെ വിലയല്ല.. അവൾക്കായുള്ള നമ്മുടെ നീക്കിയിരിപ്പാണ് ആ തുക. അവളുടെ കൈയിൽ തന്നെ അതിന്റെ പാസ്‍ബുക്കും കൊടുക്കുക.അവൾക്ക് സ്വന്തമായി ഒരു ലോക്കറും ആ ബാങ്ക് അക്കൗണ്ടിനോട് ചേർന്നു തുറക്കുക. അതിൽ വിവാഹശേഷം സ്വർണ്ണം സൂക്ഷിക്കാൻ പറയുക. 

വീട്ടിൽ എന്തെങ്കിലും അത്യാവശ്യം വന്നു അതിൽ നിന്ന് പണയം വയ്‌ക്കനോ, വിൽക്കാനോ ഭർത്താവിനോ മറ്റുള്ളവർക്കോ കൊടുത്താൽ അതിനൊരു സാക്ഷി ഉണ്ടായിരിക്കണം എന്ന് ഉറപ്പിച്ചു പറയക. സ്ത്രീധനം ചോദിച്ചു എണ്ണി കണക്കു പറയുന്ന ഒരു വീട്ടിലേക്ക് മകളെ അയയ്ക്കില്ല എന്നു ഉറപ്പിക്കുക. നല്ല വിദ്യാഭ്യാസം ആണ് നിങ്ങൾ അവൾക്ക് നൽകുന്ന സ്ത്രീധനം. ആ ഒരൊറ്റ കൈമുതൽ മതി ആരുടെയും തങ്ങില്ലാതെ ജീവിക്കാൻ എന്നു കുഞ്ഞു നാളിൽ തന്നെ പെണ്മക്കളെ പറഞ്ഞു പഠിപ്പിക്കുക. 

അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

(1) 1961 ൽ സ്ത്രീധന നിരോധന നിയമം വന്ന നാട്ടിൽ ഇന്നും എണ്ണിപെരുക്കി സ്ത്രീധനം ചോദിച്ചു വാങ്ങിക്കപ്പെടുന്നു. എന്താണ് കാരണം?

പോക്കറ്റ് മണി എന്ന പേരിൽ സമ്പന്നർ മകളെ അയയ്ക്കുമ്പോൾ വരന്റെ പേരിൽ നൽകുന്ന വലിയ തുക അഷ്ടിക്കു വകയില്ലാത്തവൻ മകളെ അയക്കുമ്പോൾ സ്ത്രീധനം കൊടുത്തിരിക്കണം എന്ന ഒരു വ്യവസ്ഥിതി ഊട്ടി ഉറപ്പിക്കുകയാണ് സമൂഹത്തിൽ. നിയമപ്രകാരം കല്യാണവേളയിൽ വധുവിന് സ്വന്തം കുടുംബം നൽകുന്ന സമ്മാനമാണ് 'സ്ത്രീധനം'. അതവൾക്ക് നേരിട്ടവകാശപ്പെട്ടതും സ്വന്തമായി കൈകാര്യം ചെയ്യാവുന്നതുമായ മുതലാണ്. എന്തെങ്കിലും കാരണവശാൽ അവൾക്ക് വിവാഹബന്ധം ഒഴിയേണ്ടിവന്നാൽ സ്ത്രീധനം മടക്കിക്കൊടുക്കാൻ  ഭർത്താവിന്റെ വീട്ടുകാർ ബാധ്യസ്ഥരുമാണ്. ഇന്ന് പക്ഷേ  വധുവിന്റെ വീട്ടുകാർ വരന്റെ 'യോഗ്യത'യനുസരിച്ച് അയാൾക്കു നൽകുന്ന ധനമായി മാറി സ്ത്രീധനം! സ്ത്രീധനത്തിന്റെ പേരിൽ ഉള്ള പീഡനം ഗാർഹികപീഡനനിയമപ്രകാരം കുറ്റകരമാണ്. സ്ത്രീധനം ചോദിച്ചു വാങ്ങിക്കുന്നതും കുറ്റകരം തന്നെ. 

(2) 2006 ൽ നിലവിൽ വന്ന ഗാർഹികപീഡന നിയമം പെണ്‍കുട്ടികൾ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടതാണ്.

slap-563

ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമല്ല.  ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കിലും ശിക്ഷ ലഭിക്കും.

 ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ, ദത്തെടുക്കല്‍ മൂലമുണ്ടായ ബന്ധത്താലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ, ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്.      

ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു

1. ശാരീരികമായ പീഡനം - ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന ഏതു തരം ശാരീരിക പീഡനവും ശിക്ഷാർഹമാണ്.

2.  മാനസികമായ പീഡനം -   വാക്കുകൾ കൊണ്ട് അപമാനിക്കുക,  സ്ത്രീധനത്തിന്റെ പേരിലോ, പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരിലോ

 അപമാനിക്കുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ  തടയുക തുടങ്ങി ആത്മഹത്യാ ഭീഷണി വരെ ഇതിൽ ഉൾപ്പെടും.

3. ലൈംഗികമായ പീഡനം - സ്ത്രീയെ അപമാനിക്കാനോ, തരം താഴ്ത്താണോ,  നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള ലൈംഗിക സ്വഭാവമുള്ള പ്രവര്‍ത്തി.

4. സാമ്പത്തിക പീഡനം - തനിക്കും കുട്ടികള്‍ക്കും ചിലവിനു നല്‍കാതിരിക്കുക, തന്റെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, വീട്ടുസാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക, കെട്ടിടവാടക കൊടുക്കാതിരിക്കുക.

എങ്ങനെ പരാതിപ്പെടണം?

ഇത്തരത്തിൽ എന്തു തരം പീഡനമുണ്ടായാലും പരാതിക്കാരി തുറന്നു പറയാൻ തയാറാവണം. കുടുംബത്തിന്റെ അഭിമാനസംരക്ഷണ യന്ത്രമല്ല തങ്ങൾ എന്ന തിരിച്ചറിവ് അവൾക്ക് ഉണ്ടാകണം. ആദ്യം ചെയ്യേണ്ടത് തന്റെ ജില്ലയിലെ സംരക്ഷണഉദ്യോഗസ്ഥനുമായി ഫോണ്‍ വഴിയോ  നേരിട്ടോ ബന്ധപ്പെടുക. സംരക്ഷണോദ്യോഗസ്ഥനെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ പോലീസുമായി ബന്ധപ്പെടുക.കേരളത്തിലെ എല്ലാ ജില്ലകളിലും  സംരക്ഷണ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ വിലാസം താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സേവ് ചെയ്യാവുന്നതാണ് .http://keralawomenscommission.gov.in

 അദ്ദേഹം റിപ്പോര്‍ട്ട്‌ തയാറാക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്  സമര്‍പ്പിക്കും.  അത് കോടതിയില്‍ കിട്ടുന്ന മുറയ്ക്ക് മജിസ്ട്രേറ്റ് എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കും. സമന്‍സ് പ്രകാരം എതിര്‍കക്ഷി കോടതിയില്‍ എത്തണം. സ്വന്തമായി അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യ  നിയമ സഹായം ലഭിക്കുന്നതാണ്.  

അഭിഭാഷകര്‍ സംരക്ഷണ ഉത്തരവ് ലഭിക്കാനാവശ്യമായ സഹായം നല്‍കും. പരാതിക്കാരിക്ക് നിയമപ്രകാരം മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ, അവര്‍ അതുവരെ താമസിച്ചിരുന്ന വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അവകാശമുണ്ട്‌. ആര്‍ക്കും അവരെ അവിടെനിന്നും ഇറക്കി വിടാനാവില്ല.

 ഗാര്‍ഹിക പീഡനം നടക്കുന്നുവെന്നറിഞ്ഞ ഒരു വ്യക്തി ഈ കാര്യം പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.  അയാള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നതല്ല എന്നും ഈ നിയമം പറയുന്നു. ഇനി ചെറിയ  പെൺകുഞ്ഞുങ്ങൾക്കായി നിയമങ്ങൾ വേറെയും ഉണ്ട്. അവരുടെ വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പ് വരുത്തുന്നവ. 

നമ്മുടെ ശരീരവും മനസ്സും വിലപ്പെട്ടതാണ്. അതിനെ കളങ്കപ്പെടുത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരേണ്ടതുണ്ട്. നമുക്കായി നമ്മുടെ  രാജ്യത്തെ ഭരണഘടന ഉറപ്പു നൽകുന്ന നിയമ പരിരക്ഷ ഉചിതമായി ഉപയോഗിക്കാം.

ന്യൂറോളജിക്കൽ റിഹാബിലിറ്റേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ് ലേഖിക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA