ADVERTISEMENT

കണ്ണു നിറഞ്ഞ് ശബ്ദമിടറിയാണ് രമ്യാഹരിദാസ് ആ വേദിയിൽ സംസാരിച്ചത്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ കുന്ദമംഗലം നിയോജകമണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് രമ്യാ ഹരിദാസ് വികാരനിർഭരയായി സംസാരിച്ചത്. തന്നെ കാണാനായി കുന്ദമംഗലത്തുകാര്‍ ആരും ആലത്തൂരിലേക്ക് വരണ്ടെന്നും ഒരു ഫോൺ കോളിൽ നാട്ടുകാരുടെ വിളിപ്പുറത്ത് താൻ ഉണ്ടാകുമെന്നും ഉറപ്പു നൽകിയാണ് രമ്യ ആലത്തൂരിലേക്ക് പോകുന്നത്.

ഇടതുപക്ഷത്തിന്റെ കോട്ട എന്ന് വിശേഷിപ്പിക്കുന്ന ആലത്തൂരിലേക്ക് പോകുന്നത് കോൺഗ്രസ് ദേശീയ നേതൃത്വം ഏൽപ്പിച്ച ദൗത്യവുമായിട്ടാണെന്നും ആലത്തൂരിൽ വിജയക്കൊടി നാട്ടാനായി എല്ലാവരുടെയും പ്രാർഥനയും പിന്തുണയും ഉണ്ടാകണമെന്നും രമ്യ പറഞ്ഞു. 

' നിങ്ങളുടെ കൂടെ പോസ്റ്ററൊട്ടിച്ചും നിങ്ങളുടെ കുടുംബയോഗത്തിൽ സംസാരിച്ചും പ്രവർത്തിച്ചുമാണ് ഞാൻ ഇതുവരെ വന്നത്. ആ കരുത്തുമായിട്ടാണ് ഞാൻ പാർട്ടി ഏൽപ്പിച്ച വലിയ ദൗത്യവുമായി ആലത്തൂരിലേക്ക് പോകുന്നത്'- വികാരനിർഭരമായി രമ്യ പറഞ്ഞ ഈ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്.

അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസ് എന്ന പേര് ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് നടന്നു കയറിയത്. ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ പോരിനിറങ്ങുമ്പോൾ  ഇത് അവരുടെ പ്രവർത്തന മികവിന് കിട്ടിയ അംഗീകാരം കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com